Skip to main content

"മാലിന്യമുക്ത നവകേരളം"; പ്രതിപക്ഷനേതാവിന് സ. എം ബി രാജേഷിന്റെ തുറന്ന കത്ത്

പ്രിയപ്പെട്ട പ്രതിപക്ഷനേതാവേ,

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാലിന്യസംസ്കരണം സംബന്ധിച്ച അങ്ങയുടെ ചില പ്രസ്താവനകള്‍ കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഈ കത്ത്. മാലിന്യസംസ്കരണ രംഗത്ത് കേരളത്തിൽ ഒന്നും നടന്നിട്ടില്ല എന്നും നടക്കുന്നില്ല എന്നും അങ്ങ് ആവർത്തിച്ചുകൊണ്ടിരിക്കുന്നത് മാധ്യമങ്ങളിൽ കാണുകയുണ്ടായി. വസ്തുതകൾ പൂർണമായും അങ്ങയുടെ ശ്രദ്ധയിൽ വരാത്തതുകൊണ്ടായിരിക്കും അങ്ങ് ഇങ്ങനെ പറയുന്നതെന്ന് കരുതുന്നു. അതിനാൽ മാലിന്യസംസ്കരണ രംഗത്തുണ്ടായ ചില ശ്രദ്ധേയമായ മാറ്റങ്ങളും നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളും അങ്ങയുടെ ശ്രദ്ധയിൽ കൊണ്ടുവരട്ടെ.

ബ്രഹ്മപുരം തീപിടുത്തത്തിന് ശേഷമാണ് ബഹു. മുഖ്യമന്ത്രി നിയമസഭയിൽ മാലിന്യമുക്ത നവകേരളം ലക്‌ഷ്യം വെച്ചുകൊണ്ടുള്ള ഒരു തീവ്ര കർമപദ്ധതി പ്രഖ്യാപിച്ചത്. അതിനെ തുടർന്ന് നടത്തിയ പ്രവർത്തനങ്ങളിലൂടെ കൈവരിച്ച നേട്ടം ഒറ്റ ലളിതമായ കണക്കുകൊണ്ട് അങ്ങേക്ക് മനസ്സിലാക്കാനാവും. ക്ളീൻ കേരള കമ്പനി 2023 മാർച്ച് വരെയുള്ള ഒരു വർഷം ശേഖരിച്ചത് 30217 ടൺ മാലിന്യമായിരുന്നു. എന്നാൽ ഈ കര്‍മപരിപാടി പ്രഖ്യാപിച്ചതിനു ശേഷം 2024 ജൂൺ വരെ ശേഖരിച്ചത് 61947.97 ടൺ ആണ് . ഇരട്ടിയിലധികം. മാലിന്യം ശേഖരിക്കുന്നതിലുണ്ടായ ഈ വൻ വർദ്ധനവ് തന്നെ ഈ രംഗത്ത് കേരളം കൈവരിച്ച പുരോഗതി എത്രത്തോളമാണെന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കും. മാത്രമല്ല, ക്ളീൻ കേരള കമ്പനിയുടെ വരുമാനം, അവർ ഹരിതകർമസേനക്ക് നൽകിയ തുക എന്നിവയിലും സമാനമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ക്ളീൻ കേരള കമ്പനി 2023-24 സാമ്പത്തികവർഷം പാഴ്‌വസ്തുക്കൾ ശേഖരിച്ച് മൂല്യവത്താക്കിയതിലൂടെ ഹരിതകർമസേനക്ക് 9.79 കോടി രൂപ നൽകി. 2022-23 ൽ ഇത് 5.08 കോടിയായിരുന്നു. നിലവിൽ 720 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യമാണ് ക്ളീൻ കേരള കമ്പനി ശേഖരിക്കുന്നത്.

ഇത് സാധ്യമായത് ഹരിതകർമ സേന മുഖേനയുള്ള അജൈവ പാഴ്വസ്തുക്കളുടെ വാതിൽപ്പടി ശേഖരണം ഗണ്യമായി വർധിപ്പിക്കാൻ കഴിഞ്ഞതുകൊണ്ടാണ്. 2023 മാർച്ചിലെ കണക്കനുസരിച്ച് വാതിൽപ്പടി ശേഖരണം 47 ശതമാനം മാത്രമായിരുന്നു. 2024 ജൂണിൽ അത് 86.6 ശതമാനമായി ഉയർന്നു. അതും ഇരട്ടിയോളം വർധിച്ചു. ഹരിതകർമസേനയുടെ യൂസർ ഫീ ഇനത്തിലും ഇരട്ടിയോളം വര്‍ധനവുണ്ടായിട്ടുണ്ട്. ഈ വർധനവ് സാധ്യമായത് സർക്കാർ സ്വീകരിച്ച നിയമഭേദഗതി അടക്കമുള്ള ശക്തമായ നടപടികളുടെ ഫലമായിട്ടായിരുന്നു. യൂസർ ഫീ നൽകാൻ വിസമ്മതിക്കുന്നവരെ അതിന് നിർബന്ധിതമാക്കുന്ന നിയമ ഭേദഗതിയിലെ ചില വ്യവസ്ഥകളെ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ന്റെ പേരിൽ അങ്ങ് നിയമസഭയിൽ എതിർത്തിരുന്നതും ഓർക്കുമല്ലോ. എന്നാൽ ആ നിയമഭേദഗതി ഫലം ചെയ്തു എന്നാണ് വാതിൽപ്പടി ശേഖരണവും യൂസർ ഫീയും വർധിച്ചത് കാണിക്കുന്നത്.

ഹരിതകർമസേനയെ കേരളത്തെ വൃത്തിയായി സൂക്ഷിക്കാനുള്ള ശുചിത്വ സൈന്യമായാണ് സർക്കാർ കാണുന്നത്. സ്ത്രീകളടങ്ങിയ ഈ ഹരിതകർമസേനക്കെതിരായ വലിയ സാമൂഹ്യ മാധ്യമ പ്രചാരണവും അധിക്ഷേപവും നടന്നത് അങ്ങയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവും. അവർക്ക് സർക്കാർ നൽകിയ ശക്തമായ പിന്തുണ കൊണ്ടാണ് ആ സംവിധാനം ഇന്ന് കാര്യക്ഷമമായി മാറിയിട്ടുള്ളത്. ഹരിതകർമസേനക്കെതിരായിട്ടുള്ള സംഘടിത പ്രചാരണങ്ങളും അധിക്ഷേപങ്ങളും നടക്കുമ്പോൾ അങ്ങ് ഒരു പ്രസ്താവന കൊണ്ട് ഹരിതകർമസേനയെ പിന്തുണച്ചിരുന്നുവെങ്കിൽ അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ അത് സഹായകമാകുമായിരുന്നു എന്നുകൂടി സാന്ദർഭികമായി ഓർമപ്പെടുത്തട്ടെ. വാതിൽപ്പടി ശേഖരണം വര്‍ധിച്ചതോടൊപ്പം ഈ മാലിന്യം കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങളും വർധിപ്പിക്കാൻ സർക്കാർ ശ്രദ്ധിച്ചിട്ടുണ്ട്. ശേഖരിക്കുന്ന പാഴ്‌വസ്തുക്കൾ ആദ്യമെത്തുന്നത് വാർഡ് തലത്തിലുള്ള മിനി എം സി എഫുകളിലാണ്. പിന്നീട് തദ്ദേശ സ്ഥാപന തലത്തിലെ എം സി എഫുകളിൽ എത്തിച്ച് ശാസ്ത്രീയമായി തരംതിരിക്കും. അവിടെനിന്നാണ് റീസൈക്ലിങിനും അതിന് കഴിയാത്തവ സിമന്റ് ഫാക്ടറികളിലേക്കും അയക്കുന്നത്. മിനി എം സി എഫുകൾ 2023 മാർച്ചിൽ 7446 ഉണ്ടായിരുന്നത് ഇന്ന് 18205 ആയും എം സി എഫുകൾ 1160 ൽ നിന്ന് 1250 ആയും വർധിച്ചുവെന്ന കണക്ക് ഒരു വർഷത്തിനിടയിൽ നടത്തിയ ഇടപെടൽ ഫലപ്രദമായിരുന്നുവെന്നാണ് കാണിക്കുന്നത്. ഈ സംഭരണ കേന്ദ്രങ്ങളുടെ ശേഷി ഇനിയും വർധിപ്പിക്കാനുള്ള ശ്രമങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടിരിക്കയാണ്. ഈ കേന്ദ്രങ്ങളിൽ തീപിടുത്തം തടയാനുള്ള ഫയർ ഓഡിറ്റ് ഉൾപ്പെടെയുള്ള കർശനമായ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മാലിന്യം ശേഖരിച്ച് വില്പനക്ക് സജ്ജമാക്കുന്ന, ബ്ലോക്ക് തലത്തിലെ ആർ ആർ എഫുകളുടെ എണ്ണം 87 ൽ നിന്ന് 163 ആയി വർധിച്ചു.

പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിക്കുകയും നിയമഭേദഗതി വരുത്തുകയും മാത്രമല്ല സർക്കാർ ചെയ്തത്; എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളും ശക്തമാക്കി. 2023 ജൂലൈ 11 വരെയുള്ള ഒരു വർഷത്തെ കണക്കനുസരിച്ച് 1138 പരിശോധനകളാണ് നടന്നതെങ്കിലും 2024 ജൂലൈയിൽ അത് 44682 ആയാണ് വർധിച്ചത്. ഇതേ കാലയളവിൽ മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയതിന്റെ പേരിലുള്ള പിഴ 2.9 ലക്ഷത്തിൽ നിന്ന് 4.56 കോടി രൂപയായിട്ടാണ് പല മടങ്ങ് വർധിച്ചത്. എൻഫോഴ്‌സ്‌മെന്റ് എത്ര കർശനമാണെന്ന് കണക്കുകളിൽ നിന്ന് അങ്ങേക്ക് മനസ്സിലാകുമെന്ന് കരുതുന്നു.

ബ്രഹ്മപുരം തീപിടുത്തത്തിന് ശേഷം എറണാകുളം കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സർക്കാർ മുന്നോട്ടുവെച്ച കർമപദ്ധതി അപ്രായോഗികമാണെന്നും കൊച്ചിയിൽ നടക്കില്ലെന്നും ചില ജനപ്രതിനിധികൾ പറഞ്ഞത് അങ്ങ് ഓർക്കുമല്ലോ. എന്നാൽ അത് നടപ്പാക്കാൻ കഴിയുമെന്ന ഉറച്ച നിലപാടാണ് അന്ന് സർക്കാർ എടുത്തത്. അത് കൊച്ചിയിൽ ഇന്ന് സൃഷ്ടിച്ച മാറ്റത്തെക്കുറിച്ച് ബഹു. ഹൈക്കോടതി അഭിനന്ദനപൂർവം നടത്തിയ പരാമർശം ഇന്നത്തെ പത്രങ്ങളിലും കാണാനിടയായി. ആ മാറ്റം അങ്ങേക്കും അനുഭവപ്പെട്ടിട്ടുണ്ടാകുമല്ലോ. ഹരിതകർമസേന സംവിധാനം പോലും ഇല്ലാതിരുന്ന കൊച്ചിയിൽ അതിനു ശേഷമാണ് 794 അംഗങ്ങളുള്ള, സുശക്തമായ, പരിശീലനം സിദ്ധിച്ച ഹരിതകർമസേനയെ വിന്യസിച്ചത്. മാത്രമല്ല, ഒറ്റ എം സി എഫ് പോലും ഇല്ലാതിരുന്ന കൊച്ചി നഗരത്തിൽ 81 കണ്ടൈനർ എം സി എഫുകൾ ഇന്ന് സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. ഒരു കണ്ടൈനർ എം സി എഫിന്റെ സംഭരണ ശേഷി 30 ടൺ ആണ് എന്ന് ഓർക്കണം. ഇതിനുപുറമെ കൊച്ചിയിലെ തെരുവുകളിലാകെ ബോട്ടിൽ ബൂത്തുകളും വേസ്റ്റ് ബിന്നുകളും ധാരാളമായി കാണാനാവും. ഒരിഞ്ച് സ്ഥലം ലഭ്യമല്ല എന്ന് പലരും പറഞ്ഞിരുന്ന കൊച്ചിയിലെ ഇടപ്പള്ളിയും പൊന്നുരുന്നിയുമടക്കമുള്ള വിവിധ കേന്ദ്രങ്ങളിൽ ജൈവമാലിന്യം വളമാക്കി മാറ്റാനുള്ള മനോഹരമായ തുമ്പൂർമൂഴികൾ കൊച്ചിയിലെ മാറ്റത്തെ അടയാളപ്പെടുത്തുന്നുണ്ട്.

ബ്രഹ്മപുരം തീപിടുത്തമായിരുന്നല്ലോ ഒരു വർഷം മുമ്പ് കേരളം മുഴുവൻ ചർച്ച ചെയ്തത്. ഇന്ന് ബ്രഹ്മപുരം പഴയ ബ്രഹ്മപുരമല്ല എന്ന് അങ്ങും അംഗീകരിക്കുമല്ലോ. അവിടത്തെ മാലിന്യമല 40 ശതമാനം ഇതിനകം ബയോ മൈനിങ്ങിലൂടെ നീക്കം ചെയ്ത് സ്ഥലം വീണ്ടെടുത്ത കാര്യവും സന്തോഷപൂർവം പങ്കുവെക്കട്ടെ. 325445 ടൺ മാലിന്യമാണ് ഇതിലൂടെ നീക്കിയത്. ബി പി സി എല്ലുമായി ചേർന്ന് കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാന്റിന് ബ്രഹ്മപുരത്ത് സർക്കാർ അംഗീകാരം നൽകിക്കഴിഞ്ഞു. അധികം വൈകാതെ നിർമാണം ആരംഭിക്കുകയും 18 മാസം കൊണ്ട് പ്രവർത്തനം തുടങ്ങുകയും ചെയ്യും എന്ന കാര്യവും അങ്ങയെ അറിയിക്കാൻ സന്തോഷമുണ്ട്. പതിറ്റാണ്ടുകളായി പലയിടത്തും കുന്നുകൂടിക്കിടക്കുന്ന മാലിന്യത്തെയാണ് ലെഗസി വേസ്റ്റ് എന്ന് വിശേഷിപ്പിക്കുന്നത്. ഇതേവരെ കേരളത്തിൽ 19 കേന്ദ്രങ്ങളിലെ ലെഗസി വേസ്റ്റ് അടിഞ്ഞുകൂടിയ മാലിന്യമലകൾ ബയോ മൈനിങ്ങിലൂടെ നീക്കം ചെയ്യുകയും സ്ഥലം വീണ്ടെടുക്കുകയും ചെയ്തു., ഇതിൽ കേരളം മുഴുവൻ ചർച്ച ചെയ്തതാണ് കൊല്ലത്തെ കുരീപ്പുഴയും ഗുരുവായൂരിലെ ചൂൽപ്പറമ്പും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ മാറ്റങ്ങൾ. ഇതിലൂടെ നാം വീണ്ടെടുത്തത് 124 ഏക്കർ ഭൂമിയാണ്. നീക്കം ചെയ്തത് 2.17 ലക്ഷം ക്യൂബിക് മീറ്റർ മാലിന്യമാണ്. ഗുരുവായൂരിൽ ശവക്കോട്ട എന്നറിയപ്പെട്ടതുൾപ്പെടെ അനേകം മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ ഇന്ന് പൂങ്കാവനങ്ങളും പാർക്കുകളുമായി മാറിയിട്ടുണ്ട് എന്ന വിവരം കൂടി അങ്ങയുടെ ശ്രദ്ധയിൽ പെടുത്തട്ടെ. ഇവയിൽ ചിലത് സന്ദർശിക്കാൻ ഞാൻ അങ്ങയെ ക്ഷണിക്കുകയാണ്. ബ്രഹ്മപുരവും ഇതുപോലെ മാറുമെന്ന് ആത്മവിശ്വാസത്തോടെ സർക്കാരിന് പറയാനാവും. സംസ്ഥാനത്തെ മാലിന്യം കുന്നുകൂടിക്കിടക്കുന്ന 38 കേന്ദ്രങ്ങളിൽ കൂടി ഇപ്പോൾ ബയോ മൈനിങ് നടന്നുകൊണ്ടിരിക്കയാണ്. ഇത് അടുത്ത വർഷത്തോടെ പൂർത്തിയാകും. അതോടെ ഡംപിങ് സൈറ്റുകളില്ലാത്ത കേരളം യാഥാർഥ്യമാകും.

