Skip to main content

രാജ്യത്തെ യോജിപ്പിച്ച് നിർത്തുന്ന അടിസ്ഥാന കാഴ്ചപ്പാടുകളെ സംരക്ഷിക്കുന്നതിന് ശക്തമായ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണ്

വ്യത്യസ്ത നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടതായിരുന്നു ഇന്ത്യ. കേരളംതന്നെ മൂന്ന് നാട്ടുരാജ്യമായിരുന്നല്ലോ. ഈ രാജ്യങ്ങൾ പരസ്പര യുദ്ധങ്ങൾ സാധാരണമായിരുന്നു. കാൾ മാർക്സ് സൂചിപ്പിച്ചതുപോലെ ഇത്തരത്തിൽ പരസ്പരം ഏറ്റുമുട്ടിയിരുന്ന നാട്ടിൽ ബ്രിട്ടീഷുകാർക്ക് എളുപ്പം ആധിപത്യം സ്ഥാപിക്കാനായി.

ഇന്ത്യാ രാജ്യത്ത് തങ്ങളുടെ ആധിപത്യം നിലനിർത്തുന്നതിന് വൈവിധ്യങ്ങളെ പരസ്പരം ഏറ്റുമുട്ടിക്കാൻ അവർ ഇടപെട്ടു. വർഗീയമായ അജൻഡകൾ സജീവമായി. ചരിത്രത്തിലും സംസ്കാരത്തിലുമെല്ലാം വർഗീയ അജൻഡകൾ ബ്രിട്ടീഷുകാർ രൂപപ്പെടുത്തി. അതിനെയെല്ലാം മറികടന്ന് സ്വാതന്ത്ര്യബോധമുള്ള ജനത പുതിയ ജീവിതത്തിനായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടി. ഈ പോരാട്ടമാകട്ടെ വ്യത്യസ്തമായ നിരവധി ധാരകളുടെ പ്രവാഹമായി മാറി. കോൺഗ്രസും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും ദേശീയ വിപ്ലവകാരികളും എല്ലാം ഈ സമരത്തിൽ അണിചേർന്നു. വൈവിധ്യങ്ങളുടെ മഹാസംഗമമായിരുന്നു അത്. ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കുകയെന്ന ഒറ്റ ലക്ഷ്യത്തിൽ അവർ യോജിച്ചു. അങ്ങനെ ബ്രിട്ടീഷുകാർക്ക് രാജ്യം വിടേണ്ടിവന്നു. രാജ്യത്തെ രക്ഷിക്കാൻ, ബിജെപിയെ പുറത്താക്കാൻ ‘ഇന്ത്യ’ കൂട്ടായ്‌മ നടത്തുന്നതുപോലുള്ള ഇടപെടലായിരുന്നു അത്.

സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ സജീവമായിരുന്ന വിവിധ ധാരകളെ സ്വാംശീകരിച്ച്‌ രാജ്യത്തിന്റെ ഭരണഘടനയും രൂപപ്പെട്ടു. അതിൽ സമത്വത്തിന്റെയും സാമൂഹ്യനീതിയുടെയും മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും പാർലമെന്ററി ജനാധിപത്യത്തിന്റെയും തത്വങ്ങൾ ഉൾച്ചേർക്കപ്പെട്ടു. സ്വാതന്ത്ര്യ പ്രസ്ഥാനം ഇന്ത്യൻ രാഷ്ട്രീയത്തിലും ഗുണപരമായ പല മൂല്യങ്ങളും മുന്നോട്ടുവച്ചു. സാമ്രാജ്യത്വ വിരുദ്ധതയും മതനിരപേക്ഷതയും അഴിമതിവിരുദ്ധ രാഷ്ട്രീയവും ഫെഡറലിസവും സാമൂഹ്യനീതിയും പാർലമെന്ററി ജനാധിപത്യവും സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങളായി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇഴുകിച്ചേർന്നു. അവ രാജ്യത്തിന്റെ അടിസ്ഥാനശിലകളായി മാറി. വ്യത്യസ്ത നാട്ടുരാജ്യങ്ങളായും വൈവിധ്യങ്ങളാർന്ന സംസ്കാരങ്ങളായും ഭാഷയാലും വേർതിരിഞ്ഞു കിടന്ന നാടിന്റെ ഈ മൂല്യങ്ങൾ ‘നാനാത്വത്തിൽ ഏകത്വമെ’ന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ യോജിച്ച് നിൽക്കുന്ന രാജ്യമായി മാറി. ഇത്തരം മൂല്യങ്ങൾ രാജ്യത്തുനിന്ന്‌ അപ്രത്യക്ഷമായാൽ പഴയ ശിഥിലീകരണത്തിന്റെ തലത്തിലേക്കായിരിക്കും സ്വാഭാവികമായും രാജ്യം എത്തിച്ചേരുക. അതിനാൽ ദേശീയ പ്രസ്ഥാനം മുന്നോട്ടുവച്ച ഈ മൂല്യങ്ങളെ സംരക്ഷിക്കുകയെന്നത് രാജ്യത്തിന്റെ സംരക്ഷണമാണെന്ന് തിരിച്ചറിയണം.

സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ പങ്കെടുക്കാതെ അതിനെ തകർക്കാൻ ശ്രമിച്ച സംഘപരിവാറിന് ഇത്തരം മൂല്യങ്ങൾ ഇല്ലതന്നെ. എല്ലാ മതവിശ്വാസികൾക്കും വിശ്വാസമില്ലാത്തവർക്കും ഒന്നായി ജീവിക്കാൻ പറ്റുന്ന മതനിരപേക്ഷതയ്ക്ക് അവർ എതിരാണ്. ന്യൂനപക്ഷങ്ങളും കമ്യൂണിസ്റ്റുകാരും മതനിരപേക്ഷവാദികളും അവരുടെ ശത്രുക്കളാണ്. മതനിരപേക്ഷതയ്ക്ക് പകരം കോർപറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഹിന്ദുത്വ അജൻഡയാണ് അവരെ നയിക്കുന്നത്. അവയ്ക്ക് മതവുമായി ബന്ധവുമില്ല. രാജ്യത്തിന്റെ സ്വാശ്രയത്വം ഉറപ്പുവരുത്തുന്ന വിധം പൊതുമേഖലയും സർക്കാരിന്റെ നിയന്ത്രണവും ആസൂത്രണവും ആദ്യകാലംതൊട്ടേ അവർ അംഗീകരിക്കുന്നില്ല. കോർപറേറ്റ് താൽപ്പര്യങ്ങൾ മുന്നോട്ടുവയ്‌ക്കുന്ന തുറന്ന കമ്പോളമാണ് അവരുടെ ലക്ഷ്യം.

ഫെഡറൽ സംവിധാനം അജൻഡയിലില്ലാത്തതുകൊണ്ടുതന്നെ ഭാഷാ സംസ്ഥാന രൂപീകരണത്തെ സംഘപരിവാർ മുമ്പേ എതിർത്തു. ഇന്നും സംസ്ഥാനങ്ങൾക്ക് ന്യായമായി ലഭിക്കേണ്ട അവകാശങ്ങൾ തടഞ്ഞുവയ്‌ക്കുന്നതിന്റെ അടിവേര് ഇതിലും കാണാം. ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായി ഇന്ന് നിലകൊള്ളുന്ന പാർലമെന്ററി ജനാധിപത്യത്തിന് പകരം കേന്ദ്രീകൃത അധികാരത്തിലൂന്നുന്ന പ്രസിഡൻഷ്യൽ ഭരണ രീതിയാണ് സംഘപരിവാറിന്റേത്. ജനാധിപത്യപരമായ എല്ലാ സംവിധാനങ്ങളെയും തകർത്ത് കാവിവൽക്കരിക്കുകയെന്നതാണ് അവരുടെ അജൻഡ.
ചാതുർവർണ്യത്തിന്റെ കാഴ്ചകളിൽനിന്നാണ് സാമൂഹ്യനീതിയുടെ പ്രശ്നങ്ങളെ അവർ കാണുന്നത്. സംവരണത്തിനെതിരെയുള്ള ആർഎസ്എസിന്റെ പുലമ്പലുകളുടെ അടിസ്ഥാനം ഇതാണ്. നാടിനായി സ്വയം സമർപ്പിക്കുന്നതിൽ സ്വാതന്ത്ര്യസമര പ്രസ്ഥാനം രൂപപ്പെടുത്തിയ അഴിമതിവിരുദ്ധ രാഷ്ട്രീയം ബിജെപിക്ക് അന്യമാണ്. അധികാരത്തിൽ കാലുകുത്തിയതോടെ ശവപ്പെട്ടി കുംഭകോണവും പെട്രോൾ പമ്പ് അഴിമതിയുംതൊട്ട് ഇലക്ടറൽ ബോണ്ടുവരെ രൂപപ്പെട്ടത് അതുകൊണ്ടാണ്. വിദേശനയത്തിന്റെ കാര്യത്തിലാകട്ടെ ചേരിചേരാനയത്തിന് പകരം അമേരിക്കൻ അനുകൂല വിദേശനയം അവരുടെ മുഖമുദ്രയാണ്.

