Skip to main content

താൽക്കാലിക രാഷ്ട്രീയ നേട്ടത്തിനായി വർഗീയതയെ താലോലിച്ച കോൺഗ്രസിന്റെ നയമാണ് ബിജെപിയെ രാജ്യത്തെ ഭരണകക്ഷിയായി ഉയർത്തിയത്

കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മൂന്നാഴ്ചയേയുള്ളൂ. ഇന്നത്തോടെ പത്രികാസമർപ്പണം പൂർത്തിയാകും. സ്ഥാനാർഥികൾ ഇതിനകംതന്നെ അണിനിരന്നു കഴിഞ്ഞതിനാൽ എല്ലാ മണ്ഡലങ്ങളിലും പ്രചാരണം ശക്തമായിട്ടുണ്ട്. ആദ്യമേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയ എൽഡിഎഫുതന്നെയാണ് പ്രചാരണത്തിൽ ബഹുദൂരം മുന്നിലുള്ളത്. സ്ഥാനാർഥികൾ മണ്ഡലത്തിലുടനീളം പ്രചാരണം നടത്തിക്കഴിഞ്ഞു. ചുവരെഴുത്ത്, പോസ്റ്റർ പ്രചാരണം, വീടുവീടാന്തരം കയറിയുള്ള വോട്ടഭ്യർഥന തുടങ്ങി പ്രചാരണത്തിൽ വ്യക്തമായ മുൻകൈ നേടാൻ എൽഡിഎഫിന് കഴിഞ്ഞിട്ടുണ്ട്.

പ്രചാരണത്തിൽ മാത്രമല്ല കേന്ദ്രത്തിൽനിന്ന്‌ ബിജെപിയെ പുറത്താക്കണമെങ്കിൽ കോൺഗ്രസിനല്ല ഇടതുപക്ഷത്തിനാണ് കേരളത്തിൽ വോട്ട് ചെയ്യേണ്ടതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും എൽഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. ദിനംപ്രതിയെന്നോണം കോൺഗ്രസിൽനിന്ന്‌ ബിജെപിയിലേക്കുള്ള ഒഴുക്ക് ഇന്നലെവരെ ദേശീയ പ്രതിഭാസമാണെങ്കിൽ ഇപ്പോഴത് കേരളത്തിലും തുടങ്ങിയിരിക്കുന്നു. കോൺഗ്രസിന് വോട്ട് ചെയ്താൽ അന്തിമമായി ഗുണം ലഭിക്കുക ബിജെപിക്കായിരിക്കുമെന്ന പൊതുബോധം പതുക്കെയാണെങ്കിലും രൂപപ്പെട്ടുവരുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തിന് ചട്ടം രൂപീകരിച്ച് നടപ്പാക്കാൻ കേന്ദ്രം തുനിഞ്ഞപ്പോൾ അത് കേരളത്തിൽ നടപ്പാക്കില്ലെന്ന വ്യക്തമായ നിലപാട് സ്വീകരിച്ച് ജനങ്ങളിലേക്ക് ഇറങ്ങാൻ എൽഡിഎഫ് തയ്യാറായി. ജില്ലകൾതോറും സിഎഎ വിരുദ്ധ റാലികളും പൊതുയോഗങ്ങളും നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻതന്നെ ഈ പൊതുയോഗങ്ങളിൽ പങ്കെടുത്ത് ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകി. എന്നാൽ, കോൺഗ്രസ് ദേശീയനേതൃത്വം ഇതേക്കുറിച്ച് പ്രതികരിക്കാൻപോലും തയ്യാറായില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോ രാഹുൽ ഗാന്ധിയോ ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. ഡൽഹിയിൽ മാധ്യമപ്രവർത്തകർ ഖാർഗെയോട് പ്രതികരണം ആരാഞ്ഞപ്പോൾ ആലോചിച്ച് മറുപടി പറയാം എന്നാണ് പറഞ്ഞത്. ദിവസങ്ങൾ പലതു കഴിഞ്ഞെങ്കിലും പ്രതികരണം പുറത്തുവന്നിട്ടില്ല.

സിഎഎ വിരുദ്ധ പ്രചാരണത്തിനു പിന്നാലെ മുഖ്യമന്ത്രി പങ്കെടുത്തുകൊണ്ടുള്ള എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ലോക്‌സഭാമണ്ഡലങ്ങളിലും മുഖ്യമന്ത്രി പങ്കെടുത്തുള്ള പൊതുയോഗങ്ങൾ നടന്നുവരികയാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ ഞാനും എല്ലാ മണ്ഡലങ്ങളിലെയും പരിപാടികളിൽ പങ്കെടുത്തുവരുന്നു. മോദിയെ താഴെയിറക്കാൻ ഇടതുപക്ഷം ശക്തമാകണമെന്ന പൊതുവികാരം പ്രകടമാണ്. ആവേശകരമായ പ്രതികരണമാണ് ജനങ്ങളിൽനിന്ന്‌ ലഭിക്കുന്നത്. 2019ൽ നിന്ന്‌ തീർത്തും വ്യത്യസ്തമായ, ഇടതുപക്ഷത്തിന് അനുകൂലമായ ജനവിധിയാണ് ഇക്കുറി ഉണ്ടാകുക എന്ന് ഉറപ്പിച്ച് പറയാനാകും.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടമായ ഈ മുന്നേറ്റം യുഡിഎഫ് ക്യാമ്പുകളിൽ ആശങ്ക പടർത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വംകൊണ്ടുമാത്രം ഇക്കുറി ജയിക്കാനാകില്ലെന്ന് കോൺഗ്രസുകാർതന്നെ പറയുന്ന സ്ഥിതിയും സംജാതമായി. അതിനാൽ, പിടിച്ചുനിൽക്കാനായി ഏത് പിന്തിരിപ്പന്മാരുമായും കൂട്ടുകൂടാമെന്ന മാനസികാവസ്ഥയിലേക്ക് കോൺഗ്രസ്, യുഡിഎഫ്‌ നേതൃത്വം എത്തി. അതിന്റെ ഏറ്റവും വലിയ തെളിവാണ് മതതീവ്രവാദ കക്ഷിയായ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർടി ഓഫ് ഇന്ത്യ (എസ്ഡിപിഐ)യുമായി അവരുണ്ടാക്കിയ സഖ്യം. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് എസ്ഡിപിഐയുടെ സംസ്ഥാന പ്രസിഡന്റ്‌ മൂവാറ്റുപുഴ അഷറഫ് മൗലവി തങ്ങളുടെ പിന്തുണ യുഡിഎഫിനാണെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പിൽനിന്നും വ്യത്യസ്തമായി ഇക്കുറി മത്സരിക്കുന്നില്ലെന്നും യുഡിഎഫിന് പിന്തുണ നൽകുകയാണെന്നുമായിരുന്നു മൗലവി അറിയിച്ചത്. യുഡിഎഫ് നേതൃത്വവുമായി ചർച്ച നടന്നില്ലെന്നാണ് മൗലവി പറഞ്ഞതെങ്കിലും കോൺഗ്രസ്, യുഡിഎഫ് നേതൃത്വവുമായി ഒന്നിലധികം തവണ രഹസ്യ ചർച്ച നടന്നെന്നാണ് മാധ്യമ വാർത്തകൾ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ചുള്ള പുകമറ നീക്കേണ്ടത് കോൺഗ്രസ്, യുഡിഎഫ് നേതൃത്വമാണ്. കഴിഞ്ഞ രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ച കക്ഷി ഇക്കുറി മാറിനിന്ന് യുഡിഎഫിനെ സഹായിക്കണമെങ്കിൽ ചില ആലോചനകൾ നടന്നിട്ടുണ്ടെന്ന് ന്യായമായും സംശയിക്കാം. 2014ൽ 20 സീറ്റിലും മത്സരിച്ച എസ്ഡിപിഐക്ക് 3500 മുതൽ 48,000 വരെ വോട്ട്‌ ലഭിച്ചിരുന്നു. 14 മണ്ഡലത്തിൽ പതിനായിരത്തിലധികം വോട്ടും ലഭിച്ചു. 2019ൽ 10 സീറ്റിൽ മത്സരിച്ച എസ്ഡിപിഐ മറ്റു സീറ്റുകളിൽ യുഡിഎഫിന് പിന്തുണ നൽകി. യുഡിഎഫ് വിജയിച്ച കാസർകോട്, തൃശൂർ, ഇടുക്കി, പത്തനംതിട്ട, കൊല്ലം തുടങ്ങിയ മണ്ഡലങ്ങളിലൊന്നും എസ്ഡിപിഐ സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. സിപിഐ എമ്മിനെയും എൽഡിഎഫിനെയും തോൽപ്പിക്കാൻ മത്സരരംഗത്തുനിന്ന്‌ മാറിനിൽക്കുന്നതാണ് നല്ലതെന്ന് ഇതോടെ ബോധ്യമായ എസ്ഡിപിഐ, ഇക്കുറി മത്സരത്തിൽനിന്ന്‌ തന്ത്രപരമായി പിന്മാറി.

