യൂറോപ്പിലെ രണ്ടു പ്രമുഖ രാജ്യങ്ങളായ ബ്രിട്ടനിൽനിന്നും ഫ്രാൻസിൽനിന്നും കഴിഞ്ഞയാഴ്‌ച വന്ന വാർത്തകൾ ലോകമെങ്ങുമുള്ള ഇടതുപക്ഷ പുരോഗമന ശക്തികൾക്ക് ആത്മവിശ്വാസവും കരുത്തും പകരുന്നതാണ്. ബ്രിട്ടനിൽ 14 വർഷത്തെ വലതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ച് ലേബർ പാർടി അധികാരത്തിൽ വന്നു. വിപ്ലവങ്ങളുടെയും പാരീസ് കമ്യൂണിന്റെയും നാടായ ഫ്രാൻസിൽ നവഫാസിസ്റ്റുകൾ അധികാരത്തിൽ വരുന്നത് തടയാൻ ഇടതുപക്ഷത്തിന് കഴിയുകയും ചെയ്തു. യൂറോപ്യൻ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷം വൻമുന്നേറ്റം നടത്തിയ സാഹചര്യത്തിലാണ് ഈ രണ്ടു രാജ്യത്തെയും ഇടതുപക്ഷ സ്വഭാവമുള്ള കക്ഷികൾക്ക് മുന്നിലെത്താൻ കഴിഞ്ഞത് എന്നതും ഭാവി യൂറോപ്യൻ രാഷ്ട്രീയത്തെ സ്വാധീനിക്കാൻ പോകുന്ന ഘടകങ്ങളിലൊന്നാണ്. നാളുകൾക്ക് ശേഷമാണെങ്കിലും ലോകത്തെമ്പാടുമുള്ള വലതുപക്ഷ മാധ്യമങ്ങൾക്ക് ഇടതുപക്ഷത്തെക്കുറിച്ച് പറയേണ്ടി വന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ കമ്യൂണിസം അകാലചരമമടഞ്ഞെന്ന് വിളിച്ചുകൂവിയ കേരളത്തിലെയടക്കം വലതുപക്ഷ മാധ്യമങ്ങൾക്ക് വീണ്ടും ഇടതുപക്ഷത്തെക്കുറിച്ച് സംസാരിക്കേണ്ടിവന്നിരിക്കുന്നെന്നത് ചെറിയ കാര്യമല്ല. ഏതാനും സീറ്റും വോട്ടും കൊണ്ട് അളക്കാൻ കഴിയുന്ന സ്വാധീനമല്ല കമ്യൂണിസ്റ്റ് ഇടതുപക്ഷ പാർടികൾ മുന്നോട്ടു വയ്‌ക്കുന്ന ആശയമെന്നതിന് തെളിവുകൂടിയാണിത്.
സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർടികൾ മുന്നോട്ടുവയ്‌ക്കുന്ന രാഷ്ട്രീയമാണ് ശരി എന്നുകൂടി തെളിയിക്കുന്നതാണ് ബ്രിട്ടനിലെയും ഫ്രാൻസിലെയും ജനവിധി. ഇടതുപക്ഷം എതിർക്കുന്ന വലതുപക്ഷവും നവനാസിസവുമാണ് ഇവിടെ പരാജയപ്പെട്ടത്. അതോടൊപ്പം ഈ രണ്ടു കക്ഷികളും ഉയർത്തിപ്പിടിക്കുന്ന നിയോലിബറലിസം എന്ന സാമ്പത്തികനയത്തിന്റെ പരാജയംകൂടിയാണ് ഈ രണ്ടു രാജ്യത്തും കണ്ടത്.
