ബിജെപി നടത്തുന്ന പ്രതിപക്ഷ വേട്ടയാടലിന് പിന്തുണ നൽകുന്ന പരാമർശമാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാലക്കാട് രാഹുൽഗാന്ധി നടത്തിയത്. അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമായ പരാമർശം തിരുത്താൻ കോൺഗ്രസ് കേന്ദ്ര നേതൃത്വം ഇടപെടണം.
ബിജെപിക്കും ആർഎസ്‌എസിനുമെതിരെ ശക്തമായ പോരാട്ടം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ജയിലിലടക്കാത്തതെന്ത് എന്നാണ് കോൺഗ്രസിന്റെ ദേശീയനേതാവായ രാഹുലിന്റെ ചോദ്യം. അതിനായി ഇഡിയെ പ്രേരിപ്പിക്കുന്ന രാഹുൽ ഗാന്ധി എന്തു സന്ദേശമാണ് നൽകുന്നത്? രാഹുലിന്റെ പ്രസംഗം ഞങ്ങൾ കാര്യമാക്കുന്നില്ല. എന്നാൽ ചില ചോദ്യങ്ങളുണ്ട്.
പ്രതിപക്ഷത്തിനെതിരെ രാജ്യത്താകെ ഇഡി കേസുകൾ കെട്ടിച്ചമയ്‌ക്കുന്നതിനെ കോൺഗ്രസ് അനുകൂലിക്കുന്നുണ്ടോ? കോൺഗ്രസ് നേതാക്കൾക്കെതിരെ കെട്ടിച്ചമച്ച കേസുകളെ കുറിച്ച് എന്താണ് അഭിപ്രായം? നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും ഗാന്ധികുടുംബത്തിനുമെതിരെ കള്ളന്മാരും കൊള്ളക്കാരുമെന്ന ആക്ഷേപമുയർന്നിരുന്നു. എന്നിട്ടും അവരെയൊക്കെ ജയിലിലടക്കണമെന്ന് ഞങ്ങളാരും ആവശ്യപ്പെട്ടില്ല. രാജ്യവ്യാപകമായി പ്രതിപക്ഷ പാർട്ടികൾക്കും നേതാക്കൾക്കുമെതിരായ ബിജെപിയുടെ വേട്ടയാടലിനെ എതിർക്കുന്നതുകൊണ്ടാണത്.
പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസുകളെടുത്താൽ, അത് രാഷ്‌ട്രീയ പ്രേരിതമാണെങ്കിൽ ഞങ്ങൾ എതിർക്കും. ഹേമന്ത് സോറന്റെയും അരവിന്ദ് കെജ്രിവാളിന്റെയും അറസ്‌റ്റിനെ ഏറ്റവും ശക്തമായി ചെറുത്തത് സിപിഐ എമ്മാണ്. രാഷ്‌ട്രീയവും ആശയപരവുമാണ് സിപിഐ എമ്മിന്റെ പോരാട്ടം. ജനാധിപത്യശക്തികളെയാകെ അണിനിരത്തി ബിജെപിയെയും വർഗീയതയെയും തോൽപ്പിക്കലാണ് ലക്ഷ്യം. എന്നാൽ കോൺഗ്രസിന് അങ്ങനെയൊരു നിലപാടില്ല.