Skip to main content

സാമ്പത്തിക അവകാശങ്ങളും ഭരണഘടന ആശയങ്ങളും സംരക്ഷിക്കാൻ കേരള ജനത നടത്തിയ പോരാട്ടങ്ങളെ കോൺഗ്രസും യുഡിഎഫും പിന്നിൽനിന്ന്‌ കുത്തി

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി ഏപ്രിൽ 19ന് തെരഞ്ഞെടുപ്പ് നടക്കുന്ന 102 മണ്ഡലങ്ങളിലേക്കുള്ള നാമനിർദേശപത്രികാ സമർപ്പണം പൂർത്തിയായിരിക്കുന്നു. കേരളം ഉൾപ്പെടെ രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയക്ക് തുടക്കമാകുകയും ചെയ്തു. ഈ ഘട്ടത്തിലെ തെരഞ്ഞെടുപ്പ് ചിത്രം അവലോകനം ചെയ്യുമ്പോൾ ഉറപ്പിച്ച് പറയാവുന്ന ഒരു കാര്യം ബിജെപി നേതൃത്വത്തിലുള്ള എൻഡിഎക്ക് മൂന്നാമതും ഭരണം നേടുക പ്രയാസകരമാണെന്നാണ്. 400 സീറ്റിലധികം നേടാനാകുമെന്ന പ്രധാനമന്ത്രി മോദിയുടെ ആവർത്തിച്ചുള്ള പ്രഖ്യാപനം സ്വന്തം കേഡർമാരെയും പ്രവർത്തകരെയും കൂടെ നിർത്താനുള്ള മനഃശാസ്ത്രയുദ്ധം മാത്രമാണെന്ന് ഓരോ ദിവസം കഴിയുന്തോറും ബോധ്യപ്പെടുകയാണ്.

കഴിഞ്ഞ രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽനിന്നും വ്യത്യസ്തമായി എൻഡിഎക്ക് പ്രതികൂലമായ ഏറെ ഘടകങ്ങൾ ഇക്കുറിയുണ്ട്. അതിൽ ഏറ്റവും പ്രധാനം ഇലക്ടറൽ ബോണ്ട് അഴിമതിയാണ്. ബിജെപിയുടെ അഴിമതിവിരുദ്ധ മുഖംമൂടിയാണ് ഇതിലൂടെ വലിച്ചുകീറപ്പെട്ടത്. വഴിവിട്ട നീക്കങ്ങളിലൂടെ കോർപറേറ്റുകൾക്ക് ലാഭം കുന്നുകൂട്ടാൻ അവസരമൊരുക്കി. പ്രത്യുപകാരമായി കോർപറേറ്റുകളിൽനിന്ന്‌ വൻതുക കൈക്കൂലിയായി ബിജെപി പറ്റിയെന്ന് പൊതുജനത്തിന് ബോധ്യപ്പെട്ടു. സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടർന്നാണ് എസ്ബിഐ ഇലക്ടറൽ ബോണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവിട്ടത്. കോർപറേറ്റുകൾ കൈക്കൂലിയായി നൽകിയ പണം ഉപയോഗിച്ചാണ് എംഎൽഎമാരെ വിലയ്‌ക്കുവാങ്ങി പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിച്ചതും പ്രതിപക്ഷ പാർടികളെ പിളർത്തിയതെന്നതും പകൽപോലെ വ്യക്തമായിരിക്കുകയാണ്. ജനാധിപത്യമാണ് ഇവിടെ കുരിശിലേറ്റപ്പെടുന്നത്. ബിജെപിയുടെ ഈ മെഗാ അഴിമതി തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമായി മാറിയിരിക്കുകയാണ്. ബിജെപിയെ വേട്ടയാടുന്ന ബൊഫോഴ്സായി ഇലക്ടറൽ ബോണ്ട് അഴിമതി മാറി.

ഇതിൽനിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടാനാണ് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്തതും ജയിലിലടച്ചതും. തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നതിനുശേഷമാണ് കെജ്‌രിവാളിന്റെ അറസ്റ്റ്. സ്വതന്ത്രവും നീതിപൂർവകവുമായ വോട്ടെടുപ്പ് ഉറപ്പുവരുത്തേണ്ട തെരഞ്ഞെടുപ്പ് കമീഷൻ ഇക്കാര്യത്തിൽ പുലർത്തുന്ന മൗനം ദുരൂഹമാണ്. എന്നാൽ, മദ്യനയ അഴിമതിക്കേസിൽ പ്രതിയായി നേരത്തേ ജയിൽവാസം അനുഭവിച്ച അരബിന്ദോ ഫാർമ ഉടമ ശരത്ചന്ദ്ര റെസ്സിയിൽനിന്ന്‌ അറുപത്‌ കോടിയോളം രൂപ ബിജെപി കൈപ്പറ്റിയതായി ഇലക്ടറൽ ബോണ്ട് സംബന്ധിച്ച് എസ്ബിഐ രേഖകൾ വെളിപ്പെടുത്തി. കെജ്‌രിവാൾ പണം വാങ്ങിയെന്നതിന് ഇതുവരെയും തെളിവ് നൽകാൻ ഇഡിക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ, മദ്യനയ അഴിമതിക്കേസിൽ പ്രതിയായ വ്യക്തിയിൽനിന്ന്‌ ബിജെപി പണം വാങ്ങിയതിന് വ്യക്തമായ തെളിവ് ലഭിച്ചിരിക്കുന്നു. എന്നിട്ടും പ്രതിയും പ്രതിയിൽനിന്ന്‌ പണം വാങ്ങിയ ബിജെപി നേതൃത്വവും ചോദ്യംചെയ്യലിന് വിധേയരാകുകയോ അറസ്റ്റിലാകുകയോ ചെയ്യപ്പെടുന്നില്ല. കെജ്‌രിവാളാകട്ടെ ജയിലിലും. ബിജെപിയുടെ ഈ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയും. യഥാർഥ അഴിമതിക്കാരെ സംരക്ഷിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്ന മോദി സർക്കാരിന് ഇന്ത്യയുടെ മുന്നറിയിപ്പായി മാർച്ച് 31ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ നടക്കുന്ന റാലി മാറും. മോദി സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടെന്ന വ്യക്തമായ സന്ദേശമായിരിക്കും രാംലീല മൈതാനിയിലെ റാലിയിൽ ഉയരുക. ഇന്ത്യ കൂട്ടായ്മയിലെ പ്രമുഖ നേതാക്കളെല്ലാംതന്നെ റാലിയിൽ പങ്കെടുക്കും. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഡൽഹിയിലെ ഏഴ് സീറ്റും നേടിയ ബിജെപിക്ക് ഇക്കുറി അതിന് കഴിയില്ലെന്ന് വ്യക്തം.

കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിൽനിന്നും വ്യത്യസ്തമായി ഇന്ത്യ എന്ന കൂട്ടായ്മ ഏതാനും ചില സംസ്ഥാനങ്ങളിലൊഴിച്ച് ബിജെപിയെ ഒറ്റക്കെട്ടായി നേരിടുന്ന സ്ഥിതി സംജാതമായിട്ടുണ്ട്. ഉത്തർപ്രദേശ്, തമിഴ്നാട്, ഹരിയാന, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സീറ്റുകളെക്കുറിച്ച് ധാരണയായി. ബിഹാറിലും മഹാരാഷ്ട്രയിലും ഉടൻതന്നെ ധാരണ നിലവിൽ വരും. അതായത്, മുന്നൂറിലധികം സീറ്റിൽ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടലിനാണ് സാധ്യത തുറക്കുന്നത്. ഇത് ബിജെപിയുടെ കോട്ടകളിൽ വിള്ളലുണ്ടാക്കുമെന്നുറപ്പ്.

ഇതുവരെയുള്ള രാഷ്ട്രീയ സ്ഥിതിഗതികൾ പരിശോധിച്ചാൽ ഹരിയാന, ഡൽഹി, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിക്ക് സീറ്റ് കുറയുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഹരിയാനയിലെ ജാട്ട് സമുദായം ബിജെപിക്കെതിരെ തിരിഞ്ഞത് അവരുടെ ഉറക്കംകെടുത്തുകയാണ്. താങ്ങുവില ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തിനെതിരെയുള്ള ബിജെപിയുടെ നിലപാട്, അഗ്നിവീർ പദ്ധതി, ഗുസ്തിതാരങ്ങളെ പീഡിപ്പിച്ച ബിജെപി എംപിയെ സംരക്ഷിക്കുന്ന നിലപാട് എന്നിവയാണ് ഈ രോഷത്തിന് കാരണം. ഇത്‌ തണുപ്പിക്കാനായി മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറെ മാറ്റിയെങ്കിലും പ്രതീക്ഷിച്ച ഫലം ഉണ്ടാകുന്നില്ലെന്നാണ് ഹരിയാനയിൽനിന്നുള്ള മാധ്യമവാർത്തകൾ സൂചിപ്പിക്കുന്നത്. പകുതിയോളം സീറ്റിൽ ബിജെപി വെള്ളംകുടിക്കുമെന്നാണ് റിപ്പോർട്ട്. ബിജെപിയുടെ കോട്ടയായ ഗുജറാത്തിൽപ്പോലും സ്ഥാനാർഥികൾ മത്സരിക്കാനില്ലെന്നു പറഞ്ഞ് പിന്മാറുന്ന കാഴ്ച മോദി–-ഷാ നേതൃത്വത്തെ കുറച്ചൊന്നുമല്ല അമ്പരപ്പിക്കുന്നത്.

മഹാരാഷ്ട്രയിൽ ബിജെപിക്ക് കനത്ത തിരിച്ചടി ഉണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മോദിയും ഷായും ചേർന്ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയെയും ശരദ് പവാറിന്റെ എൻസിപിയെയും ഭിന്നിപ്പിച്ച് ഭരണം കവർന്നെടുത്ത രീതിയോട് മഹാരാഷ്ട്രയിലെ ജനങ്ങൾ യോജിക്കുന്നില്ല. പാർടികളെ പിളർത്തുക മാത്രമല്ല അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾപോലും കവർന്നെടുത്തെന്ന വികാരവും ശക്തമാണ്. അജിത് പവാറിന്റെ എൻസിപിയിലും ഷിൻഡെയുടെ ശിവസേനയിലും എംഎൽഎമാർ മാത്രമേയുള്ളൂ. ആ പാർടികളുടെ കേഡർമാരോ പ്രവർത്തകരോ അണിചേർന്നിട്ടില്ലെന്നതാണ് യാഥാർഥ്യം. ഇതിനാലാണ് ഒരു ജനകീയ അടിത്തറയും ഇല്ലാത്ത രാജ് താക്കറെയുടെ പാർടിയെ അമിത് ഷാ എൻഡിഎയുടെ ഭാഗമാക്കിയത്. രാജ് താക്കറെയുടെ എൻഡിഎ പ്രവേശം ഷിൻഡെ വിഭാഗത്തെ അസ്വസ്ഥമാക്കിയിരിക്കുകയാണ്. വടക്കേ ഇന്ത്യക്കാരെ തുടർച്ചയായി അവഹേളിക്കുകയും അവർക്കെതിരെ വിദ്വേഷ പ്രസ്താവനകൾ നടത്തുകയും ചെയ്ത രാജ് താക്കറെയെ ബിജെപി സഖ്യത്തിൽ ഉൾപ്പെടുത്തിയത് ഉത്തർപ്രദേശിൽ എസ്‌പിയും ബിഹാറിൽ ആർജെഡിയും തെരഞ്ഞെടുപ്പ് വിഷയമാക്കിയത് ആ മേഖലയിൽ ബിജെപി വോട്ടുകൾ ചോരാനും കാരണമായേക്കാം.

ബിഹാറിലും എൻഡിഎയുടെ സ്ഥിതി കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വളരെ മോശമാണ്. നിതീഷ് കുമാറിന്റെ കാലുമാറ്റം അദ്ദേഹത്തിന്റെ പ്രതിഛായ ഇടിച്ചു. പശുപതി കുമാർ പരസിന്റെ രാഷ്ട്രീയ ലോക് ജനശക്തി പാർടി എൻഡിഎ സഖ്യത്തിൽനിന്ന്‌ പുറത്തായതും സഖ്യത്തെ ക്ഷീണിപ്പിക്കും. എൻഡിഎയുടെ ഭാഗമെങ്കിലും ഐക്യജനതാദളും ചിരാഗ് പസ്വാന്റെ എൽജെപിയും തമ്മിലുള്ള രഹസ്യപോര് സഖ്യത്തെ തളർത്തുകയാണ്. ഒഡിഷയിൽ ബിജെഡിയുമായും പഞ്ചാബിൽ അകാലി ദളുമായും സഖ്യം സ്ഥാപിക്കാനുള്ള ബിജെപിയുടെ ശ്രമം പരാജയപ്പെടുകയും ചെയ്തു. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും സഖ്യത്തെക്കുറിച്ച് ചിന്തിക്കാതിരുന്ന ബിജെപി ഇക്കുറി സഖ്യകക്ഷികളെ തേടി അലയുന്നതുതന്നെ അവരുടെ സ്ഥിതി മോശമാണെന്നതിനുള്ള തെളിവാണ്.

കേരളത്തിലാകട്ടെ ബിജെപിക്ക് പ്രതീക്ഷിക്കാനൊന്നുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ട് നിലനിർത്തുകതന്നെ വിഷമകരമാണ്. അവർക്ക് ആകെയുള്ള പ്രതീക്ഷ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിലാണ്. കേരളത്തിൽ കോൺഗ്രസിന് ബിജെപിയല്ല, സിപിഐ എമ്മാണ് മുഖ്യശത്രു. സംസ്ഥാന സർക്കാരും എൽഡിഎഫും കേരളത്തിനുവേണ്ടി നടത്തിയ സമരങ്ങളിൽപ്പോലും യുഡിഎഫ് ഭാഗഭാക്കായില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക അവകാശങ്ങൾക്കുവേണ്ടിയും മതനിരപേക്ഷതയും ജനാധിപത്യവും ഉൾപ്പെടെ ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന ആശയങ്ങൾ സംരക്ഷിക്കാനും കേരള ജനത നടത്തിയ പോരാട്ടങ്ങളെ പിന്നിൽനിന്ന്‌ കുത്തുകയാണ് കോൺഗ്രസും യുഡിഎഫും ചെയ്തത്. ഇത് മനസ്സിലാക്കിയ ജനങ്ങൾ എൽഡിഎഫിനെ വൻതോതിൽ പിന്തുണയ്‌ക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. പ്രചാരണരംഗത്ത് എൽഡിഎഫ് ഏറെ മുന്നിലാണ്. യുഡിഎഫിനെ കാത്തിരിക്കുന്നത് കനത്ത പരാജയമാണ്.
 

കൂടുതൽ ലേഖനങ്ങൾ

തനിക്കെതിരായി നടക്കുന്ന ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി

തനിക്കെതിരായി നടക്കുന്ന ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിൽ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.

മെയ് ദിനം നീണാൾ വാഴട്ടെ

സ. പിണറായി വിജയൻ

ഇന്ന് മെയ് ദിനം. മുതലാളിത്ത വ്യവസ്ഥയിൽ അന്തർലീനമായ ചൂഷണവും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലും ഇല്ലാതാക്കി തുല്യതയിൽ പടുത്തുയർത്തിയ ഒരു പുത്തൻ സാമൂഹികക്രമം സാധ്യമാണെന്ന ഓർമപ്പെടുത്തലാണ് ഏതൊരു മെയ് ദിനവും.

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം ഓർമ്മപ്പെടുത്തുന്നത്

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്.

ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയ ശോഭാസുരേന്ദ്രൻ, കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ സ. ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു

പാർടിയേയും തന്നെയും അധിക്ഷേപിക്കുന്നതിന് വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയ ബിജെപി നേതാവ്‌ ശോഭാസുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ സ. ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു.