Skip to main content

ഇന്ത്യന്‍ കമ്മ്യൃണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ യുഗപ്രഭാവനായ നേതാവ് സ. സുന്ദരയ്യയുടെ ഐതിഹാസിക സ്മരണയ്ക്ക് മുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍

സിപിഐഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ സഖാവ് സുന്ദരയ്യയുടെ മുപ്പത്തിയൊമ്പതാം ചരമദിനമാണിന്ന്. ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ കര്‍മധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് പി സുന്ദരയ്യ.

സാമൂഹ്യമാറ്റത്തിനുവേണ്ടി കര്‍ഷകരെയും പട്ടിണിപ്പാവങ്ങളെയും സംഘടിപ്പിച്ച് അവരോടൊപ്പം നിന്ന് ഭരണവര്‍ഗങ്ങള്‍ക്കെതിരെ ആയുധമെടുത്ത് പോരാടിയ സുന്ദരയ്യയുടെ സമരമാതൃക എക്കാലത്തും സ്മരിക്കപ്പെടും. നിസാമിന്റെ പട്ടാളത്തെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയും വെല്ലുവിളിച്ച് കമ്യൂണിസ്റ്റ് പടയാളികളെ പോരിനായി ഒരുക്കി, നേര്‍ക്കുനേര്‍ പടവെട്ടിയ സഖാവിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ തലമുറകളെ എന്നും ആവേശം കൊള്ളിക്കും.

1930കള്‍ മുതല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിവരെ നീളുന്ന ഏതാണ്ട് രണ്ടു പതിറ്റാണ്ടുകാലത്തെ സാമ്രാജ്യത്വവിരുദ്ധ - ഫ്യൂഡല്‍ വിരുദ്ധ പ്രസ്ഥാനത്തിന്റെ സന്തതിയാണ് സ. പി സുന്ദരയ്യ. കോളേജ് വിദ്യാഭ്യാസം ഉപേക്ഷിച്ച് 17-ാമത്തെ വയസ്സിൽ ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി സ. സുന്ദരയ്യ ബന്ധപ്പെടുന്ന 1930ല്‍ പാര്‍ടിക്ക് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഒരു കേന്ദ്രീകൃത സംവിധാനവുമില്ല. മിക്കവാറും നേതാക്കളെല്ലാം മീററ്റ് ഗൂഢാലോചനകേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലിലായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുവെങ്കിലും ഏകോപനമുണ്ടായിരുന്നില്ല.

അഖിലേന്ത്യാ അടിസ്ഥാനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിയവരുടെ കൂട്ടത്തില്‍ സ. സുന്ദരയ്യയും ഉണ്ടായിരുന്നു. മാര്‍ക്സിസം-ലെനിനിസത്തില്‍ അടിയുറച്ച ഒരഖിലേന്ത്യാ ബഹുജന പാര്‍ടി രൂപീകരിക്കേണ്ടതിന്റെയും അതിനെ ഒരു വിപ്ലവ പാര്‍ടിയുടെ അച്ചടക്കത്തോടുകൂടി ചിട്ടപ്പെടുത്തേണ്ടതും മുഖ്യകടമയായി സ. സുന്ദരയ്യ ഏറ്റെടുത്തു. ചെറുപ്രായത്തില്‍ (24-ാം വയസ്സില്‍) 1936ല്‍ പാര്‍ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായപ്പോഴാണ് ഈ ഉത്തരവാദിത്തം ഗൗരവത്തോടെ ഏറ്റെടുക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചത്.

സ. സുന്ദരയ്യയെ പാര്‍ടിയില്‍ ചേര്‍ക്കുകയും ദക്ഷിണേന്ത്യയില്‍ പാര്‍ടി കെട്ടിപ്പടുക്കുന്നതിന് ചുമതലപ്പെടുത്തുകയും ചെയ്ത സ. അമീര്‍ ഹൈദര്‍ഖാന്റെ അറസ്റ്റിനുശേഷം അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ദക്ഷിണേന്ത്യയില്‍ പാര്‍ടിയെ സംഘടിപ്പിക്കേണ്ട ചുമതല സ. സുന്ദരയ്യയെ ഏല്‍ക്കുകയായിരുന്നു. സ. സുന്ദരയ്യയുടെ മാര്‍ഗനിര്‍ദേശത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യത്തെ യൂണിറ്റ് കേരളത്തില്‍ രൂപീകരിക്കപ്പെട്ടത്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിക്കകത്ത് ഒരു കമ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപീകരിക്കുന്നതിനെപ്പറ്റി സ. പി കൃഷ്ണപിള്ള, സ. ഇഎംഎസ് തുടങ്ങിയവരുമായി പ്രാരംഭ ചര്‍ച്ചകള്‍ നടത്തുന്നത് സ. സുന്ദരയ്യയായിരുന്നു.

1946ല്‍ ആരംഭിച്ച ഇതിഹാസ സമാനമായ തെലങ്കാന സായുധസമരം മുന്നിൽ നിന്ന് നയിച്ചത് സ. സുന്ദരയ്യ ആയിരുന്നു. ആന്ധ്രയില്‍നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുന്ദരയ്യയെ രാജ്യസഭാ ലീഡറായും സ. എകെജിയെ ലോക്സഭാ ലീഡറായും തെരഞ്ഞെടുത്തിരുന്നു. ഇതുകൂടാതെ ഇരുസഭകളിലുമുള്ള കമ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ ലീഡറായും സ. സുന്ദരയ്യയെ തെരഞ്ഞെടുത്തു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയിലെ വലതുപക്ഷ റിവിഷനിസ്റ്റ് വ്യതിയാനങ്ങള്‍ക്കെതിരായും ഇടതുപക്ഷ തീവ്രവാദത്തിനെതിരായും ആശയസമരത്തിലേര്‍പ്പെട്ട് ശരിയായ കമ്യൂണിസ്റ്റ് പാതയില്‍ സഖാക്കളെ അണിനിരത്തിയ സ. സുന്ദരയ്യ, 1985 മെയ് 19ന് അന്തരിച്ചു.

ഇന്ത്യന്‍ കമ്മ്യൃണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ യുഗപ്രഭാവനായ നേതാവ് സ. സുന്ദരയ്യയുടെ ഐതിഹാസിക സ്മരണയ്ക്ക് മുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍.

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.