Skip to main content

നവകേരള സൃഷ്ടിയുമായി മുന്നോട്ടു പോകുമെന്ന എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി

ആരൊക്കെ എതിർത്താലും കളിയാക്കിയാലും നവകേരള സൃഷ്ടിയുമായി മുന്നോട്ടു പോകുമെന്ന എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് വ്യത്യസ്ത മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മുഖാമുഖം പരിപാടി. കോർപറേറ്റുകളുടെ കൊള്ളലാഭം ഉറപ്പിക്കാൻ സർക്കാരുകൾ നെട്ടോട്ടമോടുന്ന ഈ നവഉദാരനയത്തിന്റെ കാലത്ത് അവഗണിക്കപ്പെട്ടവരും അരികുവൽക്കരിക്കപ്പെട്ടവരുമായ ജനവിഭാഗത്തെ പ്രത്യേകമായി പരിഗണിച്ച് അവരുടെ ആവലാതി കേൾക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മുഖാമുഖം പരിപാടി നടത്തിയത്.

പിണറായി സർക്കാർ രൂപംകൊടുത്ത വിപുലവും വ്യത്യസ്തവുമായ പരിപാടികളിൽ ഏറ്റവും നൂതനമായിരുന്നു ഇത്. നവംബർ 18 മുതൽ ഒരു മാസത്തിലധികം നടന്ന നവകേരള സദസ്സിന്റെ തുടർച്ചയെന്നോണമാണ് മുഖാമുഖം പരിപാടി നടന്നത്. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും സംസ്ഥാന മന്ത്രിസഭ ഒന്നടങ്കം നേരിട്ടെത്തി ജനങ്ങളിൽനിന്ന്‌ പരാതി സ്വീകരിക്കുകയുണ്ടായി. പല പരാതികളും അവിടെ വച്ചുതന്നെ പരിഹരിച്ചു. അല്ലാത്തവ നിശ്ചിത കാലാവധിക്കകം പരിഹരിക്കാൻ സംവിധാനമുണ്ടാക്കി. നവകേരള സദസ്സിന്റെ ഭാഗമായി നടന്ന പ്രഭാതയോഗങ്ങളിലും മുഖ്യമന്ത്രി ജനങ്ങളെ കേട്ടിരുന്നു. സെക്രട്ടറിയറ്റിൽ ഇരുന്നു മാത്രമുള്ള ഭരണത്തിന് അന്ത്യമിട്ട് ജനങ്ങളിലേക്ക് ഭരണം ഇറങ്ങിവരുന്ന രീതിക്കാണ് എൽഡിഎഫ് സർക്കാർ തുടക്കമിട്ടത്. ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവർ അഭിമുഖീകരിക്കുന്ന പ്രത്യേകമായ വിഷയങ്ങൾ എന്തൊക്കെയെന്ന് കേൾക്കാനും മനസ്സിലാക്കാനും വേണ്ടിയായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്.

ഫെബ്രുവരി 18ന് കോഴിക്കോട് വിദ്യാർഥികളുമായി സംവദിച്ചുകൊണ്ട് ആരംഭിച്ച മുഖാമുഖം പരിപാടി ഈ മാസം മൂന്നിന്‌ കൊച്ചിയിലെ റസിഡന്റ്‌സ്‌ അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ മുഖാമുഖത്തോടെയാണ് സമാപിച്ചത്. വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖാമുഖങ്ങളും ഇനി നടക്കും. ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന മുസ്ലിം ജനവിഭാഗങ്ങളുമായുള്ള മുഖാമുഖം ഇതിലാദ്യത്തേതാണ്. യുവജനങ്ങൾ, പെൻഷൻകാർ, വയോജനങ്ങൾ, ഭിന്നശേഷി വിഭാഗം എന്നിവരുമായി തിരുവനന്തപുരത്തും വനിതകളുമായി എറണാകുളത്തും ദളിത്- ആദിവാസി വിഭാഗങ്ങളുമായി കണ്ണൂരിലും സാംസ്കാരിക രംഗത്തുള്ളവരുമായി തൃശൂരിലും തൊഴിൽമേഖലയിലുള്ളവരുമായി കൊല്ലത്തും കാർഷിക മേഖലയിലുള്ളവരുമായി ആലപ്പുഴയിലും ആണ് മുഖാമുഖം പരിപാടി നടന്നത്.

പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകളാണ് ഓരോ മുഖാമുഖത്തിനും എത്തിയത്. ഇതുവരെ ഒരു സർക്കാരും നൽകാത്ത അംഗീകാരമാണ് പിണറായി സർക്കാർ നൽകിയതെന്ന പൊതുവികാരമാണ് ഈ വിഭാഗം ജനങ്ങളിൽനിന്നുണ്ടായത്. നവ ഉദാരനയങ്ങളുടെ തിക്തഫലങ്ങൾ അനുഭവിക്കുകയും അതിന്റെ ഭാഗമായി അവഗണിക്കപ്പെടുകയും ചെയ്ത ജനവിഭാഗങ്ങളാണ് ഇതിലേറെയും. അതുകൊണ്ടുതന്നെ, ക്ഷേമകേരളത്തിന്റെ മാർഗരേഖയുമായി എൽഡിഎഫ് സർക്കാർ ഈ വിഭാഗം ജനങ്ങളെ സമീപിച്ചപ്പോൾ അവർ ആവേശത്തോടെ പങ്കെടുത്തു. സാധാരണക്കാർമുതൽ അതത് മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ചവർവരെ ഈ പരിപാടിയുടെ ഭാഗമായി. പല മുഖാമുഖങ്ങളിലും ക്രിയാത്മകമായ ഒട്ടേറെ നിർദേശങ്ങൾ ഉയർന്നുവരികയും അതിൽ സാധ്യമായവ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകുകയും ചെയ്തു. സ്വതന്ത്രവും ക്രിയാത്മകവുമായ പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കാൻ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന പ്രഖ്യാപനം അതിലൊന്നാണ്. ജെൻഡർ ഓഡിറ്റിങ് നടത്തുമെന്ന പ്രഖ്യാപനം മറ്റൊന്നാണ്. 2025നു മുമ്പ് ആദിവാസി, ദളിത് കുടുംബങ്ങൾക്കും വീടെന്ന പ്രഖ്യാപനവും ഉണ്ടായി. ജീവിതസായാഹ്നത്തിൽ ആരും ഒറ്റപ്പെടുന്നില്ലെന്ന ഉറപ്പും മുഖാമുഖം പരിപാടിയിൽ ഉയരുകയുണ്ടായി. തങ്ങളുടെ അഭിപ്രായങ്ങൾ നേരിട്ട് കേൾക്കാനൊരു സർക്കാർ ഇവിടെയുണ്ടെന്ന പൊതുവികാരമാണ് പങ്കെടുത്തവർ പ്രകടിപ്പിച്ചത്.

എൽഡിഎഫ് സർക്കാരും ഇടതുപക്ഷ പാർടികളും സംഘടനകളും നടത്തുന്ന എല്ലാ പരിപാടികളിലും വലിയ ജനപങ്കാളിത്തമാണ് ദൃശ്യമാകുന്നത്. നവകേരള സദസ്സിൽ മാത്രമല്ല, യാത്രയിലുടനീളം ബസിൽ സഞ്ചരിച്ച മന്ത്രിസഭാംഗങ്ങളെ കാണാൻ റോഡിന്റെ ഇരുവശവും വൻ ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് ന്യായമായും ലഭിക്കേണ്ട സാമ്പത്തികവിഹിതം നൽകാതെ പ്രതികാര മനോഭാവത്തോടെ പെരുമാറുന്നതിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും ഡൽഹിയിൽ സമരം നടത്തിയപ്പോൾ അതും വൻ വിജയമായി. ഡൽഹിയിലെയും പഞ്ചാബിലെയും മുഖ്യമന്ത്രിമാർ മാത്രമല്ല തമിഴ്‌നാട്, ജമ്മു -കശ്മീർ എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള രാഷ്ട്രീയ നേതാക്കളും പരിപാടിയിൽ പങ്കെടുത്തപ്പോൾ അതൊരു ദേശീയ ശ്രദ്ധയാകർഷിക്കുന്ന സംഭവമായി മാറി. സാമ്പത്തിക വിവേചനത്തിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചപ്പോൾ തമിഴ്നാട് സർക്കാർ ഉൾപ്പെടെ പിന്തുണയുമായി രംഗത്തെത്തി.

