Skip to main content

കേരളത്തോട് വി ഡി സതീശന് എന്തിനാണിത്ര പക? കേരളം ദ്രോഹിക്കപ്പെടുമ്പോൾ അദ്ദേഹം എന്തിനാണ് ആഹ്ലാദം കൊണ്ട് തുള്ളിച്ചാടുന്നത്?

തന്നെ ചരിത്രം എങ്ങനെ വിലയിരുത്തണമെന്നാവും നമ്മുടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആഗ്രഹിക്കുക? കേരളത്തിന് ദ്രോഹമോ ദോഷമോ സംഭവിച്ചു എന്നു കേൾക്കുമ്പോൾ എന്തൊരു ആനന്ദമാണ് അദ്ദേഹത്തിന്. കേരളം ദ്രോഹിക്കപ്പെടുമ്പോൾ ഒരുതരം ക്രൂരമായ സംതൃപ്തിയാണ് അദ്ദേഹത്തിന്. അത്രയും പക അദ്ദേഹത്തിന് കേരളീയരോട് തോന്നാൻ എന്താണ് കാരണം?

സംസ്ഥാനങ്ങളുടെ വായ്പാപരിധി സംബന്ധിച്ച് കേന്ദ്രസർക്കാരിനെതിരെ കേരളം സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണല്ലോ. അന്തിമതീർപ്പിന് കേസ് ഭരണഘടനാബെഞ്ചിന് വിട്ടിരിക്കുകയാണ്. ആ വിധിയെ തെറ്റായി വ്യാഖ്യാനിച്ച് ആഹ്ളാദിക്കുകയാണ് പ്രതിപക്ഷ നേതാവും കൂട്ടരും. കേരളം മുന്നോട്ടുവെച്ച ഫെഡറൽ ധന അവകാശങ്ങൾ സുപ്രിംകോടതി തള്ളി എന്ന അനുമാനത്തിലാണ് ആഹ്ളാദം അണപൊട്ടുന്നത്. എന്തൊരു മാനസികാവസ്ഥയാണിത്?

ഈ കേസിൽ കേരളം എങ്ങനെയാണ് തോറ്റു എന്ന നിഗമനത്തിലെത്താനാവുക? കേരളം ഉന്നയിച്ച വിഷയത്തിൽ ഭരണഘടനാപരമായ തീർപ്പാണ് വേണ്ടത് എന്നാണ് സുപ്രിംകോടതി വിധി. വിഷയം ഗൌരവമുള്ളതാണ് എന്നല്ലേ അതിൻ്റെ അർത്ഥം? അല്ലെങ്കിൽ കേസ് തള്ളുമായിരുന്നല്ലോ. കേന്ദ്രം പറയുന്നതാണ് ശരിയെങ്കിൽ, കേരളത്തിന്റെ ഹർജി തള്ളി കേന്ദ്രത്തിന് അനുകൂലമായി വിധി പറഞ്ഞാൽപ്പോരായിരുന്നോ? അതല്ലല്ലോ സംഭവിച്ചത്? പിന്നെന്തിനാണ് കേരളം തോറ്റേ എന്നാർത്തുവിളിച്ച് സതീശനും കൂട്ടരും തുള്ളിച്ചാടുന്നത്?

കേരളത്തിന് അർഹമായ 13,608 കോടി രൂപ തടഞ്ഞുവെച്ച മോദി സർക്കാരിൻ്റെ മുഷ്കിനോട് സുപ്രിംകോടതി എടുത്ത സമീപനം എന്തായിരുന്നു? കേരളം ഈ ആവശ്യം ഉന്നയിച്ചപ്പോഴൊക്കെ പരിഹാസവും അപഹാസവുമായിരുന്നു കേന്ദ്രത്തിൻ്റെ സമീപനം. അതിനു കൈയടിക്കുകയായിരുന്നു സതീശനും സംഘവും.