ലോകത്ത് നിയോലിബറലിസം നടപ്പാക്കുന്നതിൽ വലിയ പങ്കുവഹിച്ച മാർഗരറ്റ് താച്ചറുടെ പാർടിയായ കൺസർവേറ്റീവ് പാർടി (ടോറി പാർടിയെന്നും വിളിക്കും) യുടെ നേതാവ് ഋഷി സുനകാണ് ബ്രിട്ടനിൽ ദയനീയമായി പരാജയപ്പെട്ടതെങ്കിൽ ഫ്രാൻസിൽ ഇതേനയം തുടരുന്ന ഇമ്മാനുവൽ മാക്രോണാണ് പരാജയപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 20 ശതമാനം വോട്ടും ഇരുനൂറ്റമ്പതോളം സീറ്റും കൺസർവേറ്റീവുകൾക്ക് കുറഞ്ഞു. മാക്രോണിനാകട്ടെ, കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ എഴുപത്തെട്ടോളം സീറ്റ് കുറഞ്ഞ് രണ്ടാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പലരും അഭിപ്രായപ്പെട്ടപോലെ ബ്രിട്ടനിൽ ലേബർ കക്ഷിയുടെ വിജയത്തേക്കാൾ യാഥാസ്ഥിതിക കക്ഷിയുടെ പരാജയത്തിനാണ് ബ്രിട്ടൻ സാക്ഷ്യംവഹിച്ചത്. ഈ രണ്ടു കക്ഷികളുടെയും പരാജയത്തിന് പ്രധാനകാരണം അവർ ആവേശത്തോടെ നടപ്പാക്കിയ നിയോലിബറലിസത്തിന്റെ ഭാഗമായുള്ള ചെലവ് ചുരുക്കൽ നയമാണ്. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, സാമൂഹ്യസുരക്ഷ എന്നീ മേഖലകളിൽ പൊതുഫണ്ട് വെട്ടിക്കുറയ്‌ക്കുകയും പെൻഷൻപോലുള്ള സാമൂഹ്യസുരക്ഷാ പദ്ധതികളിൽ വെള്ളം ചേർക്കുകയും ചെയ്തു. ഫ്രാൻസിൽ പെൻഷൻ പ്രായം 62ൽ നിന്ന് 64 ആയി വർധിപ്പിച്ചതിനെതിരെ വൻപ്രക്ഷോഭമാണ് നടന്നത്.
യഥാർഥത്തിൽ ബ്രിട്ടനിലും ഫ്രാൻസിലും തീവ്രവലതുപക്ഷത്തെ വളർത്തിയത് വലതുപക്ഷ സർക്കാരുകൾ നടപ്പാക്കിയ ഈ നയങ്ങളാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന്റെ നിയോലിബറൽ നയങ്ങളാണ് മോദി സർക്കാരിനെ അധികാരത്തിലെത്തിച്ചത് എന്നതുപോലെ. ജനങ്ങളുടെ താൽപ്പര്യങ്ങൾ പൂർണമായും അവഗണിക്കുന്ന വലതുപക്ഷ മുഖ്യധാരാ കക്ഷികളിൽ ജനങ്ങൾക്കുള്ള വിശ്വാസം പൂർണമായും നഷ്ടപ്പെടാൻ തെറ്റായ ഈ നയം വഴിവച്ചു. അതോടൊപ്പംതന്നെ തീവ്ര വലതുപക്ഷത്തെ തോൽപ്പിക്കാൻ വലതുപക്ഷ പാർടികളും സർക്കാരും ഏറിയോ കുറഞ്ഞോ കുടിയേറ്റവിരുദ്ധവും മുസ്ലിംവിരുദ്ധവുമായ നവഫാസിസ്റ്റ് നയങ്ങൾ സ്വീകരിച്ചു. അമേരിക്കയുടെ കൂടെ നിന്ന് ഇസ്രയേലിനൊപ്പം ചേരാനും ഗാസയിലെ കൂട്ടക്കുരുതിയെപ്പോലും ന്യായീകരിക്കാനും ഇവർ തയ്യാറായി. ഉദാഹരണത്തിന് ഫ്രാൻസിൽ മാക്രോൺ നടപ്പാക്കിയ കുടിയേറ്റ നിയമം അനുസരിച്ച് ഫ്രാൻസിലേക്ക് കുടിയേറിയവർക്ക് സാമൂഹ്യസുരക്ഷാ സംവിധാനങ്ങൾ ലഭ്യമാക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ഫ്രാൻസിൽ ജനിക്കുന്ന കുടിയേറ്റക്കാരുടെ കുട്ടികൾക്ക് സ്വാഭാവികമായി പൗരത്വം നൽകുന്ന രീതി ഉപേക്ഷിക്കുകയും ചെയ്തു. ഫ്രാൻസിലെ തീവ്ര, വലതുപക്ഷ നേതാവ് മാക്രോണിന്റെ ഈ നിയമത്തെ തങ്ങളുടെ പ്രത്യയശാസ്ത്രവിജയം എന്നാണ് മരീൻ ലെ പെൻ വിശേഷിപ്പിച്ചത്. അതായത് നവഫാസിസ്റ്റുകളുടെ നയം നടപ്പാക്കി അവർക്ക് മാന്യത നൽകുകയാണ് വലതുപക്ഷം ചെയ്യുന്നത്. നമ്മുടെ രാജ്യത്ത് കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനവും കേരളത്തിലെ ചില ജാതിസംഘടനകളുടെ സമീപനവും ഇതേ ധർമം തന്നെയാണ് നിർവഹിക്കുന്നത്. മാത്രമല്ല പല രാജ്യങ്ങളിലും തീവ്രവലതുപക്ഷവുമായി ഭരണസഖ്യമുണ്ടാക്കി നവഫാസിസ്റ്റുകൾക്ക് രാഷ്ട്രീയമാന്യത നൽകിയതും ഇതേ വലതുപക്ഷമാണ്. യൂറോപ്യൻ പാർലമെന്റിലെ പ്രധാന വലതുപക്ഷ പാർടിയായ യൂറോപ്യൻ പീപ്പിൾസ് പാർടി ഇറ്റലിയിലെ പ്രധാനമന്ത്രി മെലോണിയുടെ നവഫാസിസ്റ്റ് കക്ഷി ബ്രദേഴ്സ് ഓഫ് ഇറ്റലിയുമായി ഉണ്ടാക്കിയ സഖ്യംതന്നെ ഉദാഹരണം.
എന്നാൽ, നിയോലിബറൽ നയത്തിനും വലതുപക്ഷത്തിനും നവഫാസിസത്തിനുമെതിരെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും വിട്ടുവീഴ്ചയില്ലാതെ പൊരുതുന്നത് കമ്യൂണിസ്റ്റ് പാർടികളും ഇടതുപക്ഷ പാർടികളുമാണ്. ഫ്രാൻസിൽ കണ്ടത് അതാണ്. ഫാസിസത്തെ തടയുമെന്ന് ഉദ്ഘോഷിച്ച് 2017ൽ ആണ് മാക്രോൺ ഫ്രാൻസിൽ അധികാരമേറിയത്. അതിനുശേഷമാണ് മരീൻ ലെ പെന്നിന്റെ നവഫാസിസ്റ്റ് കക്ഷി ഫ്രാൻസിൽ ക്രമാനുഗതമായി ശക്തി പ്രാപിച്ചത്. മാക്രോൺ അധികാരമേറുമ്പോൾ പാർലമെന്റിൽ എട്ട് സീറ്റു മാത്രമുണ്ടായിരുന്ന ലെ പെന്നിന് 2022ലെ തെരഞ്ഞെടുപ്പിൽ 89 സീറ്റും ഇക്കുറി 143 സീറ്റും ലഭിച്ചു. ഇത്തവണ പ്രധാനമന്ത്രിസ്ഥാനം അവർ നേടുമെന്നായിരുന്നു എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. എന്നാൽ, നവഫാസിസം അധികാരമേൽക്കുന്നത് ഇടതുപക്ഷം തടഞ്ഞു. 1940കളിൽ ഫാസിസത്തെ തോൽപ്പിച്ചത് സോവിയറ്റ് യൂണിയനും ഇടതുപക്ഷവുമാണ്. ഫ്രാൻസിൽ 1936ൽ ഫാസിസ്റ്റ് കക്ഷികൾ അധികാരത്തിലെത്തുന്നത് തടഞ്ഞതും ഇടതുപക്ഷമാണ്. അന്ന് ഫാസിസത്തിനെതിരെ ഐക്യമുന്നണിയെന്ന ആശയം മുന്നോട്ടുവച്ചത് ദിമിത്രോവായിരുന്നു. 1935 ആഗസ്തിൽ ചേർന്ന കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ഏഴാം കോൺഗ്രസിലാണ് തൊഴിലാളികളെയും ഇടതുപക്ഷക്കാരെയും പുരോഗമനവാദികളെയും മധ്യവലതുപക്ഷത്തെയും ഒന്നിച്ചണിനിരത്തി ഫാസിസത്തെ ചെറുക്കണമെന്ന് ദിമിത്രോവ് ആഹ്വാനം ചെയ്തത്. അതിന്റെ അടിസ്ഥാനത്തിലാണ് കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും ട്രേഡ് യൂണിയനുകളും ചേർന്ന് ഫ്രാൻസിൽ പോപ്പുലർ ഫ്രണ്ട് അഥവാ പീപ്പിൾസ് ഫ്രണ്ടിന് രൂപം കൊടുത്തതും തെരഞ്ഞെടുപ്പിൽ ജയിച്ചതും. അതേ രീതിയിലാണ് നവഫാസിസത്തെ തടയാൻ ഇപ്പോൾ ഫ്രാൻസിൽ ന്യൂ പോപ്പുലർ ഫ്രണ്ടിന് രൂപം നൽകിയത്. ഫ്രാൻസിലെ ഏറ്റവും വലിയ ഇടതുപക്ഷ പ്രസ്ഥാനമായ മെലൻ ഷോണിന്റെ നേതൃത്വത്തിലുള്ള ഫ്രാൻസ് ഇൻ സൂമിസ്, സോഷ്യലിസ്റ്റ് പാർടി, ഗ്രീൻസ്, കമ്യൂണിസ്റ്റ് പാർടി എന്നിവ ചേർന്ന സഖ്യമാണ് നവഫാസിസത്തെ ചെറുത്തത്. ഐക്യംപോലും നവഫാസിസത്തിനെതിരായ പോരാട്ടമാണെന്ന സന്ദേശമാണ് ഇവർ നൽകിയത്. നാഷണൽ റാലി അധികാരത്തിലെത്തുന്നത് തടയാൻ എന്തു വിട്ടുവീഴ്ചയ്‌ക്കും തയ്യാറായി ഇടതുസഖ്യം മുന്നോട്ടു വരികയും "ലോകം ഫാസിസ്റ്റുകളെ വെറുക്കുന്നു’ എന്ന പ്രചാരണം ശക്തമാക്കുകയും ചെയ്തതോടെയാണ് ഫ്രഞ്ച് രാഷ്ട്രീയരംഗം നാഷണൽ റാലിക്കെതിരെ തിരിഞ്ഞത്. ഒന്നാംഘട്ടത്തിൽ രണ്ടാം സ്ഥാനത്തെത്തിയ ഇടതുസഖ്യം രണ്ടാംഘട്ടത്തിൽ നവഫാസിസ്റ്റുകൾക്കെതിരെ ഒരു സ്ഥാനാർഥിയെന്ന നയം നടപ്പാക്കി. ഇതുമായിപ്പോലും പൂർണമായും സഹകരിക്കാൻ മാക്രോൺ തയ്യാറായില്ലെന്നാണ് മാധ്യമറിപ്പോർട്ടുകൾ പറയുന്നത്. ഒരു വോട്ടുപോലും നവഫാസിസ്റ്റുകൾക്ക് അനുകൂലമാകാതിരിക്കാനുള്ള ജാഗ്രതയാണ് ഇടതുപക്ഷം കാട്ടിയത്. ആ തന്ത്രമാണ് വിജയിച്ചത്. ആദ്യഘട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തിയ നാഷണൽ റാലി രണ്ടാം ഘട്ടത്തിൽ മൂന്നാം സ്ഥാനത്തായി. ഇതു തെളിയിക്കുന്നത് ഫാസിസത്തോട് വിട്ടുവീഴ്ചയില്ലാതെ പൊരുതുന്നത് ഇടതുപക്ഷം മാത്രമാണ് എന്നാണ്.
ബ്രിട്ടനിൽ ലേബർ പാർടി വിജയിച്ചത് ആശ്വാസം പകരുന്നതാണെങ്കിലും ടോണി ബ്ലെയറെപ്പോലെ പുതിയ പ്രധാനമന്ത്രി കെയർ സ്‌റ്റാർമറും വലത്തോട്ട് നീങ്ങാനുള്ള പ്രവണതയാണ് കാണിക്കുന്നത്. സമ്പന്നർക്ക് അഞ്ചു ശതമാനം അധിക നികുതി, ഊർജമേഖല, ജലം എന്നിവയുടെ ദേശസാൽക്കരണം തുടങ്ങിയ വാഗ്ദാനങ്ങളിൽനിന്ന് പിറകോട്ട് പോയ കെയ്ർ സ്റ്റാർമർ ഇസ്രയേൽ അനുകൂലനയമാണ് സ്വീകരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച ജെറമി കോർബിനെപ്പോലുള്ള നേതാക്കളെ സ്റ്റാർമർ പുറത്താക്കുകയും ചെയ്തു. സ്റ്റാർമറുടെ ഈ നയവ്യതിയാനത്തിനെതിരെ സ്വതന്ത്രരായി മത്സരിച്ച് കോർബിനും മറ്റ് നാലു പേരും വിജയിച്ചു. ഏഴ് സീറ്റ് ലഭിച്ച ഗ്രീൻ പാർടിയും ഇവരോടൊപ്പമാണ്. ഇവർ ചേർന്നുള്ള ഒരു സഖ്യം ഇടതുപക്ഷ പുരോഗമന നയങ്ങൾ നടപ്പാക്കാനായി സമരപാതയിലേക്ക് ഇറങ്ങുമെന്ന സൂചനയാണ് ലഭിക്കുന്നത്. വലത്തോട്ട് തിരിയാൻ ശ്രമിക്കുന്ന ലേബർ കക്ഷിയെ ഇടതുപക്ഷത്ത് ഉറപ്പിച്ച് നിർത്തുന്നതിനൊപ്പം ശക്തിപ്രാപിക്കുന്ന തീവ്രവലതുപക്ഷ റിഫോം കക്ഷിയെ നേരിടാനും ഇത്തരമൊരു ഇടതു കൂട്ടായ്മ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം. ഫാസിസത്തെ ചെറുത്തു തോൽപ്പിക്കാനുള്ള ആത്മാർഥമായ പോരാട്ടം ഇടതുപക്ഷത്തിനേ നയിക്കാനാകൂ എന്ന സന്ദേശമാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നത്.