Skip to main content

കേരളത്തിനുള്ള സാമ്പത്തിക പിന്തുണയും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള സഹായങ്ങളും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി സ. പിണറായി വിജയൻ ആവശ്യപ്പെട്ടു

വയനാട് ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായവർക്കുള്ള പുനരധിവാസത്തിനുള്ള സാമ്പത്തിക പിന്തുണയും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള സഹായങ്ങളും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി സ. പിണറായി വിജയൻ ആവശ്യപ്പെട്ടു. ദുരന്ത മേഖല സന്ദർശിക്കാൻ എത്തിയ പ്രധാനമന്ത്രിക്കു മുന്നിൽ മുഖ്യമന്ത്രി ഇത് ഉൾപ്പെടെയുള്ള കേരളത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിച്ചു.

പ്രധാനമന്ത്രിയോട് ദുരന്തന്തിന്റെ വ്യാപ്തി വിശദീകരിച്ച ശേഷം മുഖ്യമന്ത്രി അവ കുറിപ്പായി കൈമാറി. നാശനഷ്ടങ്ങളുടെ വിശദമായ കണക്കെടുപ്പ് നടന്നുവരികയാണ്. ആയിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ദുരന്തവുമായി ബന്ധപ്പെട്ട വിശദമായ നിവേദനം സംസ്ഥാനം കേന്ദ്ര സർക്കാരിന് പിന്നീട് സമർപ്പിക്കും.

ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഘാതം സംസ്ഥാനത്തെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് അടിക്കടിയുണ്ടാകുന്ന പ്രവചനാതീതമായ പ്രകൃതി ദുരന്തങ്ങൾ. ഈ വർഷത്തെ വേനൽക്കാലത്ത് നേരിട്ട ഉഷ്ണതാപം സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമാണ്. കൂടാതെ പെട്ടെന്നുണ്ടായ അതിതീവ്ര ഉരുൾപൊട്ടലിനും ഇടയാക്കിയത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതമാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ ഇത്തരം അപ്രതീക്ഷിത പ്രകൃതിക്ഷോഭങ്ങൾ നേരിടാൻ മതിയായ സജ്ജീകരണങ്ങൾ കേരളത്തിന് ആവശ്യമാണ്.

ഈ പശ്ചാത്തലത്തിൽ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, ഇന്ത്യ മെറ്റിയോറോളജിക്കൽ ഡിപ്പാർട്മെന്റ്, നാഷണൽ സിസ്‌മിക്‌ സെന്റർ, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളുടെ സ്പെഷ്യൽ സെന്ററുകളും അത്യാധുനിക പഠന സൗകര്യങ്ങളുള്ള പ്രാദേശിക ഓഫീസുകളും സംസ്ഥാനത്ത് ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കാലാവസ്ഥാ നിരീക്ഷണത്തിനായി ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. അതിനായി ഹൈ റെസൊല്യൂഷൻ ഹസാർഡ് അസ്സെസ്റ്റ്മെന്റ് ടൂളുകളും ലാൻഡ് യൂസ് പ്ലാനിംഗ് മാപുകളും ലിഡാർ (LiDAR) അടിസ്ഥാനപ്പെടുത്തിയുള്ള ഡിജിറ്റൽ എലവേഷൻ മോഡലും ഉപയോഗപ്പെടുത്താവുന്നതാണ്.

സംസ്ഥാന സർക്കാർ കാലാവസ്ഥാ പഠനത്തിനായി 2015 ൽ കോട്ടയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് സ്ഥാപിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന പ്രതിസന്ധികൾക്ക് പ്രാദേശികാടിസ്ഥാനത്തിനുള്ള പരിഹാരത്തിനായി ഈ സ്ഥാപനത്തിന്റെ ഗവേഷണ ക്ഷമത വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ വലിയ സാമ്പത്തിക പിന്തുണ അനിവാര്യമാണ്. കാലാവസ്ഥാ വ്യതിയാനത്തെ ദീർഘകാലാടിസ്ഥാനത്തിൽ അതിജീവിക്കാൻ പര്യാപ്തമായ നിർമ്മാണ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ കേരള ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ മിഷനും പ്രവർത്തിച്ചുവരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിച്ച് സംസ്ഥാനത്തിന് സുരക്ഷിതമായി മുന്നോട്ടുപോകാൻ ഈ രണ്ട് സ്ഥാപനങ്ങൾക്കും ഉദാരമായ സാമ്പത്തിക പിന്തുണയും സാങ്കേതിക സഹായവും ആവശ്യമാണ്.

വയനാട് ദുരന്തത്തിന്റെ വ്യാപ്തി കണക്കാക്കി കേന്ദ്ര സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകൾ സംസ്ഥാന സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കാൻ നിർദ്ദേശം നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. അതിവേഗത്തിലുള്ള പുനർനിർമാണത്തിനും കാലാവസ്ഥാ വ്യതിയാനത്തെ ദീർഘകാലാടിസ്ഥാനത്തിൽ ചെറുക്കാനും സംസ്ഥാനം നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾക്ക് മതിയായ സാമ്പത്തിക പിന്തുണ ആവശ്യമാണ്.

ദുരന്തത്തിന്റെ വ്യാപ്തിയും ആഘാതവും കണക്കിലെടുത്ത് വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തമായും ദേശീയ ദുരന്തമായും എത്രയും വേഗം പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. 

കൂടുതൽ ലേഖനങ്ങൾ

ജയചന്ദ്രൻ്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരൻ്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. ജയചന്ദ്രൻ്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം.

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സംഗീതാരാധാകർ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു ജയചന്ദ്രൻ. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി.

ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംഭവബഹുലമായ 2024 നോട് വിട പറഞ്ഞ് പുതുവർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ജനങ്ങൾ പുതുവർഷത്തെ വരവേറ്റത്.

സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു. 'വെള്ളത്തിൽ മീനുകളെന്നപോൽ, ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും, പഴമയുടെ പുതുവായനകൾ, സ്മരണകൾ സമരായുധങ്ങൾ' എന്നിവയാണ്‌ പ്രകാശിപ്പിച്ചത്‌.