ബിജെപിയുടെ ഭരണം രാജ്യത്ത് തുടർന്നാൽ അത് രാജ്യത്തിന്റെ നിലനിൽപ്പിന് അടിസ്ഥാനമായ ഘടകങ്ങൾതന്നെ ഇല്ലാതാക്കും. അത് രാജ്യത്തെ ശിഥിലമാക്കും. ഇത് കണക്കിലെടുത്താണ് ബിജെപിയെ അധികാരത്തിൽനിന്ന്‌ പുറത്താക്കുകയെന്നത് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ ഉത്തരവാദിത്വമായി ഇടതുപക്ഷം കാണുന്നത്.

ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെട്ട് പ്രവർത്തിക്കുന്ന കോൺഗ്രസാകട്ടെ ആ മൂല്യങ്ങളിൽനിന്ന് ഏറെ അകന്നുപോയിരിക്കുന്നു. ഇന്ത്യൻ ദേശീയതയുടെ അടിസ്ഥാനമായിത്തീർന്ന മതനിരപേക്ഷ മൂല്യങ്ങളോട് കൂറുപുലർത്താൻ വർത്തമാനകാലത്ത് കോൺഗ്രസിന് കഴിയുന്നില്ല. രാഷ്ട്രീയ അധികാരത്തിനുവേണ്ടി വർഗീയതയെ പ്രീണിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസിന്റെ നയമാണ് ബാബ്‌റി മസ്ജിദ് തകർക്കപ്പെടുന്നതിലേക്ക് നയിച്ചതും ബിജെപിയെ അധികാരത്തിലെത്തിക്കുകയും ചെയ്ത സുപ്രധാന ഘടകം. ഹിന്ദുത്വ വർഗീയ ശക്തികൾ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കെതിരെ അഴിഞ്ഞാടുമ്പോൾ അവർക്കെതിരെ സുശക്തമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. അയോധ്യ വോട്ട് പ്രതിഷ്ഠയിലും പൗരത്വ ഭേദഗതി നിയമത്തിലും ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുമുള്ള തീരുമാനത്തിലെ നിലപാടുകളിലും ഇത് വ്യക്തമാണ്.

സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ കാലത്തുതന്നെ മുന്നോട്ടുവച്ച വിദേശനയത്തിൽനിന്ന്‌ കോൺഗ്രസ് വ്യതിചലിച്ചിരിക്കുന്നു. ഇസ്രയേലുമായുള്ള നയന്ത്രബന്ധം മുന്നോട്ടുവച്ച കോൺഗ്രസിന്റെ നയത്തിൽ ഇത് കാണാവുന്നതാണ്. അമേരിക്കൻ അനുകൂല വിദേശനയത്തെ പിന്തുണച്ചത് വിഖ്യാതമായ ചേരിചേരാനയത്തെ ഉപേക്ഷിച്ചുകൊണ്ടാണെന്ന് മറന്നുകൂടാ. പൊതുമേഖലയെയും ആഭ്യന്തര കമ്പോളത്തെയും സംരക്ഷിച്ചുകൊണ്ടുള്ള നയങ്ങളായിരുന്നു നെഹ്റുവിന്റെ കാലത്ത് ഇന്ത്യയിലുണ്ടായിരുന്നത്. എന്നാൽ, നെഹ്റുവിന്റെ കാലത്ത് കെട്ടിപ്പൊക്കിയ പൊതുമേഖലാ സ്ഥാപനങ്ങൾപോലും വിറ്റുതുലയ്‌ക്കുന്നതിനെ കോൺഗ്രസും പിന്തുണയ്ക്കുകയാണ്. ഇന്ത്യൻ പാർലമെന്റിലെ സ്വകാര്യവൽക്കരണ നിയമങ്ങളെല്ലാം കോൺഗ്രസ് പിന്തുണയിലാണ് പാസായത്.

സ്വാതന്ത്ര്യ പ്രസ്ഥാനം മുന്നോട്ടുവച്ച അഴിമതിവിരുദ്ധ രാഷ്ട്രീയവും കോൺഗ്രസിന് അന്യമായിരിക്കുന്നു. ബൊഫോഴ്സ് തൊട്ട് ഇലക്ടറൽ ബോണ്ട് വരെ നീണ്ടുനിൽക്കുന്ന അഴിമതിയിൽ അവർ മുങ്ങിക്കുളിച്ചിരിക്കുകയാണ്. പാർലമെന്ററി ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് ഉറച്ച നിലപാട് സ്വീകരിക്കുന്നതും ഇടതുപക്ഷമാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവലാളായി ഇടതുപക്ഷം നിലകൊള്ളുന്നു.

രാജ്യത്തെ യോജിപ്പിച്ച് നിർത്തുന്ന അടിസ്ഥാന കാഴ്ചപ്പാടുകളെ സംരക്ഷിക്കുന്നതിന് ശക്തമായ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണ്. രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കുന്നതിന് ഉറച്ച നിലപാടുള്ളതും മറ്റാർക്കുമല്ല. അയോധ്യയിലെ പള്ളി തകർത്ത് വോട്ട് പ്രതിഷ്ഠ നടത്തിയ സംഘപരിവാറിന്റെ സമീപനത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിച്ച ഇടതുപക്ഷമാണ് മതനിരപേക്ഷതയുടെ കൊടിക്കൂറ ഉയർത്തിപ്പിടിച്ചത്. പൗരത്വ ഭേദഗതി നിയമത്തിലും ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾക്കുമെതിരെയും ജമ്മു കശ്മീരിന്റെ 370–-ാം വകുപ്പിന്റെ സംരക്ഷണത്തിലും ഈ നിലപാടിന്റെ തെളിമ കാണാം.

എല്ലാം കമ്പോളത്തിന് വിട്ടുകൊടുക്കുന്ന ആഗോളവൽക്കരണ നയത്തിനെതിരെ പൊതുമേഖലാ സംരക്ഷണവും ആസൂത്രണവുമുൾപ്പെടെ നിലനിർത്തിക്കൊണ്ടുള്ള ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത്‌ ഉയർത്തിക്കൊണ്ടുവന്ന സാമ്പത്തിക നയങ്ങൾക്കായി നിലകൊള്ളുന്നതും ഇടതുപക്ഷമാണ്. വിദേശനയത്തിലെ അമേരിക്കൻ പക്ഷപാതിത്വ നിലപാടുകൾക്കെതിരെ സന്ധിയില്ലാതെ പൊരുതി ചേരിചേരാനയത്തിന്റെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകുന്നതും ഇടതുപക്ഷമാണ്.

അധികാരം കാണുമ്പോൾ ജനകീയ താൽപ്പര്യങ്ങളെ മറക്കുന്നതാണ് വലതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖമുദ്ര. ബിജെപിയിലേക്കുള്ള കോൺഗ്രസിന്റെ കൂറുമാറ്റത്തിന് ഇതും കാരണമാണല്ലോ. എന്നാൽ, ഇടതുപക്ഷത്തിന്റെ നിലപാട് തത്വാധിഷ്ഠിതമാണ്. ബിജെപിയെ അധികാരത്തിൽനിന്ന്‌ മാറ്റിനിർത്താൻ എല്ലാ അധികാര സ്ഥാനങ്ങളും ഉപേക്ഷിച്ച് നിലപാടെടുത്തത് ഇടതുപക്ഷമാണ്. ഹവാല കേസും ഇലക്‌ടറൽ ബോണ്ട് വിവാദവുമെല്ലാം അഴിമതിയുടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ മുഖമാണ്. എന്നാൽ, അവയിലൊന്നും ഇടതുപക്ഷമുൾപ്പെട്ടില്ലെന്നത് ദേശീയ പ്രസ്ഥാനം മുന്നോട്ടുവച്ച അഴിമതിവിരുദ്ധ പാരമ്പര്യവും ഇടതുപക്ഷത്തിലാണ് ഭദ്രമെന്ന് വ്യക്തമാക്കുന്നതാണ്.

ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിനും അതിന് അടിസ്ഥാനമായ മൂല്യങ്ങളെ സംരക്ഷിക്കുന്നതും ഇടതുപക്ഷമാണെന്ന് വ്യക്തം. ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലാണ് രാജ്യത്തിന്റെ മതനിരപേക്ഷതയുടെ സംരക്ഷണത്തിനും സാമ്രാജ്യത്വവിരുദ്ധ സാമ്പത്തിക നയത്തിനെതിരെയുള്ള പോരാട്ടത്തിനും ശക്തിസ്രോതസ്സായി നിലകൊള്ളുന്നത്. സാമ്രാജ്യത്വവിരുദ്ധ വിദേശനയത്തെയും അഴിമതിരഹിത രാഷ്ട്രീയത്തെയും മുന്നോട്ടുകൊണ്ടുപോകുന്നത് മറ്റാരുമല്ല. ഇങ്ങനെ സ്വാതന്ത്ര്യസമരത്തിൽ ഉയർന്നുവന്ന രാഷ്ട്രീയ സമീപനങ്ങളെയും സാമ്പത്തിക നയങ്ങളെയും വിദേശനയത്തെയും എല്ലാം മുന്നോട്ടുകൊണ്ടുപോകുന്നത് ഇടതുപക്ഷമാണ്. ഈ അടിസ്ഥാന ഘടകങ്ങളെ സംരക്ഷിച്ചെങ്കിൽ മാത്രമേ രാജ്യത്തിന് ഒറ്റക്കെട്ടായി നിലനിൽക്കാനാകൂ. അതുകൊണ്ടാണ്, ഇടതുപക്ഷമില്ലെങ്കിൽ നമ്മുടെ ഇന്ത്യ ഇല്ലെന്ന കാര്യം എൽഡിഎഫ് ഈ തെരഞ്ഞെടുപ്പിൽ ഓർമപ്പെടുത്തുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

മോദി- ഷാ ഭരണം ഇന്ത്യയിൽ നടത്തുന്ന ഏകാധിപത്യ നടപടികൾ ഓരോന്നായി ഇപ്പോൾ സുപ്രീംകോടതി ഇടപെടലോടെ തുറന്നുകാട്ടപ്പെടുകയാണ്

സ. എം ബി രാജേഷ് 

ഇതാ, മുഖമടച്ച മറ്റൊരു പ്രഹരം കൂടി മോദി ഭരണകൂടത്തിന് ലഭിച്ചിരിക്കുന്നു. സത്യത്തിന്റെ ധീരനായ പോരാളിയും ന്യൂസ്ക്ലിക്ക് സ്ഥാപകനുമായ പ്രബീർ പുർക്കായസ്ഥയെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട വാർത്ത ഏറെ ആഹ്ലാദം ഉണ്ടാക്കുന്നതാണ്.

ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാൻ സാധിക്കുമെന്ന യൂണിയൻ ഗവണ്മെൻ്റിൻ്റെ ധാർഷ്ട്യത്തിന് നിയമത്തിൻ്റെ പിന്തുണയോടെ തിരിച്ചടി നൽകാൻ പ്രബീർ പുർക്കയസ്തയ്ക്ക് സാധിച്ചു

സ. പി രാജീവ്

മാധ്യമപ്രവർത്തകനായ പ്രബീർ പുർക്കയസ്തയുടെ അറസ്റ്റ് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി യൂണിയൻ ഗവണ്മെൻ്റിനേറ്റ ശക്തമായ തിരിച്ചടിയായി മാറുകയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടി

സ. ടി എം തോമസ് ഐസക്

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി സത്യത്തിൽ ഡൽഹി പോലീസിന് മാത്രമല്ല, രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടിയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി പത്രസ്വാതന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനുമെതിരെ മോദി സർക്കാർ നടപ്പാക്കിയ ഏകാധിപത്യ നടപടികളെ കൂടുതൽ ചോദ്യം ചെയ്യാനുള്ള അവസരം ഒരുക്കും

സ. എം എ ബേബി

ന്യൂസ്ക്ലിക്ക് എന്ന ഓൺലൈൻ വാർത്താ പോർട്ടൽ സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുർകായസ്ഥയുടെ യുഎപിഎ പ്രകാരമുള്ള അറസ്റ്റും തടവും നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ ഒക്ടോബർ മുതൽ പ്രബീർ ദില്ലിയിലെ തിഹാർ ജയിലിൽ ആയിരുന്നു.