സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം ഉദ്യോഗസ്ഥതലത്തിൽ ചർച്ച നടന്നപ്പോൾ 13,608 കോടിയുടെ വായ്പയ്ക്ക് കേരളത്തിന് അർഹതയുണ്ടെന്ന് കേന്ദ്ര സർക്കാർ തന്നെ സമ്മതിച്ചതാണ്. കിഫ്ബി വായ്പയെ സംസ്ഥാന സർക്കാരിന്റെ കടമായാണ് കേന്ദ്രസർക്കാർ കണക്കാക്കിയിരിക്കുന്നത്. മുൻകാലങ്ങളിൽ ഇങ്ങനെയായിരുന്നില്ല. സംസ്ഥാനത്തിന് ജിഡിപിയുടെ മൂന്ന് ശതമാനമാണ് വായ്പയെടുക്കാൻ കഴിയുക. ജിഡിപി കണക്കാക്കിയതും തെറ്റായിട്ടാണെന്ന് കേരളം ചൂണ്ടിക്കാണിച്ചപ്പോൾ കേന്ദ്രത്തിന് അതും അംഗീകരിക്കേണ്ടി വന്നു.
വായ്പ എടുക്കാനുള്ള വിലക്ക് അവസാനിപ്പിച്ചാൽ സാമ്പത്തിക പ്രതിസന്ധി അവസാനിക്കും. എന്നാൽ കേസ് പിൻവലിക്കാനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ആവശ്യപ്പെടുന്നത്. സംസ്ഥാനത്തിന് അവകാശപ്പെട്ട കാര്യത്തിലാണ് കേന്ദ്ര സർക്കാർ ഈ നിലപാട് എടുത്തിരിക്കുന്നത്.
സംസ്ഥാനത്തിനെതിരെ കേന്ദ്ര സർക്കാർ അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെതിരെ യുഡിഎഫ് നേതാക്കൾ പ്രതികരിക്കുന്നില്ല. എങ്ങനെ സംസ്ഥാനത്തെ വിഷയവൃത്തത്തിലാക്കാമെന്നാണ് കോൺഗ്രസ് നേതാക്കൾ ചിന്തിക്കുന്നത്. ഇതിനെതിരായിരിക്കണം ലോക്‌സഭ തെരഞ്ഞെടുപ്പിലെ ജനവിധി. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലം ജനങ്ങൾ മനസിലാക്കും.