Skip to main content

കേരളം ഒരു തരത്തിലും മുന്നേറരുതെന്ന വാശിയാണ് ബിജെപിക്കും മോദി–ഷാ സർക്കാരിനും

കേരളം ഇതുവരെ നേരിടാത്ത അത്ര വ്യാപ്തിയുള്ള പ്രകൃതിദുരന്തമാണ് വയനാട്ടിലുണ്ടായത്. രണ്ട് ഉരുൾപൊട്ടലുകളിലായി ചൂരൽമലയിലെയും മുണ്ടക്കൈയിലെയും അട്ടമലയിലെയും പുഞ്ചിരിമട്ടത്തെയും ജനവാസകേന്ദ്രങ്ങൾ ചരിത്രത്തിന്റെ ഭാഗമായി. ഇവിടെയുണ്ടായ ഉരുൾപൊട്ടൽ അത്യുഗ്രമായ ബോംബ് സ്ഫോടനത്തിനു സമാനമാണെന്നാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തന്നെ അഭിപ്രായപ്പെട്ടത്. ഈ ജലബോംബിൽ ജനവാസകേന്ദ്രങ്ങൾ പൂർണമായും ഒലിച്ചുപോയി. രക്ഷിതാക്കളെ നഷ്ടപ്പെട്ടവർ, മക്കളെ നഷ്ടപ്പെട്ടവർ, ഭർത്താവിനെ, ഭാര്യയെ നഷ്ടപ്പെട്ടവർ, രക്ഷിതാക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെട്ട് അനാഥരായ കുട്ടികൾ, ജീവിത സമ്പാദ്യം മുഴുവൻ ഒരു പിടി മണ്ണായി മാറുന്ന രംഗം വേദനയോടെ കണ്ടുനിൽക്കേണ്ടിവന്ന ഹതഭാഗ്യർ. സ്ഥലം സന്ദർശിച്ച എനിക്ക് കാണാനായത് ദുരന്തഭൂമിയിലെ വേദനാജനകമായ കാഴ്ചകളായിരുന്നു. വീടുകളും കടകളും മറ്റിതരസ്ഥാപനങ്ങളും മാത്രമല്ല, ചൂരൽമലയിലെ ശിവക്ഷേത്രവും മുണ്ടക്കൈയിലെ മുസ്ലിം പള്ളിയും ഉരുളെടുത്തു. വയനാട് അക്ഷരാർഥത്തിൽ കണ്ണീർച്ചാലായി.
എന്നാൽ, ദുരന്തമുഖത്ത് പകച്ചുനിൽക്കുന്നതിനു പകരം പരമാവധി ജീവൻ രക്ഷിക്കാനുള്ള ചടുലവും ഏകോപിതവുമായ പ്രവർത്തനം കാഴ്ചവയ്‌ക്കുന്ന സർക്കാർ സംവിധാനങ്ങളെയും കാണാൻ കഴിഞ്ഞു. ദുരന്തമുണ്ടായി മണിക്കൂറുകൾക്കകംതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. പൊലീസും ഫയർഫോഴ്സും മാത്രമല്ല കര, വ്യോമ, നാവികസേനാ അംഗങ്ങളും കോസ്റ്റ് ഗാർഡും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും അഗ്‌നിരക്ഷാസേനയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ജനങ്ങളും രക്ഷാപ്രവർത്തനം സജീവമാക്കിയിരുന്നു. ചൂരൽമലയെയും മുണ്ടക്കൈയെയും ബന്ധിപ്പിച്ച് ബെയ്‌ലി പാലം നിർമിച്ച സൈന്യം രക്ഷാപ്രവർത്തനത്തിന് വേഗം പകർന്നു. വ്യോമസേനാ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് നിരവധി പേരെയാണ് രക്ഷപ്പെടുത്തിയത്. മണ്ണിനടിയിൽ ജീവനുണ്ടോയെന്ന് തിരയാൻ ഇന്റലിജന്റ്‌ ബറീഡ് ഒബ്ജക്ട് ഡിറ്റക്‌ഷൻ സിസ്റ്റം പോലുള്ള എല്ലാ അത്യാധുനിക സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു തിരച്ചിൽ. സംഭവം അറിഞ്ഞപ്പോൾത്തന്നെ അഞ്ചോളം മന്ത്രിമാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ദുരന്തമേഖല സന്ദർശിച്ചു. സർവകക്ഷിയോഗവും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചേർന്നു. തുടർ രക്ഷാദൗത്യത്തിനായി നാലംഗ മന്ത്രിസഭാ ഉപസമിതിക്കും രൂപം നൽകി. രക്ഷാപ്രവർത്തനം തുടരുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. ശരീരഭാഗങ്ങൾ ആരുടേതെന്ന് മനസ്സിലാക്കാൻ ഡിഎൻഎ ശേഖരിച്ച ശേഷമാണ് മറവു ചെയ്തത്. സർക്കാരിന്റെ സമയോചിതമായ ഇടപെടലും വേഗമാർന്ന രക്ഷാപ്രവർത്തനവും കാരണം ആയിരത്തഞ്ഞൂറിലേറെ പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുന്നതിലും ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവ നൽകുന്നതിലും ഒരു വീഴ്ചയും സംഭവിക്കാൻ സർക്കാർ അനുവദിച്ചില്ല.

അടുത്ത ഭഗീരഥയത്നം ദുരന്തബാധിതരുടെ പുനരധിവാസമാണ്. അവർക്ക് താമസിക്കാനായി പ്രത്യേക ടൗൺഷിപ്പുകൾ നിർമിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സുരക്ഷിതവും അനുയോജ്യവുമായ സ്ഥലം കണ്ടെത്താൻ ലാൻഡ് റവന്യു ജോയിന്റ്‌ സെക്രട്ടറിയും വയനാട്ടിലെ മുൻ കലക്ടറുമായ എം ഗീതയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. രാജ്യത്തിനും ലോകത്തിനും മാതൃകയാക്കാവുന്ന പുനരധിവാസ കേന്ദ്രമാണ് ഒരുക്കുകയെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴിയാണ് പുനരധിവാസം നടപ്പാക്കുന്നത്. 2018, 19കളിലെ പ്രളയകാലത്തും കോവിഡ് കാലത്തും പുനരധിവാസ പ്രവർത്തനം നടത്തിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴിയായിരുന്നു. ധനകാര്യ സെക്രട്ടറിയുടെ നേരിട്ടുള്ള ചുമതലയിലാണ് ഫണ്ട് എന്നതിനാൽ അതുസംബന്ധിച്ച് പല കോണുകളിൽനിന്നും ഉയരുന്ന വ്യാജപ്രചാരണങ്ങൾക്ക് ഒരടിസ്ഥാനവുമില്ലെന്ന് സർക്കാർതന്നെ വ്യക്തമാക്കിയിട്ടുണ്ട്. സിഎജി ഓഡിറ്റ് ചെയ്യുന്ന ഫണ്ടുകൂടിയാണിത്. ഇതിലേക്ക് സംഭാവന ചെയ്യാൻ സിപിഐ എം ജനങ്ങളെ കണ്ട് അഭ്യർഥിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തുന്നത് കേരളം നന്നായിക്കൂടാ എന്ന മാനസികാവസ്ഥയുള്ളവരാണ്. കേരളത്തെ അകമഴിഞ്ഞു സഹായിക്കേണ്ട കേന്ദ്രസർക്കാരും അതിന് നേതൃത്വം നൽകുന്ന ബിജെപിയും ഇത്തരം മാനസികാവസ്ഥയിലേക്ക് മാറിയെന്നതാണ് കേരളം അഭിമുഖീകരിക്കുന്ന മറ്റൊരു ദുരന്തം. ഫെഡറൽ സങ്കൽപ്പങ്ങളെ കാറ്റിൽ പറത്തുന്നതാണ് ദുരന്തസമയത്തുപോലും കേന്ദ്ര സർക്കാരിന്റെ പെരുമാറ്റം. ദുരന്തമുണ്ടായി തൊട്ടടുത്ത ദിവസംതന്നെ പാർലമെന്റിന്റെ ഇരുസഭകളിലും ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവന ഇതിന് ഉദാഹരണമാണ്. അതിശക്തമായ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഒരാഴ്ച മുമ്പുതന്നെ നൽകിയിരുന്നെന്നും അതനുസരിച്ചുള്ള മുൻകരുതൽ സംസ്ഥാനം എടുത്തില്ലെന്നതുമാണ് അമിത് ഷാ പറഞ്ഞത്. ഈ വിമർശം വസ്തുതാപരമല്ലെന്ന് മാത്രമല്ല, ദുരന്തമുഖത്ത് നിൽക്കുന്ന സംസ്ഥാനത്തെ കുറ്റപ്പെടുത്തി, മനോവീര്യവും ആത്മവിശ്വാസവും കെടുത്തി രക്ഷാപ്രവർത്തനത്തെപ്പോലും അവതാളത്തിലാക്കാൻ ഉദ്ദേശിച്ചുള്ള മനുഷ്യത്വരഹിതമായ സമീപനമാണ് അമിത് ഷായിൽനിന്നുണ്ടായത്. ഏതു കാര്യത്തിലും ഇടതുപക്ഷ സർക്കാരിനെ കണ്ണിൽ ചോരയില്ലാതെ വിമർശിക്കുന്ന "മലയാള മനോരമയ്‌ക്ക്’ പോലും അമിത് ഷായുടെ പ്രസ്താവന തെറ്റാണെന്ന് പറയേണ്ടി വന്നു.

കാലാവസ്ഥാമാറ്റത്തിന്റെ ഈ കാലത്തും ഇത്തരം ഏജൻസികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിൽ ഇടപെടാതെ ദുരന്തത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുമേൽ ചുമത്താനുള്ള അമിത് ഷായുടെ നീക്കം പ്രതിഷേധാർഹമാണ്. അപക്വവും മനുഷ്യത്വരഹിതവുമായ ഈ നടപടിക്കെതിരെ സ്വാഭാവികമായും വൻ പ്രതിഷേധം ഉയർന്നു. തെറ്റ് സമ്മതിച്ച് കേരളത്തോട് മാപ്പ് പറയുന്നതിനു പകരം കുറ്റം സംസ്ഥാന സർക്കാരിനു മാത്രമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രത്തിൽനിന്ന്‌ തുടർന്നുണ്ടായത്. അതിനുദാഹരണമാണ് കേന്ദ്ര പരിസ്ഥിതി– -വനം കാലാവസ്ഥാവ്യതിയാന മന്ത്രി ഭൂപേന്ദ്ര യാദവിന്റെ ആരോപണം. പരിസ്ഥിതിലോല പ്രദേശത്ത് കുടിയേറ്റവും അനധികൃത ക്വാറികൾ പ്രവർത്തിക്കാൻ അനുവദിച്ചതുമാണ് ദുരന്തത്തിന് കാരണമായതെന്ന വാദവുമായാണ് ഈ മന്ത്രി രംഗപ്രവേശം ചെയ്തത്. ആഗോളതാപനവും വർധിച്ചുവരുന്ന സമുദ്രതാപനിലയും ഉഷ്ണതരംഗവും മിന്നൽപ്രളയവും മേഘവിസ്ഫോടനവും ഉൾപ്പെടെ പുതിയ കാലാവസ്ഥാ മാറ്റങ്ങളാണ് വൻ പ്രകൃതിദുരന്തങ്ങൾക്ക് വഴിവയ്‌ക്കുന്നതെന്ന വസ്തുത മറച്ചുപിടിച്ച് ഒരു ക്വാറിയും ചെറിയ തുണ്ട് ഭൂമിയിൽ ജീവിക്കുന്ന എസ്റ്റേറ്റ് തൊഴിലാളികളും സാധാരണ മനുഷ്യരുമാണ് ദുരന്തത്തിന്റെ കാരണക്കാരെന്ന് ആരോപിക്കുന്നത് ദുഷ്ടലാക്കോടെയാണ്.

ഉരുൾപൊട്ടലിന്റെ ഉത്തരവാദിത്വം പാവപ്പെട്ട തൊഴിലാളികളുടെ തലയിൽ കെട്ടിവയ്‌ക്കുന്ന മന്ത്രിയുടെ സമീപനത്തെ മനുഷ്യത്വമുള്ള ആർക്കും അംഗീകരിക്കാനാകില്ല. ദുരന്തത്തിനിരയായ മനുഷ്യരെ സഹായിക്കേണ്ട കേന്ദ്രം അവരെ അപമാനിക്കുകയാണ്. കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമന്റെ തെറ്റായ പ്രസ്താവനയ്‌ക്ക് ന്യായീകരണം നിർമിച്ചെടുക്കാനായിരിക്കണം ദുരന്തത്തിന്റെ കാരണം കേരള സർക്കാരിന്റെ തെറ്റായ നയങ്ങളാണെന്ന് സ്ഥാപിക്കുന്ന ലേഖനങ്ങളും റിപ്പോർട്ടുകളും കെട്ടിച്ചമയ്ക്കാൻ ഭൂപേന്ദ്ര യാദവിന്റെ മന്ത്രാലയം പ്രസ് ഇൻഫർമേഷൻ ബ്യൂറോ വഴി ശ്രമിച്ചത്. "ദ ന്യൂസ് മിനിറ്റ്' എന്ന ഓൺലൈൻ മാധ്യമമാണ് ഈ വാർത്ത പുറത്തുവിട്ടത്. നിരവധി ശാസ്ത്രജ്ഞരെയും ഗവേഷകരെയും മാധ്യമ പ്രവർത്തകരെയും ഇതിനായി സമീപിച്ചെങ്കിലും വിജയിച്ചില്ലെന്നാണ് റിപ്പോർട്ട്. ക്വാറികളാണ് ഉരുൾപൊട്ടലിന് കാരണമാകുന്നതെന്ന വീക്ഷണം ശാസ്ത്രീയമല്ലെന്നും സർക്കാരിന്റെ കൈവശം ഇതിന് ഉപോൽബലകമായ വസ്തുതകൾ ഉണ്ടെങ്കിൽ അത് പുറത്തുവിട്ട് സംസ്ഥാന സർക്കാരിനോടുള്ള നിഴൽ യുദ്ധം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും പിഐബിയെ സമീപിച്ചവരിൽ ചിലർ സർക്കാരിനെ ഉപദേശിച്ചതും ദ ന്യൂസ് മിനിറ്റ്‌ റിപ്പോർട്ട് ചെയ്തു.

ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു ദുരന്തമുഖത്ത്, അതിൽ പെട്ടവർക്ക് ആശ്വാസം നൽകുന്നതിനു പകരം സംസ്ഥാന സർക്കാരിൽ കുറ്റം കണ്ടെത്താൻ ഉറക്കമിളച്ചു പ്രവർത്തിക്കുന്ന, മുറിവിൽ മുളകു പുരട്ടുന്ന കേന്ദ്രസർക്കാരിനെയാണ് ഇവിടെ കാണുന്നത്. ഇത്രയും വലിയ ദുരന്തമായിട്ടും ക്യാബിനറ്റ് പദവിയുള്ള ഒരു മന്ത്രിപോലും വയനാട്ടിലെത്തിയില്ല. ഇതിൽനിന്ന്‌ ഒരു കാര്യം വ്യക്തമാണ്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം ഈ കേന്ദ്രസർക്കാർ പരിഗണിക്കുമെന്നു കരുതാനാകില്ല. 2018ലെ പ്രളയകാലത്ത് സഹായമായി നൽകിയ അരിക്കും ഹെലികോപ്റ്റർ സർവീസിനും പണം എണ്ണി വാങ്ങിയവരാണ് ഇപ്പോഴും കേന്ദ്രം ഭരിക്കുന്നത്. അന്ന് കേരളത്തെ സഹായിക്കാൻ മുന്നോട്ടുവന്ന വിദേശരാജ്യങ്ങളെ ദുരഭിമാനത്തിന്റെ പേരു പറഞ്ഞ് വിലക്കിയവരും ഇവർ തന്നെയാണ്. കേരളത്തെ ഒരു തരത്തിലും മുന്നേറാൻ വിടില്ലെന്ന വാശിയാണ് ബിജെപിക്കും മോദി–-ഷാ സർക്കാരിനും. സഹജീവി സ്നേഹമില്ലാത്ത, വിദ്വേഷത്തിന്റെ വിത്തുമാത്രം പാകുന്ന ഈ കേരളവിരുദ്ധ ശക്തികളെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സർവോപരി മനുഷ്യത്വത്തിന്റെയും കൊടി ഉയർത്തി പുരോഗമന ജനാധിപത്യ മതനിരപേക്ഷ കേരളം അതിജീവിക്കും.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.