ഒരു നാടാകെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേരളത്തിനെതിരെ നടത്തിയ ഗൂഢാലോചനയാണ് ന്യൂസ്മിനുട്ട് പുറത്തുകൊണ്ടുവന്നത്. കേരള സർക്കാരിന്റെ തെറ്റായ നയമാണ് ഈ ദുരന്തത്തിലേക്ക് നയിച്ചതെന്ന രീതിയിൽ പ്രതികരിക്കാൻ പ്രസ്സ് ഇൻഫോർമേഷൻ ബ്യൂറോ വഴി നിരവധി ശാസ്ത്രജ്ഞരെ സമീപിച്ചതിന്റെ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. ആധികാരികല്ലാത്ത വിവരങ്ങൾ നൽകി കേരളവിരുദ്ധ ലേഖനങ്ങൾ എഴുതാനും ഇവരോട് ആവശ്യപ്പെട്ട വിവരങ്ങളും റിപോർട്ടിലുണ്ട്- ആരും ഇതിന് തയ്യാറാകാതെ വന്നപ്പോഴാണ് മന്ത്രി ഭൂപേന്ദ്ർ യാദവ് തന്നെ നുണ പ്രസ്താവനയുമായി ഇറങ്ങിയത്.
ഉരുൾപ്പൊട്ടൽ സംബന്ധിച്ച മുന്നറിയിപ്പ് കേരളത്തിന് നൽകിയിരുന്നെന്ന കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവന നുണയാണെന്ന് തെളിവുകൾ സഹിതം മാധ്യമങ്ങൾ തുറന്നുകാട്ടിയപ്പോഴാണ് ഈ അധമപ്രവർത്തനം. മുന്നറിയിപ്പുകൾ നൽകുന്നതിൽ പരാജയപ്പെട്ട കേന്ദ്രസർക്കാർ ഭാവിയിൽ തുറന്നുകാട്ടപ്പെടുമെന്ന ഭയവും ഈ നീക്കത്തിന് പുറകിലുണ്ട്.
മനുഷ്യ ഇടപ്പെടലുകൾ ഒന്നുമില്ലാത്ത സ്ഥലത്തുണ്ടായ ഉരുൾപ്പൊട്ടൽ ശാസ്ത്രീയമായ പഠനത്തിന് വിധേയമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഒരു പാരിസ്ഥിക അനുമതിയുമില്ലാതെ കുന്നുകൾ ഇടിച്ചുനിരത്താനുള്ള കരട് ഉത്തരവ് പുറത്തിറക്കിയ വകുപ്പ് നടത്തുന്ന ഇത്തരം നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയും.