Skip to main content

നികുതി വരുമാനം വെട്ടിക്കുറയ്‌ക്കുന്നതിനൊപ്പം അർഹമായ വായ്‌പപോലും നിഷേധിച്ച്‌ കേരളത്തെ ശ്വാസംമുട്ടിക്കുകയാണ് കേന്ദ്ര സർക്കാർ

കേരളവും കേന്ദ്രസർക്കാരുമായുള്ള സാമ്പത്തിക ബന്ധങ്ങൾ സംബന്ധിച്ച്‌ സുപ്രീംകോടതിയിൽ വന്ന കേസ്‌ വളരെയേറെ ചർച്ച ചെയ്യപ്പെടുകയാണ്‌. കേന്ദ്ര– സംസ്ഥാന ബന്ധങ്ങളെയും അവ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെയും സംബന്ധിച്ച്‌ സുപ്രീംകോടതിയിൽ വന്ന ആദ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കേസാണിതെന്ന്‌ കോടതിതന്നെ അംഗീകരിച്ചു. അതിനാൽതന്നെ ഹർജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിട്ടിരിക്കുകയാണ്‌. ഈ കേസും ഇതിന്റെ തുടർച്ചയായുള്ള പൊതുചർച്ചകളും ഹർജി നൽകുന്നതിനുമുമ്പ്‌ കേരളത്തിനകത്തും ഡൽഹി കേന്ദ്രീകരിച്ചും നടന്ന പ്രചാരണവും പ്രക്ഷോഭവുമൊക്കെ ദേശീയതലത്തിൽത്തന്നെ വിഷയം സജീവമാക്കുന്നതിൽ പങ്കു വഹിച്ചിട്ടുണ്ട്‌.

പ്രധാനപ്പെട്ട ദേശീയ പത്രങ്ങളിൽ പലതും അവരുടെ മുഖപ്രസംഗങ്ങളിലടക്കം കേന്ദ്ര– സംസ്ഥാന സാമ്പത്തിക വിഷയങ്ങളെക്കുറിച്ചും അതിൽ കൂടുതൽ സുതാര്യമായ നയങ്ങൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളെല്ലാം വിവരിക്കുന്ന ലേഖനങ്ങളും വാർത്തകളും വലിയതോതിൽ അച്ചടി മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും വന്നു. കേരളം ഉന്നയിച്ച വിഷയങ്ങൾ പൊതുവിൽ അംഗീകരിക്കപ്പെട്ടു. അതിന്റെ ഭാഗമായിത്തന്നെയാണ്‌ തമിഴ്‌നാടും കോൺഗ്രസ്‌ ഭരിക്കുന്ന കർണാടകവും തെലങ്കാനയും മറ്റ്‌ പല പ്രതിപക്ഷ സംസ്ഥാനങ്ങളടക്കം ഈ വിഷയം ഗൗരവമായിത്തന്നെ ഏറ്റെടുക്കാൻ തയ്യാറായത്‌. ചില സംസ്ഥാനങ്ങൾ ഇതേ വിഷയങ്ങൾ ഉന്നയിച്ച്‌ സുപ്രീംകോടതിയിലേക്കുതന്നെ പോയിരിക്കുകയാണ്‌.

കേരളത്തിന്റെ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം നടക്കുമ്പോൾ, അതിലെ സംസ്ഥാനത്തിന്റെ ആവശ്യങ്ങളിൽ ഏതെങ്കിലും അംഗീകരിച്ചാൽ മറ്റ്‌ സംസ്ഥാനങ്ങളും സമാനവാദവുമായി വരുമെന്ന ന്യായമാണ്‌ കേന്ദ്ര സർക്കാരിനായി അഭിഭാഷകർ മുന്നോട്ടുവച്ചത്‌. അത്‌ തങ്ങൾക്ക്‌ ബുദ്ധിമുട്ട്‌ ഉണ്ടാക്കുമെന്ന വാദവും നിരത്തി. കൊടുക്കേണ്ടതല്ല, കൊടുക്കാവുന്നതാണ്‌ എന്നിങ്ങനെ ന്യായത്തിന്റെ അടിസ്ഥാനത്തിൽമാത്രം എടുക്കാവുന്ന തീരുമാനങ്ങളിൽ അഭിപ്രായം പറയേണ്ട കേന്ദ്ര സർക്കാർ, മറ്റുചില വാദങ്ങൾ ഉയർത്താനാണ്‌ ശ്രമിച്ചത്‌.

