നാടിനെ നേർവഴിക്ക് നയിക്കുന്നതിൽ റസിഡന്റ്‌സ് അസോസിയേഷനുകൾക്ക് നിർണായക പങ്കാണുള്ളത്. റസിഡന്റ്‌സ് അസോസിയേഷനുകളെ നിയമപരമായി വ്യവസ്ഥ ചെയ്യേണ്ട ഘട്ടമാണിത്. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി നിയമത്തിൽ റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷനുകൾ വേണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. അസോസിയേഷനുകൾ വ്യാപകമായാൽ സമൂഹത്തിൽ ഇന്നുകാണുന്ന പല ദുഷിപ്പുകളും അവസാനിപ്പിക്കാം. കുട്ടികൾ വഴിതെറ്റിപ്പോകുന്നതും യുവാക്കൾ മയക്കുമരുന്നിന് അടിമയാകുന്നതും പെൺകുഞ്ഞുങ്ങൾ ഉപദ്രവിക്കപ്പെടുന്നതും തടയാനാകും. അതിദാരിദ്ര്യ നിർമാർജനം, പാർപ്പിടസൗകര്യം ഒരുക്കൽ, മാലിന്യസംസ്കരണം, സംരംഭകത്വ വികസനം എന്നിങ്ങനെ തദ്ദേശഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പദ്ധതികളിൽ നേതൃപരമായ പങ്കുവഹിക്കാനും അസോസിയേഷനുകൾക്കാകും.