പാർടിയേയും തന്നെയും അധിക്ഷേപിക്കുന്നതിന് വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയ ബിജെപി നേതാവ് ശോഭാസുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ സ. ഇ പി ജയരാജൻ വക്കീൽ നോട്ടീസ് അയച്ചു. ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കാത്ത പക്ഷം, സിവിൽ - ക്രിമിനൽ നിയമ നടപടികൾക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ. എം രാജഗോപാലൻ നായർ മുഖേന സ. ഇ പി ജയരാജൻ നോട്ടീസ് അയച്ചത്.
വിവിധ പത്രങ്ങളിലും വാർത്താചാനലുകളിലും നൽകിയ അഭിമുഖങ്ങളിലും പ്രതികരണങ്ങളിലും ഇക്കൂട്ടർ ഇ പി ജയരാജനെതിരെ അപവാദം പ്രചരിപ്പിക്കുകയാണ് ചെയ്തത്. വസ്തുതയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ആരോപിക്കുക വഴി ഇ പി യെ മാത്രമല്ല പാർടിയേയും നേതാക്കളേയും ഇവർ അധിക്ഷേപിച്ചിരിക്കുകയാണ്. ഇ പി ജയരാജൻ ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് ദല്ലാളിനൊപ്പം തന്നെ വന്നുകണ്ടുവെന്ന ശോഭാസുരേന്ദ്രന്റെ വാദം പച്ച നുണയാണ്. കമ്മ്യൂണിസ്‌റ്റ് പാർടിയിൽ 60 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള നേതാവാണ് ഇ പി. അദ്ദേഹത്തിന്റെ പാർടി കൂറും പ്രത്യയശാസ്‌ത്രത്തോടുള്ള പ്രതിബദ്ധതയും ആർക്കും ചോദ്യം ചെയ്യാനാവാത്തതാണ്. 1995 ഏപ്രിലിൽ രണ്ട് ബിജെപിക്കാരാണ് ട്രെയിൽ വച്ച് ഇ പി യെ കൊലപ്പെടുത്താൻ ശ്രമിച്ചത്. അങ്ങിനെയുള്ള ഒരു നേതാവിനെതിരെ, തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരം അധിക്ഷേപകരമായ ആരോപണങ്ങൾ ഉന്നയിച്ചത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ്. ഉപതെരഞ്ഞെടുപ്പ് സമയത്തടക്കം മുൻപും ഇത്തരം ഗൂഢനീക്കങ്ങൾ നടന്നിട്ടുണ്ടെന്നും വക്കീൽ നോട്ടീസിൽ പറഞ്ഞു.