മാലിന്യ സംസ്കരണത്തിന് ഏറ്റവും ആധുനികമായ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളും സർക്കാർ ആരംഭിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും ഇതിനകം ലഭ്യമാക്കിയ നാല് സ്മാർട്ട് മെഷീനുകളും റോഡ് സ്വീപ്പിങ് മെഷീനുകളും സക്ഷൻ കം ജെറ്റിങ് മെഷീനുകളുമെല്ലാം ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമാണ്.

ബഹു. കേരള ഹൈക്കോടതി ബ്രഹ്മപുരം തീപിടുത്തത്തിന് ശേഷം സ്വമേധയാ കേസെടുക്കുകയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നിരന്തരം നിരീക്ഷിക്കുകയും ചെയ്യുന്നത് അങ്ങ് മനസ്സിലാക്കിയിട്ടുണ്ടാകുമെന്ന് കരുതുന്നു. സർക്കാർ ഇതിനകം സ്വീകരിച്ച നടപടികളിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തുക മാത്രമല്ല, ഒട്ടേറെ നടപടികളെ അഭിനന്ദിക്കുകയും ചെയ്തു എന്ന കാര്യവും അങ്ങയുടെ ശ്രദ്ധയിൽ പെടുത്തട്ടെ. 2023 ഏപ്രിൽ 11 ന് ഹൈക്കോടതി നടത്തിയ നിരീക്ഷണം ഇങ്ങനെയായിരുന്നു, "സമയബന്ധിതമായി ആക്ഷൻ പ്ലാൻ സമർപ്പിച്ച സർക്കാർ പ്രവർത്തനം മികച്ചതാണ്. ബ്രഹ്മപുരത്തിന്റെ പശ്ചാത്തലത്തിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കായി സർക്കാർ എടുത്ത മുന്നൊരുക്ക പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്". മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കായി കൊച്ചി കോർപറേഷൻ സ്വീകരിക്കുന്ന നടപടികൾ അഭിനന്ദനം അർഹിക്കുന്നുവെന്ന് 2023 മെയ് 23 ന് കോടതി ചൂണ്ടിക്കാട്ടി. മാലിന്യ സംസ്കരണത്തിൽ സർക്കാർ അറിയിച്ച ക്രിയാത്മകമായ നിർദേശങ്ങളെ (ആളുകളിലെ മനോഭാവ മാറ്റത്തിന്റെ പ്രസക്തി) 2023 ജൂൺ എട്ടിന് ഹൈക്കോടതി അഭിനന്ദിച്ചു. മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടികൾ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കേരള പഞ്ചായത്തിരാജ്, മുൻസിപ്പാലിറ്റി നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള സർക്കാരിന്റെ തീരുമാനം മികച്ചതാണെന്ന് 2023 നവംബർ 17 ന് ഹൈക്കോടതി പരാമർശിച്ചു. സർക്കാർ ഈ വിഷയത്തിൽ എടുക്കുന്നത് ആത്മാർത്ഥമായ ഇടപെടലാണെന്നും കോടതി ചൂണ്ടിക്കാട്ടി. 68000 മെട്രിക് ടൺ ലെഗസി മാലിന്യം സർക്കാർ മേൽനോട്ടത്തിൽ നീക്കം ചെയ്തത് അഭിനന്ദനാര്‍ഹമാണെന്നും ഇതിൽ മികച്ച പുരോഗതിയാണ് കൈവരിച്ചതെന്നും 2024 മാർച്ച് ഒന്നിന് കോടതി പറഞ്ഞു.

കൊച്ചിയിലുണ്ടായ മാറ്റത്തെക്കുറിച്ച് ഹൈക്കോടതി പറഞ്ഞത് ഇന്നത്തെ പത്രത്തിലുമുണ്ട്. സർക്കാരിനെ കുറ്റപ്പെടുത്തുകയല്ല, സർക്കാരിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയാണ് ഹൈക്കോടതി ചെയ്തതെന്നത് ശ്രദ്ധേയമാണ്. ഹൈക്കോടതിയുടെ ഇടപെടൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയും സഹായവുമായി മാറുകയുണ്ടായി. ഇതുപോലൊരു ക്രിയാത്മക പിന്തുണ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുകൂടി ലഭിച്ചാൽ അത് വലിയ മാറ്റം സൃഷ്ടിക്കും.

ബഹു. ഹൈക്കോടതി മാത്രമല്ല, കേരളത്തിലെ വിവിധ മാധ്യമങ്ങളും മാലിന്യ പരിപാലന രംഗത്ത് ഉണ്ടായ മാറ്റങ്ങളെ പല സന്ദര്‍ഭങ്ങളിലായി ചൂണ്ടിക്കാട്ടുകയും അഭിനന്ദിക്കുകയും ചെയ്‌തിട്ടുണ്ടെന്ന് പറയാൻ സന്തോഷമുണ്ട്. 2022 ഒക്ടോബർ 18 ന് മലയാള മനോരമ ബയോ മൈനിങ്ങിലൂടെ ഡംപിങ് സൈറ്റുകൾ ഇല്ലാതാക്കുന്ന പ്രവർത്തനത്തെ അഭിനന്ദിച്ചെഴുതിയ മുഖപ്രസംഗത്തിന്റെ തലക്കെട്ട് 'മാലിന്യമലയിറങ്ങുന്ന ശുചിത്വ പ്രതീക്ഷ' എന്നായിരുന്നു. 22 സ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്ത് 45 ഏക്കർ വീണ്ടെടുത്ത വാർത്തയെ തുടർന്നായിരുന്നു ഈ എഡിറ്റോറിയൽ. 2023 ആഗസ്ത് 16 ന് മാതൃഭൂമി ദിനപത്രത്തിന്റെ ഒന്നാം പേജിൽ വന്ന വാർത്തയുടെ തലക്കെട്ട് 'വാതിൽപ്പടിയിൽ മാറുന്ന കേരളം' എന്നായിരുന്നു. വാതിൽപ്പടി ശേഖരണത്തിലൂടെ മാലിന്യ പരിപാലന രംഗത്ത് കേരളം സൃഷ്ടിക്കുന്ന പുതിയ മുന്നേറ്റത്തെയാണ് വാർത്തയിലൂടെ മാതൃഭൂമി പ്രകീർത്തിച്ചത്. 2023 സെപ്റ്റംബർ 12 ന് മാലിന്യ സംസ്കരണ രംഗത്തെ സർക്കാർ ഇടപെടലുകളെ വിശകലനം ചെയ്‌തും ക്രിയാത്മക നിർദേശങ്ങൾ മുന്നോട്ടുവെച്ചും മാതൃഭൂമി മുഖപ്രസംഗവും എഴുതി. 2023 ആഗസ്ത് 23 ന്റെ കേരളകൗമുദി മുഖപ്രസംഗത്തിന്റെ തലക്കെട്ട് "മാലിന്യമുക്ത പദ്ധതി വൻ വിജയം" എന്നാണ്.

അങ്ങ് ഉന്നയിക്കുന്ന ഒരു വിമർശനം മഴക്കാലപൂർവ ശുചീകരണത്തെക്കുറിച്ചുള്ളതാണല്ലോ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷൻ ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങളും വിലക്കുകളും സൃഷ്ടിച്ച പരിമിതികളുണ്ടായിട്ടും, സർക്കാർ മഴക്കാലപൂർവ ശുചീകരണം ഫലപ്രദമായി നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ട്. ആകെ 23123 ക്ലീനിംഗ് ഡ്രൈവുകള്‍ മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി നടത്തി. 24687 പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കി. 189261 ടണ്‍ മാലിന്യം നീക്കം ചെയ്തു. ക്ലീന്‍ കേരള കമ്പനി വഴി മാത്രം 12680.97 ടണ്‍ മാലിന്യം നീക്കം ചെയ്തു. കൊച്ചിയിൽ വെള്ളക്കെട്ടുണ്ടായത് ഒരു മണിക്കൂർ കൊണ്ട് 103 മില്ലീമീറ്റർ അതിതീവ്ര മഴ പെയ്തപ്പോഴാണ്. ഇന്ന് ബഹു. ഹൈക്കോടതി തന്നെ കൊച്ചിയിലെ വെള്ളക്കെട്ട് താരതമ്യേന കുറവാണെന്ന അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ കത്തിൽ ചൂണ്ടിക്കാണിക്കുന്ന വസ്തുതകളിൽ പലതും നിയമസഭയിൽ വ്യക്തമാക്കിയതാണെങ്കിലും അങ്ങയുടെ ശ്രദ്ധയിൽ വേണ്ടത്ര പതിഞ്ഞിട്ടില്ല എന്ന് തോന്നിയതുകൊണ്ടാണ് ഇവിടെ ആവർത്തിച്ചിട്ടുള്ളത്. ഇവിടെ വിശദീകരിച്ച കാര്യങ്ങൾക്കർത്ഥം എല്ലാം പൂര്‍ണതയിലെത്തിക്കഴിഞ്ഞു എന്നല്ല. ഒന്നും നടന്നിട്ടില്ല എന്ന് പറയുന്നത് വസ്തുതാപരമല്ല എന്നും കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട് എന്നും ഓര്‍മിപ്പിക്കാനാണ്. മാലിന്യ പ്രശ്നം പരിഹരിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളും സൃഷ്ടിച്ച സംവിധാനങ്ങളും മാത്രം മതിയാവില്ല. ജനങ്ങളുടെ മനോഭാവത്തിലെ മാറ്റം ഇതിൽ ഏറെ പ്രധാനമാണ്. ഓരോ വ്യക്തിയും മാലിന്യ ഉൽപാദകരാണ് എന്നതുകൊണ്ട് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമായി ഇത് മാറേണ്ടതുണ്ട്. ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വത്തെക്കുറിച്ചും ജനങ്ങളുടെ മനോഭാവത്തിലുണ്ടാകേണ്ട മാറ്റത്തെ കുറിച്ചുമാണ് ഹൈക്കോടതി ഇന്നുൾപ്പെടെ ആവർത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഈ മനോഭാവം സൃഷ്ടിക്കുന്നതിൽ ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും അവരവരുടേതായ ഉത്തരവാദിത്വം നിറവേറ്റണം. ഇതൊരു കക്ഷിരാഷ്ട്രീയ പ്രശ്നമായി സർക്കാർ കാണുന്നില്ല. ‘മാലിന്യമുക്ത നവകേരളം’ എന്ന ലക്‌ഷ്യം കൈവരിക്കുന്നതിന് പ്രത്യേകമായ എന്തെങ്കിലും നിർദേശം പ്രതിപക്ഷത്തിനുണ്ടെങ്കിൽ അതിനോടും തുറന്ന സമീപനമാണ് സർക്കാരിനുള്ളത്. ബഹു. ഹൈക്കോടതിയുടെ ഇടപെടലും പിന്തുണയും പ്രശ്‌നപരിഹാരത്തിനുള്ള സർക്കാർ ശ്രമങ്ങൾക്ക് കരുത്തു പകരുന്നതുപോലെ പ്രതിപക്ഷത്തു നിന്ന് കൂടി ക്രിയാത്മക സമീപനം ഉണ്ടായാൽ നമുക്ക് ഈ ലക്ഷ്യം എളുപ്പത്തിൽ കൈവരിക്കാനാകും. അതുണ്ടാകുമെന്ന പ്രതീക്ഷയോടെ.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.