സംഘപരിവാർ മനസ്സുള്ള എത്രപേർ ഒപ്പമുണ്ടെന്ന് രാഹുൽ ഗാന്ധി വെളിപ്പെടുത്തണം. കേന്ദ്രസർക്കാരിനെയും ബിജെപിയെയും ചാരിനിൽക്കുന്നവരാണ് കേരളത്തിലെ യുഡിഎഫ് എംപിമാർ. എന്നാൽ ഞങ്ങളും ബിജെപിയും തമ്മിൽ അന്തർധാരയുണ്ടെന്ന് പ്രചരിപ്പിക്കാനാണ് രാഹുൽ ഗാന്ധിയും ഇവിടുത്തെ നേതാക്കളും ശ്രമിക്കുന്നത്. ഇവിടെ നിന്ന് ജയിച്ചുപോയ 18 എംപിമാർ കേന്ദ്രസർക്കാരിനും ബിജെപിക്കും ഒപ്പം ചേർന്ന് കേരള വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിലെ അന്തർധാരയെക്കുറിച്ച് രാഹുലാണ് മറുപടി പറയേണ്ടത്. പൗരത്വഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മതനിരപേക്ഷതയുടെ ഭാഗമായവരെല്ലാം എതിർത്തു. രാഹുൽ ഗാന്ധി പറയണം, നിങ്ങളുടേത് മതനിരപേക്ഷ മനസ്സാണോ, സംഘപരിവാർ മനസ്സാണോ എന്ന്.
എൽഡിഎഫും ബിജെപിയും തമ്മിൽ അന്തർധാരയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഡിഎൽഎഫ് കേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്രയ്ക്ക് ക്ലീൻ ചിറ്റ് നൽകിയവർ തമ്മിലല്ലേ അന്തർധാര. പാലക്കാട് ബെമൽ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രം തീരുമാനിച്ചപ്പോൾ കോൺഗ്രസ് മൗനത്തിലാണ്. ബെമൽ വാങ്ങാൻ താൽപ്പര്യപത്രം നൽകിയ കമ്പനിയിൽനിന്ന് 178 കോടിയാണ് ബോണ്ടിലൂടെ കോൺഗ്രസിന് കിട്ടിയത്.