നാം സുപ്രിംകോടതിയെ സമീപിച്ചതോടെ കേന്ദ്രത്തിന് നിലപാട് മാറ്റേണ്ടി വന്നു. ചോദിച്ചത് സംസ്ഥാനത്തിൻ്റെ അവകാശമാണെന്ന് അവർക്ക് അംഗീകരിക്കേണ്ടി വന്നു. എന്നിട്ടും മുഷ്കിന് കുറവൊന്നുമുണ്ടായില്ല. പിടിച്ചത് മൂന്നു കൊമ്പുള്ള മുയലു തന്നെയെന്ന മുട്ടാപ്പോക്കിൽത്തന്നെയായിരുന്നു നിൽപ്പ്. അവസാന കൈയെന്ന നിലയിൽ എന്താണ് കേരളത്തോട് ആവശ്യപ്പെട്ടത്? പണം കൊടുക്കേണ്ടി വരും എന്ന ഘട്ടം വന്നപ്പോഴോ, കേസ് പിൻവലിച്ചിട്ടു വന്നാലേ പണം തരൂ എന്നായി ‘ചെക്ക്’.

ആ സമീപനവും സുപ്രിംകോടതിയുടെ രൂക്ഷവിമർശനം ക്ഷണിച്ചു വരുത്തി. അനീതിയ്ക്കെതിരെ കോടതിയെ സമീപിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ലെന്ന് കേന്ദ്രസർക്കാരിനെ സുപ്രിംകോടതി ഓർമ്മിപ്പിച്ചു. കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടിയെന്ന് സകല മാധ്യമങ്ങൾക്കും റിപ്പോർട്ടു ചെയ്യേണ്ടി വന്നു.

ഫെഡറൽ മൂല്യങ്ങളെ തരിമ്പും വകവെയ്ക്കാതെ കേന്ദ്രം കാണിച്ച മാടമ്പി മനോഭാവത്തെക്കുറിച്ചോ, അതിന് സുപ്രിംകോടതിയിൽ നിന്നേറ്റ പ്രഹരത്തെക്കുറിച്ചോ കമാ എന്നൊരക്ഷരം മിണ്ടാതെ ഏതോ മാളത്തിൽ ഒളിക്കുകയാണ് വി ഡി സതീശൻ ചെയ്തത്.

കേരളത്തിൻ്റെ ഹർജിയ്ക്ക് ഭരണഘടനാ ബെഞ്ച് തീർപ്പു കൽപ്പിക്കട്ടെയെന്ന വിധിയുണ്ടായപ്പോൾ ദുർവ്യാഖ്യാനങ്ങളുമായി മാളത്തിൽ നിന്ന് പുറത്തു ചാടിയിരിക്കുകയാണ് അദ്ദേഹം. എന്നിട്ട് കേരളം തോറ്റേ എന്ന് തുള്ളിക്കളിക്കുന്നു. കേരളം വി ഡി സതീശനോട് എന്ത് ദ്രോഹമാണ് ചെയ്തത്?

അദ്ദേഹത്തിൻ്റെ മുന്നണിയെയും പാർടിയെയും തുടർച്ചയായി പ്രതിപക്ഷത്ത് ഇരുത്തിയ ജനങ്ങളെ സംഘപരിവാറിനൊപ്പം ചേർന്ന് ക്രൂശിച്ചു കളയാമെന്ന മൂഢസ്വർഗത്തിലാണ് വി ഡി സതീശൻ.

എന്താണ് സുപ്രിംകോടതി വിധിയുടെ അന്തസത്ത?

ഒന്ന്, കേരളം നൽകിയ കേസിൽ കാര്യമുണ്ട് എന്ന് സുപ്രിംകോടതി അംഗീകരിച്ചു. ഭരണഘടനാ ബെഞ്ച് തീർപ്പുണ്ടാക്കേണ്ട ഗൌരവം ആ കേസിനുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 293 പ്രകാരം സംസ്ഥാനങ്ങൾക്ക് ബജറ്റ് നിർദ്ദേശമനുസരിച്ച് വായ്പയെടുക്കുന്നതിനുള്ള അധികാരമുണ്ടോ എന്നതാണ് നാമുയർത്തിയ കാതലായ ചോദ്യം.

അങ്ങനെയൊരു അധികാരം സംസ്ഥാനങ്ങൾക്കില്ലെന്നാണ് നാം ഇന്നോളം കേട്ട മറുപടി. സംസ്ഥാനങ്ങളുടെ ചെവിയ്ക്കു പിടിക്കാൻ ഈ വ്യവസ്ഥ കേന്ദ്രസർക്കാരിന് പൂർണ അധികാരം നൽകുന്നു എന്നാണ് പണ്ഡിതനാട്യക്കാർ പറഞ്ഞു നടന്നത്. അങ്ങനെയല്ലെന്നാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന് നിയന്ത്രണങ്ങൾ കൊണ്ടുവരാമോ, വരാമെങ്കിൽ എത്രത്തോളം എന്നതും പരിഗണനാവിഷയമാണ്. അക്കാര്യത്തിൽ ഭരണഘടനാപരമായ തീർപ്പുവേണം. അതുകൊണ്ടാണ് സുപ്രിംകോടതി ഈ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് ഈ പ്രശ്നം വിട്ടിരിക്കുന്നത്.

രണ്ടാമത്തെ തർക്കം, സമീപകാലത്ത് കേരളത്തെ കൂച്ചുവിലങ്ങിടാൻ കേന്ദ്രസർക്കാർ ഉപയോഗിക്കുന്ന മാർഗങ്ങളെക്കുറിച്ചാണ്. സംസ്ഥാന സർക്കാരിന്റെ വായ്പ മാത്രമല്ല, ട്രഷറി നിക്ഷേപങ്ങൾ, കിഫ്ബി പോലുള്ള സ്ഥാപനങ്ങളുടെ വായ്പകൾ, താൽക്കാലികമായ ക്രമീകരണത്തിനായി എടുക്കുന്ന പെൻഷൻ കമ്പനിയുടേതുപോലുള്ള കൈവായ്പകൾ, ഇവയെല്ലാം നമ്മുടെ കടപരിധിയിൽ കുറവു വരുത്തുന്നു എന്നാണ് കേന്ദ്രത്തിൻ്റെ ശാഠ്യം.

ഇത് നേരത്തെ ഇല്ലാത്ത നിലപാടാണ്. കേന്ദ്രത്തിൻ്റെ ഈ അധികാരം അംഗീകരിക്കുകയല്ല, മറിച്ച് ഇത് സാധുവാണോ എന്നു പരിശോധിക്കാൻ ഭരണഘടനാ ബെഞ്ചിനു വിടുകയാണ് സുപ്രിംകോടതി ചെയ്തത്.

ഇന്നേവരെ തങ്ങളുടെ പരിഗണനയ്ക്കു വരാത്ത ഒരു മൌലികമായ പ്രശ്നമാണ് കേരളം ഉന്നയിക്കുന്നത് എന്ന് സുപ്രിംകോടതി പറഞ്ഞത് വി ഡി സതീശൻ കേട്ടുവോ ആവോ? അതിൻ്റെ മാനം വിശാലമാണ്. ഇതൊക്കെ മറച്ചുവെച്ചാണ് കേരളത്തിൻ്റെ ഇടക്കാല ആവശ്യം സുപ്രിംകോടതി തള്ളി എന്ന മട്ടിൽ ആഘോഷിക്കുന്നത്.

