കോൺഗ്രസിൽ നിന്ന് ആര് എപ്പോൾ ബിജെപിയിലേക്ക് പോകുമെന്ന് പറയാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. കോൺഗ്രസ് ബിജെപിയായി മാറിക്കൊണ്ടിരിക്കുന്ന പ്രവണത ശക്തിപ്പെട്ട് വരികയാണ്. മറ്റ് സംസ്ഥാനങ്ങളിലുണ്ടായിരുന്ന രീതി കേരളത്തിലും വ്യാപിക്കുകയാണ്.
മതനിരപേക്ഷ ശക്തികൾക്ക് സ്വാധീനമുള്ള കേരളത്തിൽ പോലും കോൺഗ്രസിന് തങ്ങളുടെ പ്രവർത്തകരെ ഉറപ്പിച്ചു നിർത്താൻ സാധിക്കുന്നില്ല. ഇടതുപക്ഷത്തെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് ബിജെപിക്കൊപ്പം പ്രവർത്തിക്കുന്ന രീതിയാണ് കേരളത്തിലെ കോൺഗ്രസിനുള്ളത്. അതിന്റെ അനന്തരഫലമാണ് കഴിഞ്ഞ ദിവസങ്ങളിലുൾപ്പെടെ കണ്ടത്. ആര് എപ്പോൾ ബിജെപിയിലേക്ക് പോകുമെന്ന് പറയാൻ പറ്റാത്ത സാഹചര്യമാണ്. ആർഎസ്എസ് ശാഖകൾക്ക് കാവൽ നിന്നിട്ടുണ്ടെന്നു പറഞ്ഞ കെപിസിസി പ്രസിഡന്റാണ് ഇവിടെയുള്ളത്. പ്രതിപക്ഷ നേതാവിനും ആർഎസ്എസ് പരിപാടികളിൽ പങ്കെടുക്കുന്നതിന് പ്രശ്നമില്ല. കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ശേഷം മോദിയെ പ്രകീർത്തിക്കുന്നതാണ് കണ്ടത്. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ആരൊക്കെ പോകുമെന്ന് പറയാൻ പറ്റാത്ത സാഹചര്യമാണ്.
13 കോൺഗ്രസ് മുഖ്യമന്ത്രിമാർ ഇപ്പോൾ ബിജെപിയിലാണ്. 200ഒളം മുൻ കോൺഗ്രസ് എംഎൽഎമാരും എംപിമാരും ബിജെപിയിൽ ചേർന്നു. കോൺഗ്രസ് എപ്പോഴും ബിജെപിയിലേക്ക് മാറുന്ന സാഹചര്യമാണ്. 3 പിസിസി പ്രസിഡന്റുമാർ ബിജെപിയിലായി. മോദി കേരളത്തിൽ ബിജെപിക്ക് രണ്ടക്ക സീറ്റ് കിട്ടും എന്ന് പറഞ്ഞതിന്റെ പൊരുൾ ഇതാണ്. കോൺഗ്രസിന്റെ നേതൃനിരയിലുള്ള നിരവധിപേർ ഓരോ ദിവസവും ബിജെപിയിലേക്ക് പോവുകയാണ്.
വന്യമൃഗപ്രശ്നം കേരളത്തിൽ സജീവമായി നിൽക്കുന്ന സാഹചര്യത്തിൽ വന്യജീവികളുടെ അതിക്രമങ്ങൾ നേരിടുന്നതിന് ഗവൺമെന്റ് പ്രത്യക തീരുമാനങ്ങൾ മന്ത്രിസഭായോഗത്തിൽ എടുത്തിരുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന ഗവൺമെന്റിന്റെ പരിധിക്കകത്തു നിന്നുകൊണ്ട് പറ്റാവുന്ന കാര്യങ്ങൾ ചെയ്യുക എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കേന്ദ്രസർക്കാർ ഓർഡിനൻസോ പാർലമെന്റിൽ ഭേദഗതിയോ വരുത്തിക്കൊണ്ടു മാത്രമേ 1972ലെ വന്യജീവി സംരക്ഷണനിയമത്തിൽ മാറ്റം വരുത്താൻ സാധിക്കുകയുള്ളു. മലയോരമേഖലയിലെ ജനങ്ങളുടെ പ്രധാനപ്പെട്ട ആവശ്യം ഉപദ്രവകാരികളായ വന്യജീവികളെ വെടിവയ്ക്കാൻ അനുവദിക്കണമെന്നാണ്. അതിന് കേന്ദ്രം പുതിയ ഓർഡിനൻസ് കൊണ്ടുവരേണ്ടതുണ്ട്. കേരളത്തിൽ നിന്നുള്ള 18 പ്രതിപക്ഷ എംപിമാരും ഇതുമായി ബന്ധപ്പെട്ട് ഒരു കാര്യവും പറഞ്ഞിട്ടില്ല. സംസ്ഥാനസർക്കാരിനെതിരെ നിരന്തരമായി ആരോപണം ഉന്നയിക്കുക എന്നതല്ലാതെ ഈ വകുപ്പ് യഥാർഥത്തിൽ കൈകാര്യം ചെയ്യുന്ന കേന്ദ്രസർക്കാരിനെതിരെ ഒരക്ഷരം പറയാൻ പ്രതിപക്ഷം തയാറല്ല. ഇടതുപക്ഷ എംപിമാരാണ് ഈ കാര്യം ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. കേരള സർക്കാർ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ പദ്ധതി ആസൂത്രണം ചെയ്ത് കേന്ദ്രത്തിന് അയച്ചിട്ടുള്ളതാണ്. ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. സംസ്ഥാനസർക്കാർ മനുഷ്യവന്യജീവി സംഘർഷമുള്ള മേഖല കണ്ടെത്തി പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കുന്ന സ്ഥിതി ഇപ്പോഴുണ്ട്. ആ സന്ദർഭത്തിലാണ് മൃതദേഹം ഉപയോദിച്ച് രാഷ്ട്രീയ ലക്ഷ്യം നടത്തുന്നത്. 118 കോടി കിഫ്ബി വഴി അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.
അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട ഫയലുകൾ കാണാനില്ല എന്ന വാർത്ത ഗൗരവമുള്ളതാണ്. ഇക്കാര്യം കൃത്യമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. വിചാരണ തുടങ്ങാനിരിക്കെയാണ് രേഖകൾ നഷ്ടപ്പെടുന്നത്. 2022ൽ തന്നെ രേഖകൾ കാണാതായെന്നാണ് മാധ്യമങ്ങൾപറയുന്നത്. ആരാണോ ഉത്തരവാദി അവരെ കണ്ടെത്തി നടപടി സ്വീകരിക്കുകയാണ് വേണ്ടത്. വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലുണ്ടായ വിഷയത്തിൽ മുഖം നോക്കാതെ ആവശ്യമായ നടപടിയെടുക്കണം എന്നുതന്നെയാണ് നിലപാട്. വിവിധ സംഘടനകളിൽ പെട്ടവർ ഇതിലുണ്ട്. എസ്എഫ്ഐയും ഇതിലുൾപ്പെട്ടിട്ടുണ്ട് എന്നാണ് കണ്ടത്. മുഖം നോക്കാതെ സർക്കാർ ഈ വിഷയത്തിൽ നടപടിയെടുക്കും.