സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ ചമയുന്ന കോൺഗ്രസുകാർ, കേരളത്തിൽ നടത്തിയ കൂട്ടക്കൊലയിൽ രക്തസാക്ഷികളായ ചീമേനിയിലെ രണധീരരുടെ ഓർമ ദിനമാണ് മാർച്ച് 23. ത്യാഗത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകങ്ങളായി ജനമനസ്സുകളിൽ അവർ നിറഞ്ഞു നിൽക്കുന്നു. സഖാക്കൾ കെ വി കുഞ്ഞിക്കണ്ണൻ, പി കുഞ്ഞപ്പൻ, ആലവളപ്പിൽ അമ്പു, സി കോരൻ, എം കോരൻ.എന്നിവരാണ് ആ ധീര സഖാക്കൾ.
1987 മാർച്ച് 23 നാണ് കോൺഗ്രസ് ഗുണ്ടാസംഘങ്ങൾ ചീമേനിയിലെ സിപിഐ എം ഓഫീസിനു തീവച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം ചീമേനിയിലെ പാർട്ടി ഓഫീസിൽ പ്രവർത്തകർ വോട്ടുകണക്ക് പരിശോധിക്കുകയായിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ള അറുപതോളം പേരാണ് ഓഫീസിൽ ഉണ്ടായിരുന്നത്. ആ സമയം അടുത്തുള്ള കോൺഗ്രസ് ഓഫീസിൽനിന്ന് ആയുധങ്ങളുമായി ഒരുകൂട്ടം അക്രമികൾ പാർട്ടി ഓഫീസിലേക്ക് ഇരച്ചുകയറി. കൈയിൽ കടലാസും പേനയുമായി നിന്ന സഖാക്കൾക്ക് പെട്ടെന്നുള്ള ആക്രമണം ചെറുക്കാൻ കഴിയുമായിരുന്നില്ല. ചിലർ ഓടി. മറ്റുള്ളവർ പാർട്ടി ഓഫീസിനകത്ത് അഭയംതേടി. വാതിലും ജനലുകളും അടച്ചു. അക്രമികൾ ഓഫീസ് തല്ലിത്തകർക്കാൻ തുടങ്ങി. വാതിൽ തകർക്കുന്നത് അകത്തുള്ള സഖാക്കൾ തടഞ്ഞു.അക്രമികൾ ജനലഴികൾ അറുത്തുമാറ്റി കല്ലുകളും കുപ്പിച്ചില്ലുകളും അകത്തേക്കെറിഞ്ഞു. അഴിഞ്ഞാടിയ കോൺഗ്രസുകാർ പുരമേയാൻ വച്ചിരുന്ന പുല്ലിൻകെട്ടുകൾ കൊണ്ടുവന്ന് ജനലുകൾ വഴി അകത്തേക്കിട്ട് പെട്രോളും മണ്ണെണ്ണയുമൊഴിച്ച് തീകൊളുത്തി. നിമിഷങ്ങൾക്കകം പാർട്ടി ഓഫീസ് അഗ്നിഗോളമായി. ഒന്നുകിൽ അകത്ത് വെന്തുമരിക്കണം, അല്ലെങ്കിൽ നരഭോജികളുടെ മുന്നിലേക്ക് ഇറങ്ങിച്ചെല്ലണം. കമ്യൂണിസ്റ്റ് ധീരതയുടെ പ്രതീകമായി മാറിയ സഖാക്കൾ തീരുമാനിച്ചു, എല്ലാവരും ഒരുമിച്ച് കൊലചെയ്യപ്പെട്ടുകൂടാ. ചിലരെങ്കിലും ശേഷിക്കണം. ആലവളപ്പിൽ അമ്പുവാണ് ആദ്യം പുറത്തുചാടിയത്. അക്രമികൾ ചാടിവീണു. നിമിഷങ്ങൾക്കകം കുത്തിയും വെട്ടിയും കൊലപ്പെടുത്തി. സ്വന്തം അച്ഛൻ കൊലചെയ്യപ്പെടുന്നത് നേരിട്ടുകണ്ട് അമ്പുവിന്റെ മക്കൾ കുമാരനും ഗംഗാധരനും ഓഫീസിനകത്ത് കത്തിക്കൊണ്ടിരിക്കുന്ന തീയുടെ നടുവിൽ വിങ്ങിപ്പൊട്ടുകയായിരുന്നു. പിന്നാലെ പുറത്തുചാടിയ ചാലിൽ കോരനെ വലതു കൈ അറുത്തുമാറ്റിയശേഷം കൊലചെയ്തു. പി കുഞ്ഞപ്പനെ, ഘാതകർ തല തല്ലിപ്പൊളിച്ചു. പാർട്ടി ഓഫീസിന്റെ പിന്നിലേക്ക് വലിച്ചിഴച്ച് പുല്ലിൽ പൊതിഞ്ഞ് തീയിട്ടുകൊന്നു. തുടർന്ന് പുറത്തു ചാടിയ എം കോരനെ അക്രമികൾ കാലുകൾ വെട്ടി മുറിച് വീഴ്ത്തിയ ശേഷം കുത്തി കൊലപ്പെടുത്തി. കൊലചെയ്യപ്പെടുമെന്ന ധാരണയിൽ തന്നെ ഓഫീസിനകത്തുണ്ടായിരുന്നവർ പുറത്തേക്ക് ചാടി ഓടി. ഗുണ്ടാ സംഘം പിന്തുടർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചു , പരിക്കേറ്റ പലരെയും മരിച്ചെന്ന ധാരണയിൽ ഉപേക്ഷിക്കുകയായിരുന്നു. സഖാവ് കെ വി കുഞ്ഞിക്കണ്ണനെ ബസ് സ്റ്റോപ്പിൽ വച്ച് അമ്മിക്കല്ല് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി .
സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ ചമയുന്ന കോൺഗ്രസുകാർ കേരള ചരിത്രത്തിലെ ഏറ്റവും പൈശാചികമായ കൂട്ടക്കൊലയാണ് 1987 മാർച്ച് മാസം 23-ാം തീയതി ചീമേനിയിൽ നടത്തിയത് . ഇതിലൂടെ സിപിഐ എമ്മിനെയും ഇടതുപക്ഷത്തേയും തകർക്കാൻ കഴിയും എന്ന് കണക്കു കൂട്ടിയവർക്ക് മുന്നിൽ ചീമേനിയിൽ രക്തപതാക ഉയരത്തിൽ പാറുകയാണ്.