Skip to main content

ലോകത്ത് നടക്കുന്ന പാലസ്തീൻ ഐക്യദാർഢ്യപ്രസ്ഥാനത്തിന്റെ ഭാഗമാകാൻ ഇന്ത്യയിലെ പുരോഗമന-ജനാധിപത്യവാദികൾക്കെല്ലാം ഉത്തരവാദിത്തമുണ്ട്

വിവ പാലസ്തീന!

പലസ്തീനിലെ ഗാസാ ഖണ്ഡത്തിലെ റാഫാ പട്ടണത്തിൽ സയണിസ്റ്റ് ഇസ്രായേൽ കണ്ണിൽചോരയില്ലാത്ത സർവനാശകമായ കടന്നാക്രമണം സംഘടിപ്പിക്കുന്നതിനെ അപലപിച്ച് ശക്തമായ പ്രതിഷേധ പ്രകടനങ്ങളും പലസ്തീൻ ഐക്യദാർഢ്യറാലികളും സംഘടിപ്പിക്കുവാൻ മനുഷ്യസ്നേഹികളാകെ മുന്നോട്ടുവരണമെന്ന്‌ അഭ്യർഥിക്കുന്നു.

2023 ഒക്ടോബർ ഏഴിനുശേഷം ഗാസയിൽ സയണിസ്റ്റ്‌ ഇസ്രയേലിന്റെ നിറുത്തില്ലാത്ത കൂട്ടക്കുരുതിയാണ് നിത്യവും നടക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സൈനികശക്തിയായ അമേരിക്കയുടെ പിന്തുണയുള്ള മറ്റൊരു ഭീകരസൈനികശക്തി നിസ്സഹായരായ പൊതുജനങ്ങളുടെ നേരെ ബോംബുകൾ വർഷിച്ചുകൊണ്ടേയിരിക്കുന്നു. ഈ ആക്രമണത്തിൽ ഇതുവരെ വധിക്കപ്പെട്ടത്‌ ചുരുങ്ങിയത്‌ 33,000 പലസ്തീൻകാരാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇതിൽ 14,500 പേർ കുട്ടികളാണ്. 9500 സ്ത്രീകളും. ബോംബിംങ്ങിൽ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ട് മരിച്ചും പകുതിജീവനോടെയും കുഴിച്ചുമൂടപ്പെട്ടവർ 7,000പേർ വരും. അംഗഭംഗവും ഗുരുതരമായ പരിക്കും പറ്റി മരണവാതുക്കൽ എത്തിയവർ ഉൾപ്പടെ 70,000 ഹതഭാഗ്യരായ പലസ്തീനികൾ വേറെയും.

ഗാസയുടെ മറ്റു പ്രദേശങ്ങളിലുള്ളവരോട് സുരക്ഷിതത്വത്തിനായി റാഫയിലേക്ക് മാറാൻ ആവശ്യപ്പെട്ടത് ഇസ്രായേൽ തന്നെയാണ്. എന്നിട്ടിപ്പോൾ അവിടെ തമ്പടിച്ചിരിക്കുന്ന അശരണരായ പത്തുലക്ഷത്തിലേറെ ജനങ്ങളോട് വീണ്ടും ഒഴിഞ്ഞുമാറാൻ ആവശ്യപ്പെട്ടുകൊണ്ട് റാഫയിൽ കരയുദ്ധം ആരംഭിച്ചിരിക്കുകയാണ് ഇസ്രായേൽ. തങ്ങളുടെ അധിനിവേശത്തിന് കീഴിൽ അടക്കിവച്ചിരിക്കുന്ന ഒരു ദുർബലജനതയ്ക്കുനേരെ ഇതുവരെ നടന്ന ഭീകരാക്രമണത്തെ ആയുധം കൊണ്ടും നയതന്ത്രപിന്തുണകൊണ്ടും സഹായിച്ചിരുന്ന യുഎസ്എ പോലും ഈ കരയാക്രമണത്തെ അനുകൂലിക്കില്ല എന്ന് പറഞ്ഞു. പക്ഷേ, എന്നിട്ടും ബെഞ്ചമിൻ നെത്യനാഹു എന്ന സമകാലിക ഹിറ്റ്ലർ റാഫയിലെ രക്തരക്ഷസ് ആവാൻ തന്നെയാണ് പുറപ്പാട്.

അമേരിക്കയിലും ക്യാനഡയിലും ആസ്ത്രേലിയയിലും യൂറോപ്പിലും പലസ്തീൻ ഐക്യദാർഢ്യപ്രസ്ഥാനം പടർന്നുപിടിക്കാൻ തുടങ്ങിയതിന്റെകൂടി പ്രത്യാഘാതമായാണ്‌ ഇത്തരത്തിൽ ഇസ്രയേലിന്റെ പിന്നിൽ ഉറച്ചുനിന്നുപോന്ന രാഷ്ട്രങ്ങളിലെ ഭരണനേതൃത്വത്തിൽ ചില നേരിയമാറ്റങ്ങൾ കാണപ്പെടുന്നത്‌. യൂറോപ്പിലും അമേരിക്കയിലും ഉൾപ്പടെ അതിപ്രശസ്ത സർവകലാശാലകളിലെ വിദ്യാർഥികളും അധ്യാപകരും കാമ്പസിനുള്ളിൽ സമരത്താവളങ്ങൾ തയ്യാറാക്കി ഐക്യദാർഢ്യപ്രസ്ഥാനം ശക്തിപ്പെടുത്തുന്ന അസാധാരണ നടപടി ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്‌. അമേരിക്കയുടെ വിയറ്റ്‌നാം യുദ്ധത്തിനെതിരായി വളർന്നുവന്ന ഐക്യദാർഢ്യമുന്നേറ്റത്തിനു സമാനമായി ഇതുമാറാൻ സാധ്യതയുണ്ടെന്നാണ്‌ നിരീക്ഷകർ സൂചിപ്പിക്കുന്നത്‌. ഒക്ടോബർ ഏഴിന്‌ ശേഷം നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ കടന്നാക്രമണപദ്ധതിയ്ക്ക്‌ സമ്പൂർണ പിന്തുണ പ്രഖ്യാപിച്ച നരേന്ദ്രമോദി ആ തെറ്റായ നയം പൂർണമായും തിരുത്തിയില്ലെങ്കിലും, യുഎൻ ചർച്ചകളിലും വോട്ടെടുപ്പിലും ചെറിയ ചില തിരുത്തലുകൾക്ക്‌ നിർബന്ധിതനായത്‌ ഈ ഐക്യദാർഢ്യപ്രസ്ഥാനത്തിന്റെ സ്വാധീനം കൊണ്ടുകൂടിയാണ്‌.

ലോകത്ത് നടക്കുന്ന പാലസ്തീൻ ഐക്യദാർഢ്യപ്രസ്ഥാനത്തിന്റെ ഭാഗമാകാൻ ഇന്ത്യയിലെ പുരോഗമന-ജനാധിപത്യവാദികൾക്കെല്ലാം ഉത്തരവാദിത്തമുണ്ട്. നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാലയങ്ങളിലും തൊഴിൽശാലകളിലും വിവ പാലസ്തീന ഗാനമുയരട്ടെ. നമ്മുടെ കലാകാരും എഴുത്തുകാരും രാഷ്ട്രീയപ്രവർത്തകരും പ്രൊഫഷണലുകളും ഒക്കെ പലസ്തീനിലെ ചോരപ്പുഴയോട് നമ്മൾ കണ്ണടയ്ക്കില്ല എന്ന് ഉച്ചത്തിൽ പറയട്ടെ.

ചരിത്രം ഏകാധിപതികളോടൊപ്പമല്ല നിന്നിട്ടുള്ളത്. 65 ലക്ഷം ജൂതരെ കൊന്ന ഹിറ്റ്ലർ വെറുക്കപ്പെട്ടവനായി, തോറ്റു. അതേ വിധി തന്നെയാണ് ബെഞ്ചമിൻ നെത്യനാഹുവിനെയും സഹസയണിസ്റ്റുകളെയും കാത്തിരിക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.