ഹർജി വിഷയം പൊതുചർച്ച ആയപ്പോഴും, കോടതി വിധി വന്നശേഷവും കേരളത്തിൽ കോൺഗ്രസ്‌ നേതൃത്വം നൽകുന്ന പ്രതിപക്ഷം സംസ്ഥാനം പറയുന്ന കാര്യങ്ങളൊന്നും ശരിയല്ലെന്ന പ്രചാരണത്തിനാണ്‌ ശ്രമിച്ചത്‌. കോടതിയിൽ ഉയർത്തിയ വാദങ്ങളിലൊന്നും അടിസ്ഥാനമില്ലെന്നായി പ്രതിപക്ഷ നിലപാട്‌. എന്നാൽ, നിയമസഭയ്‌ക്ക്‌ അകത്തും പുറത്തും പ്രതിപക്ഷ നേതാവും യുഡിഎഫ്‌ നേതാക്കളും പറഞ്ഞ കാര്യങ്ങൾ ശരിയല്ലെന്നും കേരളം പറഞ്ഞതിൽ കഴമ്പുണ്ടെന്നും സംസ്ഥാനത്തിന്‌ അർഹമായ നികുതി വിഹിതമടക്കം കിട്ടുന്നില്ലായെന്നതും ഇപ്പോൾ എല്ലാവരും അംഗീകരിക്കുന്നു.

സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വേണ്ടത്ര കിട്ടുന്നില്ലെന്നതാണ്‌ യഥാർഥ പ്രശ്‌നം. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിൽനിന്ന്‌ സമാഹരിക്കുന്ന നികുതിയുടെ ഒരു ഭാഗമാണ്‌ നികുതി വിഹിതമായി താഴേയ്‌ക്ക്‌ തരുന്നത്‌. കേരളത്തിനാകട്ടെ, പത്താം ധന കമീഷന്റെ കാലത്ത്‌ കിട്ടിയിരുന്ന 3.8 ശതമാനം നികുതി വിഹിതം നിലവിലെ പതിനഞ്ചാം ധന കമീഷന്റെ കാലത്ത്‌ 1.9 ശതമാനത്തിലേക്ക്‌ താഴ്‌ത്തിയതിലൂടെ വലിയതോതിൽ വരുമാനത്തിൽ ഇടിവുണ്ടായിട്ടുണ്ട്‌. ജിഎസ്‌ടിയും കൂടി നടപ്പായ സാഹചര്യത്തിൽ നികുതി ശേഖരിക്കുന്നതിനുള്ള അവകാശങ്ങളുടെയും അധികാരങ്ങളുടെയും ഏറ്റവും വലിയ പങ്ക്‌ കേന്ദ്ര സർക്കാരിന്റെ കൈകളിലായി. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ വളരെ ചുരുങ്ങി. സർക്കാർ വകുപ്പുകളുടെ നിലവാരത്തിലേക്ക്‌ അവ താഴ്‌ത്തപ്പെടുകയും ചെയ്യുന്നു. ഇതാണ്‌ കേരളം ചോദ്യം ചെയ്യുന്ന പ്രധാന വിഷയം. സംസ്ഥാനങ്ങൾക്ക്‌ അർഹതയുള്ള അവകാശം കിട്ടണമെന്ന പ്രശ്‌നമാണ്‌ കേരളം ഉന്നയിക്കുന്നത്‌.

ഇവ കേരളത്തിന്റെമാത്രം വിഷയങ്ങൾ അല്ല. രാജ്യത്തെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും നേരിടുന്ന പ്രശ്‌നങ്ങളാണ്‌. എല്ലാ പ്രതിപക്ഷ സംസ്ഥാനങ്ങൾക്കും ഇത്തരം കടുത്ത വിവേചനമാണ്‌ അനുഭവിക്കേണ്ടിവരുന്നത്‌. കേന്ദ്ര സർക്കാരിന്റെ ഗ്രാന്റുകൾ അനുവദിക്കുന്നതിൽ ഭരണഘടനാപരമായ മാനദണ്ഡങ്ങൾക്കല്ല, സംസ്ഥാനങ്ങളുടെ ഭരണനേതൃത്വത്തിൽ ആര്‌ എന്നതിനാണ്‌ മുൻഗണന നൽകിയിരിക്കുന്നത്‌. ഇതേ അവസ്ഥതന്നെയാണ്‌ വായ്‌പ എടുക്കുന്ന കാര്യത്തിലും പ്രതിപക്ഷ സംസ്ഥാനങ്ങൾ നേരിടേണ്ടിവരുന്നത്‌. ഇല്ലാത്ത നിബന്ധനകൾ അടിച്ചേൽപ്പിക്കുന്നു, അതിന്‌ മുൻകാല പ്രാബല്യം നൽകി നടപ്പുസാമ്പത്തിക വർഷത്തിലെ വായ്‌പാനുമതിയിൽ വെട്ടിക്കുറവ്‌ വരുത്തുന്നെന്ന അതീവ ഗുരുതരമായ പ്രശ്‌നമാണ്‌ ഇപ്പോൾ കേരളം നേരിടുന്നത്‌. സംസ്ഥാന ബജറ്റിനെ തകിടം മറിക്കുന്നതാണ്‌ ഇത്തരം നിലപാടുകൾ. വായ്‌പ അടക്കമുള്ള വരുമാന സ്രോതസ്സുകളെ അടിസ്ഥാനമാക്കിയാണ്‌ ബജറ്റിൽ സംസ്ഥാനത്തിന്റെ പദ്ധതി, പദ്ധതിയേതര പ്രവർത്തനങ്ങളുടെ മുൻഗണനയും വിഹിതവും നിശ്ചയിക്കുന്നത്‌. സംസ്ഥാന ബജറ്റിനെപ്പോലും തകിടം മറിക്കുന്ന രീതിയിലാണ്‌ പിന്നീട്‌ വായ്‌പാനുമതിയുടെ കാര്യത്തിൽ കേന്ദ്രത്തിന്റെ അനാവശ്യ ഇടപെടൽ. ഭരണഘടനാപരമായും നിയമവിധേയമായും സംസ്ഥാനങ്ങൾക്ക്‌ എടുക്കാൻ പറ്റുന്ന വായ്‌പയ്‌ക്ക്‌ പരിധിയുണ്ട്‌. 2003ലെ ധന ഉത്തരവാദിത്വ നിയമത്തിൽ 2018ൽ പാർലമെന്റ്‌ വരുത്തിയ ഭേദഗതിയിലൂടെ സംസ്ഥാനങ്ങളുടെ വായ്‌പാപരിധി നിശ്ചയിക്കാനും വായ്‌പയ്‌ക്ക്‌ അനുമതി നൽകുന്നതിനുമുള്ള അധികാരം കേന്ദ്ര സർക്കാരിൽ നിക്ഷിപ്‌തമാക്കി. ഇതനുസരിച്ച്‌ കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ മാത്രമേ സംസ്ഥാനത്തിന്‌ കടമെടുക്കൽ സാധ്യമാകൂ. കേന്ദ്രം സമ്മതം അറിയിക്കുന്ന ഘട്ടത്തിൽമാത്രമാണ്‌ ധന വിപണിയിൽ സംസ്ഥാനങ്ങളുടെ കടപത്രം റിസർവ്‌ ബാങ്ക്‌ ലേലത്തിന്‌ വയ്‌ക്കുന്നത്‌. കേന്ദ്ര സർക്കാരിന്റെയും റിസർവ്‌ ബാങ്കിന്റെയും അനുമതിയില്ലാതെ ഒരു രൂപപോലും കടമെടുക്കാൻ സംസ്ഥാനത്തിനാകില്ല. വസ്‌തുത ഇതായിരിക്കെയാണ്‌ കേരളം നിയന്ത്രണമില്ലാതെ വായ്‌പ എടുക്കുന്നതായി പ്രചരിപ്പിക്കുന്നത്‌. സംസ്ഥാനത്തിന്‌ തിരിച്ചടയ്‌ക്കാൻ കഴിയുമെന്ന്‌ ഉറപ്പുള്ള വായ്‌പാ പരിധിയാണ്‌ നിശ്ചയിച്ചിട്ടുള്ളത്‌. അതുതന്നെ എടുക്കാൻ അനുവദിക്കില്ല എന്നനിലയിൽ, വിവേചന സ്വഭാവത്തോടെ കേരളത്തെ വൈര്യനിര്യാതന ബുദ്ധിയോടെ കാണുന്നുവെന്നതാണ്‌ ഈ കേസിന്റെ ഭാഗമായി ഉന്നയിച്ചിട്ടുള്ള മറ്റൊരു പ്രശ്‌നം.

നേരത്തേ സൂചിപ്പിച്ചതുപോലെ സംസ്ഥാനത്തിന്‌ അർഹതയുള്ള കേന്ദ്ര നികുതി വിഹിതം കൃത്യമായി ലഭിക്കുകയാണെങ്കിൽ വലിയതോതിൽ കടമെടുക്കാതെതന്നെ സംസ്ഥാനങ്ങൾക്ക്‌ മുന്നോട്ടു പോകാനാകുമെന്നതാണ്‌ ഏറ്റവും പ്രധാനപ്പെട്ട കാര്യം. വരുമാനം വലിയതോതിൽ വർധിപ്പിക്കാനും സാമ്പത്തിക പ്രക്രിയ ഊർജിതമാക്കാനും കഴിഞ്ഞതുകൊണ്ടുമാത്രമാണ്‌ കേരളത്തിന്‌ ഇപ്പോൾ തകർച്ചയിൽ എത്താതെ പിടിച്ചുനിൽക്കാനാകുന്നത്‌ എന്നതാണ്‌ വസ്‌തുത. 2020– 21ൽ സംസ്ഥാനത്തിന്റെ തനത്‌ നികുതി വരുമാനം 47,000 കോടി രൂപയായിരുന്നു. 2023–24ൽ ഇത്‌ 77,000 കോടിയായി ഉയർത്താനായി. വെറും മൂന്നുവർഷത്തിനുള്ളിലാണ്‌ അറുപത്‌ ശതമാനത്തോളം വർധന സാധ്യമാക്കിയത്‌. ഈ വർധനകൂടി വന്നില്ലായിരുന്നെങ്കിൽ, കേന്ദ്ര സർക്കാരിന്റെ നിലവിലെ സംസ്ഥാനവിരുദ്ധ നിലപാടുകാരണം കേരളത്തിന്റെ എല്ലാ സാമ്പത്തിക കാര്യങ്ങളും തകർച്ചയിലേക്ക്‌ എത്തുമായിരുന്നു.

നികുതി വരുമാനം വെട്ടിക്കുറയ്‌ക്കുന്നതിനൊപ്പം അർഹമായ വായ്‌പപോലും നിഷേധിച്ച്‌ ശ്വാസംമുട്ടിക്കുകയാണ് കേന്ദ്രം. സംസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്ന ഈ നിലപാടിനെതിരെ യോജിച്ച പ്രവർത്തനങ്ങളും ചർച്ചകളും ഉയർന്നുവരേണ്ട ഘട്ടമാണിത്‌. കൂടുതൽ കരുത്താർജിച്ച് , സംസ്ഥാനങ്ങളാകെ ഒരുമിച്ച്‌ സഹകരണ ഫെഡറലിസം ശക്തിപ്പെടുത്തുന്നതിനായി മുന്നോട്ടുവരേണ്ട അവസരമാണിത്‌.
 

കൂടുതൽ ലേഖനങ്ങൾ

തനിക്കെതിരായി നടക്കുന്ന ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി

തനിക്കെതിരായി നടക്കുന്ന ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിൽ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.

മെയ് ദിനം നീണാൾ വാഴട്ടെ

സ. പിണറായി വിജയൻ

ഇന്ന് മെയ് ദിനം. മുതലാളിത്ത വ്യവസ്ഥയിൽ അന്തർലീനമായ ചൂഷണവും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലും ഇല്ലാതാക്കി തുല്യതയിൽ പടുത്തുയർത്തിയ ഒരു പുത്തൻ സാമൂഹികക്രമം സാധ്യമാണെന്ന ഓർമപ്പെടുത്തലാണ് ഏതൊരു മെയ് ദിനവും.

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം ഓർമ്മപ്പെടുത്തുന്നത്

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്.

ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയ ശോഭാസുരേന്ദ്രൻ, കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ സ. ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു

പാർടിയേയും തന്നെയും അധിക്ഷേപിക്കുന്നതിന് വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയ ബിജെപി നേതാവ്‌ ശോഭാസുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ സ. ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു.