സ. ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ കെ സുധാകരനെ കുറ്റവിമുക്തനാക്കി എന്നും രാഷ്ട്രീയ ഉദ്ദേശത്തോടെ സുധാകരനെ ബോധപൂർവം പ്രതിയാക്കിയതാണെന്നും അതുകൊണ്ട് സിപിഐ എം മാപ്പ് പറയണമെന്നും കോൺഗ്രസ്സ് നേതാക്കൾ പ്രസ്താവിച്ചതായി കണ്ടു. കോൺഗ്രസ്സ് നേതാക്കളും ഒരു വിഭാഗം മാധ്യമങ്ങളും ഇതൊരു ആഘോഷമാക്കി അവതരിപ്പിച്ചിരിക്കുന്നു. എന്നാൽ കെ സുധാകരനെ ഇ പി ജയരാജന്റെ വധശ്രമകേസിൽ നിന്ന് പൂർണ്ണമായി കുറ്റവിമുക്തനാക്കി എന്ന വാദം ശരിയല്ല. ചില സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇത്തരത്തിൽ ഒരു വിധി പറഞ്ഞത് എന്നാണ് മനസിലാക്കുന്നത്. ഒരു കേസിന് രണ്ട് എഫ്ഐആർ പാടില്ല എന്നാണ് വിധിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സംഭവം നടന്ന ആന്ധ്രയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ കെ സുധാകരൻ പ്രതിയാണ്. നേരിട്ട് വധശ്രമത്തിൽ പങ്കെടുത്ത രണ്ടുപേരെ പോലീസ് പിടിക്കുകയും കോടതി ശിക്ഷയ്ക്കുകയും ചെയ്തു. ആ കേസിലെ ഗൂഢാലോചന കേസിന്റെ നടപടികളിൽ വലിയ കാലതാമസം ഉണ്ടായ ഘട്ടത്തിലാണ് തിരുവനന്തപുരത്ത് സെക്ഷൻസ് കോടതിയെ സ. ഇ പി ജയരാജൻ സമീപിക്കുകയും കോടതിയുടെ നിർദ്ദേശപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പുനരന്വേഷണം നടത്തുകയും ചെയ്തത്. ഒരു കേസിന് ആന്ധ്രയിലും കേരളത്തിലുമായി രണ്ട് എഫ്ഐആർ എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ കോടതിയുടെ വിധി ഉണ്ടായത്. നിയമപരമായ സാങ്കേതിക പ്രശ്നം ചൂണ്ടിക്കാണിച്ച് ഉണ്ടായ കോടതി വിധിയെ വധശ്രമക്കേസിൽ കെ സുധാകരനെ കുറ്റവിമുക്തനാക്കി കൊണ്ട് കോടതി വിധിച്ചു എന്ന വ്യാഖ്യാനം തെറ്റാണ്. ഈ വിധിയിന്മേൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സ. ഇ പി ജയരാജൻ പ്രസ്താവിച്ചിട്ടുണ്ട്.