ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളവയാണ്. ഹേമ കമ്മിറ്റി ഒരു ജുഡിഷ്യൽ കമ്മിഷനല്ലാത്തതിനാൽ പരാതി ലഭിക്കാതെ സർക്കാരിന് കേസ് എടുക്കാൻ കഴിയില്ല. തൊഴിലിടത്തെ സ്ത്രീ സുരക്ഷ ഉറപ്പാക്കാനാണ് സംസ്ഥാന സർക്കാർ ഇത്തരമൊരു കമ്മിറ്റി രൂപീകരിച്ചത്. ഇക്കാര്യത്തിൽ ഏതെങ്കിലും ഒരു സ്ത്രീ പരാതിയുമായി മുന്നോട്ട് വന്നാൽ കേസെടുത്ത് അന്വേഷണം ആരംഭിക്കും. നിയമപ്രകാരം പരാതി നൽകിയിട്ടുള്ള സ്ത്രീകളുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ, വേട്ടക്കാരുടെ കാര്യം അങ്ങനെയല്ല. അവരുടെ പേരുകൾ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരേണ്ടതാണ്. ആത്മവിശ്വാസത്തോടെ സ്ത്രീകൾക്ക് പുറത്തുവന്ന് സംസാരിക്കാനാകുന്ന ഒരു സാഹചര്യം ഉണ്ടാകേണ്ടതുണ്ട്. എന്നാൽ, തുറന്ന് സംസാരിക്കുന്നതിൽ നിന്ന് പല കാരണങ്ങളും അവരെ വിലക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. ഇക്കാര്യത്തിൽ ഉയർന്നുവന്ന നിരവധി പ്രശ്നങ്ങൾ ചർച്ചചെയ്യേണ്ടതുണ്ട്. ഇന്ത്യയിലാദ്യമായി സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെ കുറിച്ച് പഠിക്കാൻ ഇത്തരമൊരു കമ്മീഷനെ നിയോഗിച്ച കേരള സർക്കാരിനെ അഭിനന്ദിക്കുന്നു. ഈ നടപടി സിനിമാമേഖലയിലെ സ്ത്രീകൾക്ക് പൊതുചർച്ചകളിൽ സംസാരിക്കുന്നതിന് ആത്മവിശ്വാസം നൽകുന്നതാണ്. കേരള സർക്കാർ രൂപീകരിച്ച ഹേമ കമ്മിറ്റി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കണം.