സിഎഎ നടപ്പാക്കില്ലെന്നും ജാതി സെൻസസ് നടത്തുമെന്നുമുള്ള കോൺഗ്രസിന്റെ തീരുമാനമാണ് യുഡിഎഫിനെ പിന്തുണയ്‌ക്കാൻ കാരണമായി എസ്ഡിപിഐ നേതൃത്വം പറയുന്നതെങ്കിലും മതനിരപേക്ഷതയ്‌ക്കുവേണ്ടി ശക്തിയുക്തം വാദിക്കുന്ന സിപിഐ എമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും തോൽപ്പിക്കലാണ് ഇവരുടെ യഥാർഥ ലക്ഷ്യം. മതവർഗീയതയുമായി തരാതരംപോലെ കൂട്ടുകെട്ടുണ്ടാക്കുക കോൺഗ്രസിന്റെ രീതിയാണ്. പക്ഷേ, ഇത്തരം കൂട്ടുകെട്ടുകൾവഴി മതനിരപേക്ഷ ജനാധിപത്യത്തെയാണ് കോൺഗ്രസ് അടിയറവയ്‌ക്കുന്നത്. മത തീവ്രവാദികളുമായുള്ള കോൺഗ്രസിന്റെ കൂട്ടുകെട്ട് ഹിന്ദുത്വ വർഗീയവാദികൾക്കാണ് അന്തിമമായി വളമാകുക. ഇന്ത്യ കൂട്ടായ്മ മത തീവ്രവാദവുമായി സന്ധി ചെയ്യുന്നെന്ന പ്രചാരണം മോദിയും ഷായും ശക്തമാക്കും. ഒരു തീവ്രവാദംകൊണ്ട് മറ്റൊന്നിനെ കീഴ്പ്പെടുത്താനാകില്ല. ഒന്നിനെ ചൂണ്ടി മറ്റൊന്നു വളരുകയാണ് ചെയ്യുക. മറ്റൊർഥത്തിൽ പറഞ്ഞാൽ മോദി സർക്കാരിനെതിരെയുള്ള മതനിരപേക്ഷ ജനാധിപത്യശക്തികളുടെ യോജിച്ച പോരാട്ടത്തെയാണ് ഇത്തരം സഖ്യങ്ങൾവഴി കോൺഗ്രസ് ദുർബലപ്പെടുത്തുന്നത്. ബിജെപിയുടെ ഹിന്ദുത്വത്തിന് ബദൽ ഉറച്ച മതനിരപേക്ഷ നിലപാട് മാത്രമാണ്. ഇതറിഞ്ഞുകൊണ്ടാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കുമെന്നും യുഡിഎഫിനുള്ള അംഗീകാരമാണ് ഈ പിന്തുണയെന്നും പറയുന്നത്. കേരളത്തിലെ കോൺഗ്രസിന്റെ സങ്കുചിതലക്ഷ്യം സിപിഐ എമ്മും ഇടതുപക്ഷവുമാണ്.

ഇക്കാര്യത്തിൽ യുഡിഎഫിലെ മുസ്ലിംലീഗ് ഉൾപ്പെടെയുള്ള കക്ഷികളുടെ അഭിപ്രായം എന്താണെന്ന് അറിയാൻ താൽപ്പര്യമുണ്ട്. നേരത്തേ എസ്ഡിപിഐക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച മുസ്ലിംലീഗിലെ നേതാക്കൾ എന്തേ മൗനം പാലിക്കുന്നത്. ഏതാനും വോട്ട്‌ കിട്ടുമെങ്കിൽ ഏത് മതവർഗീയ ശക്തികളുമായി കൂട്ടുകൂടാം എന്നതാണ് കോൺഗ്രസിന്റെ സമീപനം. മൃദുഹിന്ദുത്വം മുഖമുദ്രയാക്കിയ കോൺഗ്രസിന് ബിജെപിയുമായിപ്പോലും സഹകരിക്കുന്നതിൽ ഒരു മടിയുമില്ല. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ 2019ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി അടൂർ പ്രകാശിനുവേണ്ടി വോട്ട് മറിച്ചതായി ബിജെപി നേതാവുതന്നെ വെളിപ്പെടുത്തിയിരിക്കുകയാണല്ലോ. ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും സംസ്ഥാന ഓഫീസ് സെക്രട്ടറിയുമായ വ്യക്തിയാണ് എൽഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്താനായി യുഡിഎഫുമായി സഹകരിച്ച് പ്രവർത്തിച്ചത്. ഒരു ഭാഗത്ത് എസ്ഡിപിഐയുമായി ബന്ധം സ്ഥാപിക്കുമ്പോൾ മറുഭാഗത്ത് ആർഎസ്എസും ബിജെപിയുമായി സഹകരിക്കുകയാണ് കോൺഗ്രസ്. 1991ലെ കോലീബി സഖ്യവും ആരും മറന്നുകാണില്ല. വടകര ലോക്‌സഭാ മണ്ഡലത്തിലും ബേപ്പൂർ അസംബ്ലി മണ്ഡലത്തിലും ബിജെപിക്കാരെ സ്വതന്ത്രരായി നിർത്തി കോൺഗ്രസും മുസ്ലിംലീഗും പിന്തുണയ്‌ക്കുകയായിരുന്നു. കെ ജി മാരാരെപ്പോലുള്ള ബിജെപി നേതാക്കൾതന്നെ പിന്നീട് ഇത് സ്ഥിരീകരിക്കുകയും ചെയ്തു. ഇവരുടെയെല്ലാം പൊതുശത്രു മതനിരപേക്ഷതയിൽ അചഞ്ചലമായി വിശ്വസിക്കുന്ന സിപിഐ എമ്മും ഇടതുപക്ഷവുമാണ്. താൽക്കാലിക രാഷ്ട്രീയ നേട്ടത്തിനായി വർഗീയതയെ താലോലിച്ച കോൺഗ്രസിന്റെ നയമാണ് ബിജെപിയെ രാജ്യത്തെ ഭരണകക്ഷിയായി ഉയർത്തിയത്. അത് തിരിച്ചറിഞ്ഞ് ശരിയായ നിലപാട് എടുക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് കേരളത്തിലെ പുതിയ സഖ്യം വ്യക്തമാക്കുന്നു.

എന്നാൽ, മതനിരക്ഷതയ്‌ക്ക് ആഴത്തിൽ വേരോട്ടമുള്ള കേരളത്തിൽ ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളൊന്നും വിജയിച്ചില്ല. പ്രബുദ്ധരായ കേരളത്തിലെ വോട്ടർമാർ മതവർഗീയ കൂട്ടുകെട്ടുകളെ ദയനീയമായി പരാജയപ്പെടുത്തുകയാണുണ്ടായത്. ഇക്കുറിയും അതുതന്നെ ആവർത്തിക്കും. എസ്ഡിപിഐയുമായും ബിജെപിയുമായും നീക്കുപോക്കുണ്ടാക്കുന്ന യുഡിഎഫ് സ്ഥാനാർഥികളെ ജനങ്ങൾ തോൽപ്പിക്കും. ഈ കൂട്ടുകെട്ടിന്റെ ഭാഗമായി മത്സരിക്കുന്ന സ്ഥാനാർഥികളെ വിജയിപ്പിച്ചാൽ അതിന്റെ ഗുണം ബിജെപിക്കും മോദിക്കുമായിരിക്കുമെന്ന് ജനങ്ങൾക്ക് നന്നായി അറിയാം.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.