Skip to main content

കേരളത്തിൽ പോരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്ന ബിജെപി നിലപാടിന്റെ നടത്തിപ്പുകാരായി കോൺഗ്രസും മുസ്ലിംലീഗും മാറി

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് വോട്ട് ചെയ്ത പ്രധാന വിഭാഗത്തിന് ഒരു കാരണമുണ്ടായിരുന്നു. പ്രചാരവേലയിലൂടെ ബോധപൂർവം നിർമിച്ചതാണെങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിനും ബിജെപിക്ക് ബദലായ ഭരണത്തിന് നേതൃത്വം നൽകുന്നതിനും കോൺഗ്രസിനേ കഴിയൂ എന്ന വിശ്വാസമായിരുന്നു ആ കാരണം. മതനിരപേക്ഷവാദികളും മതന്യൂനപക്ഷത്തിൽപ്പെട്ടവരുമായിരുന്നു ഈ വിഭാഗം. എന്നാൽ, പിന്നിട്ട അഞ്ചുവർഷത്തെ അനുഭവങ്ങൾ അവരിൽ നല്ലൊരു വിഭാഗത്തെ യാഥാർഥ്യബോധത്തിലേക്ക് എത്തിച്ചിട്ടുണ്ട്. കോൺഗ്രസും ലീഗും ഇപ്പോൾ എടുക്കുന്ന നിലപാടുകൾ കാണുമ്പോൾ അവശേഷിക്കുന്നവരും എങ്ങനെ ഇവർക്ക് വോട്ടുചെയ്യും.

പൗരത്വഭേദഗതി നിയമം മതനിരപേക്ഷ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രധാന വിഷയങ്ങളിലൊന്നാണ്. രാജ്യത്ത് ജീവിക്കുന്ന പൗരൻമാരും അല്ലാത്തവരുമായ എല്ലാ മനുഷ്യർക്കും ഭരണഘടന ഉറപ്പുനൽകുന്ന നിയമത്തിനു മുമ്പിലുള്ള തുല്യതയും നിയമപരമായ സംരക്ഷണവും മുസ്ലിംവിഭാഗത്തിനുമാത്രം നിഷേധിക്കുന്ന വിഷയം യഥാർഥത്തിൽ ഒരു മുസ്ലിം വിഷയം മാത്രമല്ല. രാജ്യത്ത് ആദ്യമായി മതം പൗരത്വത്തിന് അടിസ്ഥാനമാകുമ്പോൾ മതനിരപേക്ഷ രാജ്യം എന്ന അടിസ്ഥാനഭാവം മതരാഷ്ട്രസ്വഭാവത്തിലേക്ക് മാറുകയാണ്. അതോടെ മതത്തെ അടിസ്ഥാനപ്പെടുത്തി പൗരത്വം നൽകാനും നൽകാതിരിക്കാനുമുള്ള വാതിൽ ആദ്യമായി തുറക്കുകയാണ്. ഇന്ന് മുസ്ലിമിനെയാണ് ലക്ഷ്യം വയ്ക്കുന്നതെങ്കിൽ നാളെ അത് ക്രൈസ്‌തവരെയാകാം, മറ്റന്നാൾ ആരെയുമാകാം. ഒരിക്കൽ വാതിൽ തുറക്കാൻ അനുവദിച്ചാൽ നിങ്ങൾക്ക് എതിരെ വരുമ്പോൾമാത്രം അതിലൂടെ പുറത്തേക്ക് തള്ളാൻ അനുവദിക്കാതിരിക്കാൻ കഴിയില്ലെന്നു ചുരുക്കം. ഇത്രയും ഗൗരവമായ മാനങ്ങളുള്ള വിഷയത്തിൽ ഒരു നിലപാടും പ്രകടനപത്രികയിൽ പ്രഖ്യാപിക്കാത്ത കോൺഗ്രസിന് വോട്ടുചെയ്യാൻ ഏതു മതനിരപേക്ഷ വാദിക്ക് കഴിയും.

രാജ്യം മതനിരപേക്ഷ രാജ്യമായി തുടരണോ അതോ മതരാഷ്ട്രമായി മാറണോ എന്ന പ്രശ്നത്തിലെ നിലപാട് പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട വിഷയമല്ലെന്നാണ് ബിജെപിക്ക് രാജ്യസഭാ സീറ്റ് ദാനം നൽകാമെന്നു സമ്മതിച്ച് കേരളത്തിൽ മത്സരിക്കുന്ന കെ സി വേണുഗോപാൽ പറഞ്ഞത്. നേരം വെളുത്തിട്ട് നിലപാട് പറയാമെന്നു പറഞ്ഞ് എഴുന്നേറ്റു പോയ കോൺഗ്രസ് പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ ഇതുവരെ ഉറക്കമെഴുന്നേറ്റ മട്ടില്ല.

പൗരത്വഭേദഗതി നിയമത്തിൽ കോൺഗ്രസ് നേതൃത്വം ഇതുവരെയും പ്രതികരിച്ചില്ലല്ലോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പി കെ കുഞ്ഞാലിക്കുട്ടി നൽകിയ ഉത്തരം മുസ്ലിംലീഗിന്റെ അവസ്ഥയെ തുറന്നുകാണിക്കുന്നതായിരുന്നു. രാഹുൽ ഗാന്ധി കേരളത്തിൽ വരുന്നുണ്ടല്ലോ അപ്പോൾ വ്യക്തമാക്കുമെന്ന പ്രതികരണം പൗരത്വഭേദഗതി നിയമത്തെ കേരളത്തിൽ വോട്ടുകിട്ടേണ്ട പ്രശ്നമായി മാത്രം മുസ്ലിംലീഗും കാണുന്നുവെന്നതിന്റെ പരസ്യപ്രഖ്യാപനമായിരുന്നു. ഇത്രയും വിധേയത്വ "തൊമ്മിത്തം' ലീഗ് കാണിച്ചുവെങ്കിലും കേരളത്തിൽ നാമനിർദേശപത്രിക നൽകാൻമാത്രം വന്ന രാഹുൽ ഗാന്ധി പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് ഒരക്ഷരംപോലും ഉരിയാടിയുമില്ല. രാഹുൽ ഗാന്ധിയുടെ അംഗീകാരത്തോടെ തയ്യാറാക്കിയ പ്രകടനപത്രികയിലെ ഹിന്ദുത്വ നിശ്ശബ്ദതയാണ് അദ്ദേഹം വയനാട്ടിലും പുലർത്തിയത്.

ഈ കുറ്റകരമായ നിലപാടിന്റെ പ്രതിഫലനമാണ് കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ പരിഹാസത്തിലും കണ്ടത്. കേരളത്തിൽ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ പാർലമെന്റ്‌ പാസാക്കിയ നിയമം നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ നിലപാട്. കഴിഞ്ഞ സർക്കാരിന്റെ സമയത്ത് നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പിന്താങ്ങി സംസാരിച്ച അന്ന് എംഎൽഎ മാത്രമായിരുന്ന വി ഡി സതീശൻ പ്രതിപക്ഷ നേതാവായപ്പോൾ, അഖിലേന്ത്യ കോൺഗ്രസ് നിലപാടിനൊപ്പംനിന്ന് തള്ളിപ്പറഞ്ഞു. “മൗലികാവകാശങ്ങൾക്ക് എതിരായ നിയമങ്ങൾ പാർലമെന്റിലോ നിയമസഭയിലോ പാസാക്കിയാൽ നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ഭരണഘടനയിൽതന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്'' എന്നായിരുന്നു അന്ന് അദ്ദേഹം നിയമസഭയിൽ പ്രസംഗിച്ചത്. നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ആധികാരികമായി പ്രതിപക്ഷ നേതാവ് തന്നെ പ്രഖ്യാപിച്ച നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ അദ്ദേഹം മലക്കംമറിഞ്ഞു. കേരളത്തിൽ നിയമം നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്ന ബിജെപി നിലപാടിന്റെ നടത്തിപ്പുകാരായി കോൺഗ്രസും മുസ്ലിംലീഗും മാറി. സംസ്ഥാന സർക്കാരിന്റെ ശരിയായ നിലപാടിനൊപ്പം ശക്തമായി മുസ്ലിംലീഗെങ്കിലും നിലകൊള്ളുമെന്ന് പലരും കരുതിയെങ്കിലും അവർ കോൺഗ്രസിന്റെ നിലപാടിന് കീഴടങ്ങി. ഒരു മതനിരപേക്ഷ വാദിക്കും ഈ നിർണായകഘട്ടത്തിൽ ഈ കൂട്ടുകെട്ടിന് വോട്ട് ചെയ്യാൻ കഴിയില്ലെന്നതാണ് യാഥാർഥ്യം.

അഖിലേന്ത്യ തലത്തിൽ ഭൂരിപക്ഷ മത വോട്ടുകൾ നഷ്ടപ്പെടുമോ എന്ന ഉൽക്കണ്ഠയാണ് കോൺഗ്രസ് നിശ്ശബ്ദതയ്‌ക്ക് പിറകിലുള്ളത്. കോൺഗ്രസ് സ്വീകരിച്ച മൃദുഹിന്ദുത്വ സമീപനം ബിജെപിക്ക് സഹായകരമാകുക മാത്രമാണ് ചെയ്തതെന്ന ചരിത്രപാഠം ഇതുവരെയും കോൺഗ്രസ് ഉൾക്കൊണ്ടിട്ടേയില്ല, കോൺഗ്രസ് ദേശീയ പാർടി ആയതുകൊണ്ട് ചില പ്രശ്നങ്ങളിൽ നിലപാട് സ്വീകരിക്കാൻ പരിമിതികളുണ്ടെന്നാണ് കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പറഞ്ഞത്. മുസ്ലിമിനോട് വിവേചനമുള്ള നിയമമെന്ന് ലീഗ് നേതൃത്വംതന്നെ പറയുന്ന ഒരു നിയമം കേരളത്തിലും നടപ്പാക്കേണ്ടിവരുമെന്നു പറയുന്ന കോൺഗ്രസിന് ചൂട്ടുപിടിക്കുന്ന പാർടിയായി മുസ്ലിംലീഗ് മാറുമ്പോൾ ആ പാർടിക്കൊപ്പം നിൽക്കാൻ അവരുടെ അണികൾക്കുപോലും കഴിയില്ലെന്നതാണ് യാഥാർഥ്യം.

വയനാട്ടിൽ രാഹുൽ ഗാന്ധി വന്നപ്പോൾ ലീഗ് കൊടിയുയർത്താതിരിക്കാൻവേണ്ടി ആരുടെയും കൊടി വേണ്ടെന്ന് തീരുമാനിച്ചതും കോൺഗ്രസിന്റെ ഈ മൃദുഹിന്ദുത്വ സമീപനത്തിന്റെ ഭാഗമാണ്. ബിജെപി വിമർശത്തെ വസ്തുതകൾ പറഞ്ഞ് പ്രതിരോധിക്കാൻ കോൺഗ്രസിന് ധൈര്യമില്ല. പൗരത്വഭേദഗതി നിയമം റദ്ദുചെയ്യണമെന്ന ആവശ്യം മുസ്ലിം പ്രീണനമല്ലെന്നും അത് ഭരണഘടന ഉയർത്തിപ്പിടിക്കലും മതനിരപേക്ഷ രാഷ്ട്രത്തെ സംരക്ഷിക്കലുമാണെന്നു പറയാൻ അവർക്ക് കഴിയുന്നില്ല. പച്ചക്കൊടി തങ്ങളുടെ ഘടക കക്ഷിയായ മുസ്ലിംലീഗിന്റെ ആണെന്നും ബിജെപി പ്രചരിപ്പിക്കുന്നതുപോലെ പാകിസ്ഥാന്റെ അല്ലെന്നും തുറന്നുപറയാനും ഹൈക്കമാൻഡിന്‌ കഴിയുന്നുമില്ല.

എന്നാൽ, എന്തും ചെയ്തും കോൺഗ്രസിന്‌ വിധേയപ്പെട്ട ചരിത്രമുള്ള മുസ്ലിംലീഗ് നേതൃത്വത്തിന് ഇതൊന്നും പുത്തരിയല്ല. 1960ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നണിയുടെ ഭാഗമായി 12 സീറ്റിൽ മത്സരിച്ച് 11ലും വിജയിച്ചെങ്കിലും ലീഗിന് മന്ത്രിസ്ഥാനം നൽകാൻ അന്ന് തയ്യാറായില്ല. വിമോചനസമരത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജയിക്കാൻ ആരുമായും കൂട്ടുകൂടാൻ തയ്യാറായ കോൺഗ്രസ് പാലം കടന്നപ്പോൾ ലീഗിനെ തഴഞ്ഞു. വിധേയത്വത്തോടെ ലീഗും സ്പീക്കർ സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. എന്നാൽ, സ്പീക്കറായിരുന്ന സീതി സാഹിബ് അന്തരിച്ചപ്പോൾ സി എച്ച് മുഹമ്മദ്കോയയെ സ്പീക്കറാക്കണമെങ്കിൽ ലീഗ് അംഗത്വം രാജിവയ്‌ക്കണമെന്ന പുതിയ വ്യവസ്ഥ കോൺഗ്രസ് മുന്നോട്ടുവച്ചു. അതിനും വഴങ്ങി ലീഗിൽനിന്നും രാജിവച്ചാണ് സി എച്ച് സ്പീക്കറായത്. ലീഗിനെ തൊപ്പി ഊരിച്ചു എന്ന കോൺഗ്രസ് പരിഹാസവും ലീഗ് നേതൃത്വം ആസ്വദിച്ചു.

ഇതെല്ലാം സ്ഥാനത്തിനുവേണ്ടിയുള്ള കീഴടങ്ങലുകളായിരുന്നെങ്കിൽ ബാബ്‌റി മസ്ജിദ് തകർത്തപ്പോൾ കേരളത്തിൽ അധികാരത്തിൽ തുടരാൻമാത്രം ലീഗ് കോൺഗ്രസിനെ പിന്തുണച്ചു. പള്ളി തകർക്കുന്നതിന് കുറ്റകരമായ മൗനത്തിലൂടെ പിന്തുണ നൽകിയ കോൺഗ്രസ് നയിക്കുന്ന മന്ത്രിസഭയിൽ കേരളത്തിൽ തുടരുന്നതിനും കേന്ദ്രത്തിൽ നരസിംഹ റാവുവിനെ തുടർന്നും പിന്തുണയ്‌ക്കുന്നതിനും ലീഗിന് മടിയില്ലാതായത് ഇതിന്റെ ഭാഗമാണ്. ആ മനോഭാവം ലീഗിൽ അടിയുറച്ചുപോയതുകൊണ്ടാണ് ബാബ്‌റി മസ്ജിദ് തകർത്തിടത്താണ് രാമക്ഷേത്രം നിർമിച്ചതെന്ന് എഴുതാൻ ആ പാർടിയുടെ മുഖപത്രമായ ചന്ദ്രികയ്‌ക്ക് കഴിയാതെ പോയത്.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി മോദിക്കല്ലെന്നും അത് രാജീവ് ഗാന്ധിക്കാണെന്നും കമൽനാഥ് ആവേശപൂർവം പറയുമ്പോൾ മനസ്സുകൊണ്ട് ലീഗും കൈയടിക്കുന്നുണ്ട്. ഇനിയൊരിക്കലും ആർക്കും തുറക്കാൻ കഴിയാത്തവിധം പൂട്ടി താക്കോൽ സരയൂ നദിയിലേക്ക് എറിഞ്ഞുകളയാൻ നെഹ്‌റു പറഞ്ഞ അയോധ്യയിലെ തർക്കസ്ഥലത്ത് ശിലാന്യാസം നടത്താൻ രാജീവ് ഗാന്ധി അനുവദിക്കുമ്പോൾ കോൺഗ്രസ് മുന്നണിയുടെ ഭാഗമായിരുന്നു മുസ്ലിംലീഗ്. അതുകൊണ്ട് കോൺഗ്രസ് അവകാശപ്പെടുന്ന ക്രെഡിറ്റിന്റെ ഒരു ചെറിയ ഭാഗം മുസ്ലിംലീഗിനും അവകാശപ്പെടാവുന്നതാണ്. 1989ൽ അയോധ്യ ഉൾക്കൊള്ളുന്ന ഫൈസാബാദ് ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പുപ്രചാരണ ഉദ്‌ഘാടനത്തിനായി തെരഞ്ഞെടുക്കുമ്പോഴും രാമരാജ്യം സ്ഥാപിക്കലാണ് ലക്ഷ്യമെന്ന് കോൺഗ്രസ് പ്രഖ്യാപിക്കുമ്പോഴും ഘടക കക്ഷിയായി കേരളത്തിൽ പിന്തുണയ്‌ക്കാൻ മുസ്ലിംലീഗുണ്ടായിരുന്നുവെന്നതും ചരിത്രത്തിന്റെ ഭാഗം. ക്ഷേത്രം നിർമിക്കുന്നതിന് തറയൊരുക്കി കൊടുത്തതിന്‌ നരസിംഹ റാവുവിന് ഭാരതരത്നം നൽകുമ്പോൾ അതിലും ലീഗിന് ന്യായമായും പങ്ക് അവകാശപ്പെടാം.

ഇന്ത്യയുടെ ഭാവി നിർണയിക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പിൽ നിശ്ശബ്ദരാകാൻ അവകാശമില്ലാത്ത വിഷയങ്ങളിലെ കോൺഗ്രസ് മൗനവും ലീഗ് പിന്തുണയും ഇപ്പോഴും അവർക്കൊപ്പം നിൽക്കുന്ന മതനിരപേക്ഷവാദികളെ വഞ്ചിക്കലാണ്. എന്തുചെയ്താലും കുഴപ്പമില്ലെന്ന ഈ ധിക്കാരം അവരുടെ അണികൾപോലും വച്ചുപൊറുപ്പിക്കില്ലെന്നുറപ്പ്. ബിജെപി മനസ്സുള്ള കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനൊപ്പംനിന്ന് മുസ്ലിംലീഗും അതേ മാനസികാവസ്ഥയിലെത്തിയിരിക്കുന്നു. ബിജെപിക്ക് എപ്പോൾ വേണമെങ്കിലും ഒന്നിച്ചു പിൻവലിക്കാവുന്ന ഫിക്സഡ് ഡിപ്പോസിറ്റാകാവുന്ന യുഡിഎഫിനെ പരാജയപ്പെടുത്തേണ്ടത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അവരെ വിജയിപ്പിച്ചവരുടെ പ്രധാന ഉത്തരവാദിത്വമായി മാറുന്നത് ഈ പശ്ചാത്തലത്തിലാണ്.
 

കൂടുതൽ ലേഖനങ്ങൾ

മോദി- ഷാ ഭരണം ഇന്ത്യയിൽ നടത്തുന്ന ഏകാധിപത്യ നടപടികൾ ഓരോന്നായി ഇപ്പോൾ സുപ്രീംകോടതി ഇടപെടലോടെ തുറന്നുകാട്ടപ്പെടുകയാണ്

സ. എം ബി രാജേഷ് 

ഇതാ, മുഖമടച്ച മറ്റൊരു പ്രഹരം കൂടി മോദി ഭരണകൂടത്തിന് ലഭിച്ചിരിക്കുന്നു. സത്യത്തിന്റെ ധീരനായ പോരാളിയും ന്യൂസ്ക്ലിക്ക് സ്ഥാപകനുമായ പ്രബീർ പുർക്കായസ്ഥയെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട വാർത്ത ഏറെ ആഹ്ലാദം ഉണ്ടാക്കുന്നതാണ്.

ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാൻ സാധിക്കുമെന്ന യൂണിയൻ ഗവണ്മെൻ്റിൻ്റെ ധാർഷ്ട്യത്തിന് നിയമത്തിൻ്റെ പിന്തുണയോടെ തിരിച്ചടി നൽകാൻ പ്രബീർ പുർക്കയസ്തയ്ക്ക് സാധിച്ചു

സ. പി രാജീവ്

മാധ്യമപ്രവർത്തകനായ പ്രബീർ പുർക്കയസ്തയുടെ അറസ്റ്റ് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി യൂണിയൻ ഗവണ്മെൻ്റിനേറ്റ ശക്തമായ തിരിച്ചടിയായി മാറുകയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടി

സ. ടി എം തോമസ് ഐസക്

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി സത്യത്തിൽ ഡൽഹി പോലീസിന് മാത്രമല്ല, രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടിയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി പത്രസ്വാതന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനുമെതിരെ മോദി സർക്കാർ നടപ്പാക്കിയ ഏകാധിപത്യ നടപടികളെ കൂടുതൽ ചോദ്യം ചെയ്യാനുള്ള അവസരം ഒരുക്കും

സ. എം എ ബേബി

ന്യൂസ്ക്ലിക്ക് എന്ന ഓൺലൈൻ വാർത്താ പോർട്ടൽ സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുർകായസ്ഥയുടെ യുഎപിഎ പ്രകാരമുള്ള അറസ്റ്റും തടവും നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ ഒക്ടോബർ മുതൽ പ്രബീർ ദില്ലിയിലെ തിഹാർ ജയിലിൽ ആയിരുന്നു.