മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം മണ്ടത്തരമാണ്. രാഹുൽ ഗാന്ധിയെയും അമ്മ സോണിയ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്തപ്പോൾ സിപിഐ എം അതിനെ എതിർത്തു. പ്രതിപക്ഷത്തെ നിശബ്ദരാക്കുന്നതിന്റെ ഭാഗമായാണ് ഇഡി നടപടി എന്നായിരുന്നു അന്ന് സിപിഎമ്മും പറഞ്ഞത്. കോൺഗ്രസ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചപ്പോൾ അതും തെറ്റാണെന്ന് പാർട്ടി പറഞ്ഞു. ബിജെപിയുടെ നയങ്ങൾക്കെതിരാണ് സിപിഐ എം.
കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്നു എന്ന് കോൺഗ്രസും പറയുന്നു. എന്നാൽ, ദേശീയതലത്തിൽ കേന്ദ്ര ഏജൻസികളെ വിമർശിക്കുന്ന രാഹുൽ ഗാന്ധി കേരളത്തിൽ കേന്ദ്ര ഏജൻസികളെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്ക് എതിരായി വിളിച്ചുവരുത്തുന്നു. ഇത് ബിജെപിയെ സഹായിക്കുക മാത്രമേ ചെയ്യൂ. രാഹുൽ ഗാന്ധിയുടെ നിലപാട് ബിജെപി വിരുദ്ധ പോരാട്ടത്തിന് എതിരാണ്. ബിജെപിയെ സഹായിക്കുന്ന പ്രസ്താവനകൾ നടത്താതെ സ്വന്തം പാർട്ടിയിൽ നിന്ന് ആളുകൾ കൊഴിഞ്ഞുപോകുന്നത് തടയാനാണ് രാഹുൽ ശ്രമിക്കേണ്ടത്.