മലയാളികൾ സ്വന്തം നിലയ്ക്ക് വികസിച്ചാൽ മതിയെന്നും കേരളത്തിൻ്റെ വികസനത്തിന് കേന്ദ്രസർക്കാർ ഒരു സഹായവും നൽകില്ലെന്നും പറഞ്ഞുവെക്കുന്ന കേന്ദ്രബജറ്റാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്രസർക്കാരിനെ നിലനിർത്തുന്ന ഘടകകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വാരിക്കോരി സഹസ്ര കോടികൾ വകയിരുത്തിയപ്പോൾ തന്നെയാണ് കേരളം പോലെ പല മേഖലയിലും രാജ്യത്തിന് മാതൃകയായൊരു സംസ്ഥാനത്തിനെ പൂർണമായും അവഗണിച്ചിരിക്കുന്നത്. എയിംസ് പോലെ ഏറ്റവും ന്യായമായ ആവശ്യം എന്തുകൊണ്ട് അനുവദിക്കുന്നില്ല എന്ന് മലയാളികളോട് പറയാൻ കേന്ദ്രസർക്കാർ തയ്യാറാകണം. പരമ്പരാഗത വ്യവസായങ്ങൾക്കായും ഗ്ലോബൽ സിറ്റി പോലുള്ള വലിയ പദ്ധതികൾക്കായും കേരളത്തിന് ഒരു സഹായവും നൽകാത്ത ഈ ബജറ്റ് നിരാശ നൽകുന്നു എന്നതിനേക്കാൾ കേരളത്തോടുള്ള അവഗണനയെന്ന നിലയിൽ ഓരോ മലയാളിയേയും രോക്ഷാകുലനാക്കുകയാണ് ചെയ്യുന്നത്. വ്യവസായ രംഗത്ത് ദേശീയ അംഗീകാരമുൾപ്പെടെ നേടുമ്പോഴും ഈ രംഗത്ത് കേന്ദ്രബജറ്റ് കേരളത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്.
ദേശീയപാത നിർമ്മാണത്തിനായി കേരളത്തിൽ നിന്ന് 6000 കോടി രൂപയിലധികം സംസ്ഥാന വിഹിതമായി നൽകിയതുൾപ്പെടെ ഈ സന്ദർഭത്തിൽ മലയാളികൾ ഓർത്തെടുക്കുകയാണ്. കേരളം സ്വന്തമായി വികസനം കൊണ്ടുവരുന്നതിന് സംസ്ഥാനം വായ്പ എടുക്കുമ്പോൾ കടമെടുപ്പ് പരിധി വെട്ടിച്ചുരുക്കുന്നതിനും കേന്ദ്രം മുന്നിൽ നിൽക്കുകയാണല്ലോ. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കുടിശ്ശികയിനത്തിൽ തന്നെ നാലായിരം കോടിയോളം രൂപ കേരളത്തിന് ലഭിക്കാനുള്ളതും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇത്രയും അടിസ്ഥാനപരമായ ആവശ്യങ്ങൾ പോലും അംഗീകരിക്കാതെ മലയാളികളോടാകെ കൊഞ്ഞനം കുത്തുകയാണ് കേന്ദ്രസർക്കാർ. ആശുപത്രികൾക്ക് കളറടിച്ചില്ലെങ്കിൽ ശതകോടികൾ നൽകില്ലെന്ന് ഭീഷണിപ്പെടുത്തുന്ന കേന്ദ്രസർക്കാർ, സ്കൂളുകൾക്ക് പറയുന്ന പേരിട്ടില്ലെങ്കിൽ നൽകാനുള്ള ശതകോടികൾ വെട്ടുമെന്ന് പറയുന്ന കേന്ദ്രസർക്കാർ ലോകസഭാ തെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്ത ‘ഗ്യാരണ്ടി’ എന്താണെന്ന് മലയാളികൾ ഇപ്പോൾ ചോദിക്കുകയാണ്.