ശരിയാണ്. അടിയന്തരമായി അധികവായ്പയെടുക്കാൻ അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. പക്ഷേ, അതിനു പറഞ്ഞ കാരണമോ? കേന്ദ്രം തടഞ്ഞുവെച്ച 13,608 കോടി രൂപ കേരളത്തിന് 2023-24 ധനകാര്യവർഷത്തിൽത്തന്നെ കോടതി ലഭ്യമാക്കി എന്നതാണ്. അതു തികച്ചും സാങ്കേതികമായ ഒരു പ്രശ്നമാണ്. ഈ വിഷയത്തിലെ അന്തിമ തീർപ്പേയല്ല.

പതിനഞ്ചാം ധനകാര്യകമ്മിഷൻ മുന്നോട്ടുവെച്ച കടപരിധി ശിപാർശ പ്രകാരം കേരളം വായ്പയെടുത്തിട്ടില്ല; അതുകൊണ്ട് ഉപയോഗപ്പെടുത്താതിരുന്ന അത്രയും തുകയ്ക്ക് തങ്ങൾ അർഹരാണ് എന്നാണ് കേരളത്തിൻ്റെ വാദം. ധനകാര്യ കമ്മിഷൻ റിപ്പോർട്ടിൽ ഇങ്ങനെ ക്രമീകരിക്കുന്നത് അംഗീകരിച്ചിട്ടുണ്ട് എന്നും കേരളം ചൂണ്ടിക്കാട്ടി. 14-ാം ധനകാര്യ കമ്മിഷൻ കാലത്ത് കേരളം അധികവായ്പയെടുത്തു എന്നു പറഞ്ഞാണ് കേന്ദ്ര സർക്കാർ ഈ വാദത്തെ പ്രതിരോധിച്ചത്.

പ്രളയവും കോവിഡും മൂലം സമ്പദ്ഘടന നിലച്ചുപോയൊരു കാലത്ത് കേന്ദ്രസർക്കാർ തന്നെ അംഗീകരിച്ച അധികവായ്പയാണ് കേരളം ഉപയോഗപ്പെടുത്തിയത്. അങ്ങനെ അധികവായ്പയെടുത്തതുകൊണ്ട് ഇപ്പോൾ അർഹതയില്ല എന്നാണ് കേന്ദ്രം വാദിക്കുന്നത്. അയ്യഞ്ചുവർഷക്കാലം മാത്രമാണ് ധനകാര്യ കമ്മിഷൻ്റെ കാലാവധി. കാലാവധി കഴിഞ്ഞ ധനകാര്യകമ്മിഷൻ്റെ ശിപാർശകൾ പിൽക്കാലത്ത് സാധുവാണോ എന്ന പ്രശ്നം കോടതി തീർപ്പാക്കിയിട്ടില്ല. ഇതും ഭരണഘടനാബെഞ്ചിൻ്റെ തീർപ്പിനു വിട്ടിരിക്കുകയാണ് സുപ്രിംകോടതി.

നമുക്ക് നിഷേധിക്കപ്പെട്ട വായ്പ സുപ്രിംകോടതി ഇടപെട്ട് അനുവദിക്കണം എന്നായിരുന്നു നമ്മുടെ ഇടക്കാല ആവശ്യം. ഇത് അംഗീകരിക്കപ്പെട്ടില്ല. അതിനർത്ഥം ഇതിൽ അവസാന തീർപ്പുണ്ടായി എന്നല്ല. നാം ആവശ്യപ്പെട്ടത് മാൻഡേറ്ററി ഇൻജെംഗ്ഷൻ ആണ്. ഉദാഹരണത്തിന്, ഒരു തർക്കത്തിൽപ്പെട്ട ഒരു കെട്ടിടം ഇപ്പോൾ പൊളിക്കണം എന്നാണ് ആവശ്യം എന്നിരിക്കട്ടെ. അത് മാൻഡേറ്ററി ഇൻജെഗ്ഷൻ ആണ്. ആവശ്യം അംഗീകരിച്ച് കെട്ടിടം പൊളിച്ചാൽ പിന്നെയൊന്നും സാധ്യമല്ല.

അതേസമയം, തർക്കത്തിൽപ്പെട്ട കെട്ടിടം പൊളിക്കരുത് എന്നു പറയുന്നതോ? അത് പൊളിക്കൽ താൽക്കാലികമായി തടയലാണ്. പ്രോഹിബിറ്ററി ഇൻജെക്ഷൻ എന്നാണ് പറയുക. കേസിൻ്റെ അവസാന തീർപ്പിൽ കെട്ടിടനിർമ്മാണം സാധുവാണ് എന്നു കണ്ടെത്തിയാൽ പൊളിച്ചുപോയത് എന്തു ചെയ്യാൻ പറ്റും? തിരിച്ചാണെങ്കിലോ ? അതുകൊണ്ട് കോടതികൾ, ഒരുകാര്യം ചെയ്യണം എന്നു പറയുന്ന ഇടക്കാല ആവശ്യങ്ങൾക്കുമേൽ കൂടുതൽ കരുതലെടുക്കുകയാണ് ചെയ്യുക. കേരളത്തിന് അധികവായ്പയ്ക്ക് അർഹതയുണ്ടെങ്കിൽ, അത് അനുവദിക്കപ്പെടും. അതിന് അവസാനവിധി വരെ കാത്തിരിക്കണം. കേരളത്തിന് താൽക്കാലിക ആവശ്യമുണ്ട്; അത് 13,608 കോടി കിട്ടിയോടെ ആയല്ലോ എന്നാണ് കോടതിയുടെ നിലപാട്.

വാസ്തവത്തിൽ ഈ സാമ്പത്തികവർഷം കേരളത്തിൻ്റെ വായ്പാ അർഹതയിൽ നിന്ന് കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും ട്രഷറി നിക്ഷേപങ്ങളുടെയും തുക കുറയ്ക്കാൻ പാടില്ല എന്നു പറയുന്ന ഒരു ആവശ്യത്തിനുള്ള സാധ്യത (പ്രൊഹിബിറ്ററി ഇൻജെംഗ്ഷൻ) സുപ്രിംകോടതി വിധി തുറന്നു തരികയാണ് ചെയ്തിരിക്കുന്നത്.

പക്ഷേ, പ്രതിപക്ഷ നേതാവിനും സംഘത്തിനും കേരളത്തെ കൈകാര്യം ചെയ്യാൻ എന്തോ സംഭവിച്ചു എന്ന വ്യാഖ്യാനത്തിനാണ് കൂടുതൽ ഇഷ്ടം. കേരളത്തിൻ്റെ ആവശ്യങ്ങളോട് ഒരിക്കലും ചേർന്നു നിൽക്കാത്ത പ്രതിപക്ഷ നേതാവ് എന്നായിരിക്കും ചരിത്രം അദ്ദേഹത്തെ വിലയിരുത്തുക.
 

കൂടുതൽ ലേഖനങ്ങൾ

തനിക്കെതിരായി നടക്കുന്ന ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി

തനിക്കെതിരായി നടക്കുന്ന ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിൽ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.

മെയ് ദിനം നീണാൾ വാഴട്ടെ

സ. പിണറായി വിജയൻ

ഇന്ന് മെയ് ദിനം. മുതലാളിത്ത വ്യവസ്ഥയിൽ അന്തർലീനമായ ചൂഷണവും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലും ഇല്ലാതാക്കി തുല്യതയിൽ പടുത്തുയർത്തിയ ഒരു പുത്തൻ സാമൂഹികക്രമം സാധ്യമാണെന്ന ഓർമപ്പെടുത്തലാണ് ഏതൊരു മെയ് ദിനവും.

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം ഓർമ്മപ്പെടുത്തുന്നത്

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്.

ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയ ശോഭാസുരേന്ദ്രൻ, കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ സ. ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു

പാർടിയേയും തന്നെയും അധിക്ഷേപിക്കുന്നതിന് വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയ ബിജെപി നേതാവ്‌ ശോഭാസുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ സ. ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു.