ബിജെപിയാണോ മുഖ്യമന്ത്രി സ. പിണറായി വിജയനാണോ മുഖ്യശത്രുവെന്ന് കോൺഗ്രസ് വ്യക്തമാക്കണം. മുൻ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും നിലവിലെ പിസിസി അധ്യക്ഷൻമാരുമടക്കം ഉന്നത കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേക്കേറുന്നു. കേരളത്തിൽ എൽഡിഎഫും സർക്കാരും ശരിയായ നിലപാടെടുക്കുന്നത് കൊണ്ടാണ് ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയാത്തത്. കേരളത്തിൽ തന്നെ കോൺഗ്രസിൽനിന്ന് എത്ര പേരാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് മനസ്സിലാക്കണം. ബംഗാളിൽ സിപിഐ എം നേതാക്കൾ ബിജെപിയിൽ പോയെന്ന പ്രചാരണം മാധ്യമ അജൻഡയാണ്.
കോൺഗ്രസിനെ വിജയിപ്പിക്കുന്നത് ബിജെപിയെ ജയിപ്പിക്കുന്നതിന് തുല്യമാണ്. രാജ്യത്തെ മതനിരപേക്ഷതയും ഭരണഘടനയും നിലനിൽക്കുമോ എന്നതാണ് ഈ തെരഞ്ഞെടുപ്പ് നേരിടുന്ന പ്രധാനചോദ്യം. സംസ്ഥാന അടിസ്ഥാനത്തിലാണ് ഇന്ത്യാ കൂട്ടായ്‌മ ശക്തം. ബിജെപി വിരുദ്ധവോട്ടുകളുടെ ഏകീകരണമാണ് മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്‌മ ലക്ഷ്യമിടുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും ബംഗാളിലും മഹാരാഷ്‌ട്രയിലും ത്രിപുരയിലുമടക്കം ഇതര സംസ്ഥാനങ്ങളിലെല്ലാം മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്‌മ ശക്തമാണ്.