തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. പ്രാദേശിക തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയത്തിലാണ് കോൺഗ്രസ് ഗുണ്ടാസംഘം കൊലപാതകം ആസൂത്രണം ചെയ്തത്. മൂന്ന് പതിറ്റാണ്ടോളം പട്ടർലപ്പാട്ട് ഗ്രാമത്തിലെ സർപഞ്ചായിരുന്ന അദ്ദേഹം ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള നേതാവായിരുന്നു. അതിൽ വിറളിപൂണ്ട കോൺഗ്രസ് അദ്ദേഹത്തെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ജനകീയരായ നേതാക്കളെയും പ്രവർത്തകരെയും കൊന്നുതള്ളി ജനാധിപത്യം അട്ടിമറിക്കാമെന്ന വികലചിന്തയാണ് ഇത്തരം ഹീനകൃത്യങ്ങൾക്ക് പിന്നിൽ. കൊലക്കത്തി രാഷ്ട്രീയത്തിൽ നിന്നും പിന്മാറാൻ കോൺഗ്രസ് തയ്യാറാകണം.
രാമറാവുവിനെ ക്രൂരമായി കൊലപ്പെടുത്തിയവരെയും പിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിന് മുന്നിലെത്തിക്കാനും തക്കതായ ശിക്ഷ ഉറപ്പാക്കാനും തെലങ്കാന സർക്കാർ തയ്യാറാകണം. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് മുന്നിൽ അനുശോചനം രേഖപ്പെടുത്തുന്നു. സഖാക്കളുടെയും കുടുംബാംഗങ്ങളുടെയും വേദനയിൽ പങ്കുചേരുന്നു.