എന്നാൽ, എൽഡിഎഫ് സർക്കാരിനെതിരെ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും ബിജെപിയും നടത്തിയ സമരങ്ങളൊന്നും ജനശ്രദ്ധയാകർഷിച്ചില്ല. നവകേരള സദസ്സ് ആരംഭിച്ചപ്പോൾ അത് ധൂർത്താണെന്നും അശ്ലീല യാത്രയാണെന്നും കുറ്റപ്പെടുത്തി സർക്കാരിനെ ജനങ്ങൾക്കു മുമ്പിൽ വിചാരണ ചെയ്യാൻ കേരളമെങ്ങും വിചാരണ സദസ്സുകൾ ആരംഭിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. അത്തരമൊരു സദസ്സ് നടന്നോ എന്ന് ആർക്കും അറിയില്ല. സർക്കാരിനെ വിചാരണ ചെയ്യാൻ ജനങ്ങൾ തയ്യാറായില്ലെന്നു മാത്രമല്ല, യുഡിഎഫ് അണികളെപ്പോലും ആ പരിപാടിക്ക് കിട്ടിയില്ല. അതിനാൽ ആ പരിപാടി പാതിവഴിക്ക് ഉപേക്ഷിക്കാൻ കോൺഗ്രസ് നേതൃത്വം നിർബന്ധിതമായി. തുടർന്നാണ് സമരാഗ്നി സംഘടിപ്പിച്ചത്. വടക്കുനിന്നാരംഭിച്ച് തിരുവനന്തപുരംവരെ ഇവന്റ്‌ മാനേജ്മെന്റിന്റെ സഹായത്തോടെ പരിപാടി നടന്നെങ്കിലും സമരാഗ്നിക്ക് പകരം കെപിസിസി അധ്യക്ഷൻ കെ സുധാകരനും വി ഡി സതീശനും തമ്മിലുണ്ടായ തെറിവിളിയും പടലപ്പിണക്കവുമാണ് ജാഥയിലുടനീളം ദൃശ്യമായത്. അവസാനം ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കി സമാപനം നിർവഹിക്കേണ്ടി വന്നതിലുള്ള അമർഷം സുധാകരൻതന്നെ പ്രകടിപ്പിക്കുകയുമുണ്ടായി. ആ വിഷയത്തിൽപ്പോലും ഇരുനേതാക്കളും പരസ്യമായി ഏറ്റുമുട്ടി. കോൺഗ്രസിനെ വിശ്വാസത്തിലെടുക്കാൻ ജനങ്ങൾ തയ്യാറാകുന്നില്ലെന്നതിന്റെ തെളിവാണ് അവർ നടത്തുന്ന എല്ലാ പരിപാടികളും പൊളിയുന്നത്.

ഈ നിരാശയിൽനിന്നാണ് അക്രമസമരത്തിലേക്ക്‌ നീങ്ങാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകുന്നത്. വയനാട്ടിലെ പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തെ രാഷ്ട്രീയവൽക്കരിച്ച് കോൺഗ്രസും അവരുടെ വിദ്യാർഥി വിഭാഗമായ കെഎസ്‌യുവും യൂത്ത് കോൺഗ്രസും മഹിളാ കോൺഗ്രസും ചേർന്ന് തലസ്ഥാനത്തും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. കാഞ്ഞിരവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം മോർച്ചറിയിൽനിന്ന്‌ ബലം പ്രയോഗിച്ച് പുറത്തിറക്കി വലിച്ചിഴയ്‌ക്കുകയും അനാദരവ് കാട്ടുകയും ചെയ്ത നടപടിയും നാട്ടിൽ അരാജകത്വവും കലാപവും സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമായേ കാണാനാകൂ.

വെറ്ററിനറി സർവകലാശാല വിഷയത്തിൽ യഥാർഥ കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുകയല്ല മറിച്ച്, ജനവിശ്വാസം ആർജിച്ച് മുന്നോട്ടു പോകുന്ന സിപിഐ എമ്മിനെയും എൽഡിഎഫ് സർക്കാരിനെയും കരിവാരിത്തേച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാകുമോ എന്നാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഈ സംഭവവുമായി ബന്ധമുള്ള നാല് എസ്എഫ്‌ഐക്കാർക്കെതിരെ സംഘടന നടപടി സ്വീകരിച്ചിട്ടുണ്ട്. അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകുന്നുമുണ്ട്. കാടിറങ്ങുന്ന മൃഗങ്ങൾ നടത്തുന്ന മനുഷ്യവേട്ട തടയാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചുവരുന്നുണ്ട്. ദുരിതബാധിതരെ സഹായിക്കാനും സർക്കാർ തയ്യാറാകുന്നുണ്ട്. അതിനാൽ ഇത്തരം വിഷയങ്ങൾ രാഷ്ട്രീയവൽക്കരിച്ച് നേട്ടം കൊയ്യാൻ നടത്തുന്ന ശ്രമങ്ങളെ കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.