പൊലീസിന്റെ അംഗബലം വർധിപ്പിക്കാനും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ജോലിഭാരം കുറയ്‌ക്കാനും ആവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. പൊലീസുകാരുടെ സമ്മർദം ലഘൂകരിക്കാൻ ആകാവുന്നതെല്ലാം ചെയ്യും. ജോലി സമ്മർദംകൊണ്ടോ കുടുംബപരമോ മാനസികമോ ആയ കാരണംകൊണ്ടോ പൊലീസുകാർ ആത്മഹത്യചെയ്യുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ എല്ലാ നടപടിയും സ്വീകരിക്കും.
പൊലീസിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നത് ഗൗരവമായി പരിശോധിക്കും. പൊലീസുകാരുടെ മനോവീര്യം തകർക്കുന്ന ഇടപെടൽ ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ആപൽബന്ധുവായാണ് പൊലീസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പ്രളയകാലത്തും കോവിഡ് സമയത്തുമൊക്കെ അതാണ് കണ്ടത്. അത് പൊലീസിന് പുതിയ മുഖം നൽകിയിട്ടുണ്ട്. പൊലീസിനെ കൂടുതൽ ആത്മവീര്യത്തോടെ പ്രവർത്തിക്കുന്ന സേനയാക്കി മാറ്റാനാവശ്യമായ എല്ലാ നടപടിയും സ്വീകരിക്കും. ഒരു വിധത്തിലുള്ള ബാഹ്യ ഇടപെടലും പൊലീസിൽ ഉണ്ടാകുന്നില്ല. പൊലീസ് സ്‌റ്റേഷനുകളിൽ നല്ല സൗകര്യമൊരുക്കണം എന്നുതന്നെയാണ് സർക്കാർ നിലപാട്.
ഭാവിയിലെ ഒഴിവടക്കം കണക്കാക്കിയാണ് റിക്രൂട്ട്‌മെന്റ് നടത്തിയത്. പൊലീസുകാർ വിആർഎസ് എടുത്തുപോകുന്നത് സംവിധാനത്തിന്റെ കുറവുകൊണ്ടല്ല. ഐഎഎസുകാരും ഐപിഎസുകാരും വിആർഎസ് എടുക്കുന്നുണ്ട്. സേനാംഗങ്ങൾക്കിടയിലെ ആത്മഹത്യക്കുള്ള കാരണങ്ങളിൽ കൂടുതലും കുടുംബപ്രശ്‌നങ്ങളും സാമ്പത്തികപ്രശ്‌നങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഇതിൽനിന്ന് ഉരുത്തിരിയുന്ന മാനസിക സംഘർഷങ്ങളുമാണ്. ഔദ്യോഗിക ജീവിതത്തിലെ പ്രശ്‌നങ്ങളും ആത്മഹത്യകൾക്ക് വഴിവച്ചിട്ടുണ്ട്. ആത്മഹത്യാപ്രവണത കുറയ്‌ക്കാനുള്ള ശ്രമങ്ങൾ സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. അർഹമായ ലീവുകൾ നൽകാനും ആഴ്‌ചാവധി നിർബന്ധമായും നൽകാനും പൊലീസ് മേധാവി പ്രത്യേക സർക്കുലർവഴി നിർദ്ദേശം നൽകിയിട്ടുണ്ട്. എട്ടു മണിക്കൂർ ജോലി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. 52 സ്റ്റേഷനുകളിൽ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാൻ നടപടി സ്വീകരിച്ചുവരുന്നു.
സംസ്ഥാനത്ത് പുതിയ 13 പൊലീസ് സ്റ്റേഷനുകളും 19 സൈബർ സ്റ്റേഷനുകളും നാല് വനിതാ സ്റ്റേഷനുകളും ആരംഭിച്ചു. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലം മുതൽ ഇതുവരെ 5,670 പുതിയ തസ്തിക പൊലീസിൽ സൃഷ്ടിച്ചിട്ടുണ്ട്.