ഓണക്കാലത്തും ട്രെയിൻ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന റെയിൽവേയുടെ നിലപാട് പ്രതിഷേധാർഹമാണ്. മലയാളികൾ വലിയ തോതിൽ താമസിക്കുന്ന മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കാൻ റെയിൽവേ മന്ത്രാലയം തയ്യാറായിട്ടില്ല. ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ഭൂരിപക്ഷം മലയാളികളും ഓണം അവധിയ്‌ക്ക് നാട്ടിലെത്താൻ ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. എന്നാൽ ഈ സാഹചര്യത്തിലും പുതിയ ട്രെയിനുകൾ അനുവദിക്കാതെ യാത്രാ ദുരിതം കൂട്ടുന്ന നിലപാടാണ് റെയിൽവേ കൈക്കൊള്ളുന്നത്. ഓണക്കാലത്ത് കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നത് മനസ്സിലാക്കി അടിയന്തര ഇടപെടൽ നടത്താൻ റെയിൽവേ തയ്യാറാകണം. കൊച്ചുവേളി –ബംഗളൂരു റൂട്ടിൽ ഒരു ട്രെയിൻ അനുവദിച്ചെങ്കിലും ഇതിൽ ജനറൽ കോച്ചുകളില്ല. നിലവിലുള്ളതിനെക്കാൾ കൂടിയ നിരക്കാണ് സ്പെഷ്യൽ ട്രെയിനുകളിൽ റെയിൽവേ ഈടാക്കുന്നത്. ട്രെയിൻ ടിക്കറ്റ് കിട്ടാതാകുന്നതോടെ ഓണത്തിന് നാട്ടിലെത്താൻ മലയാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ പൂർണമായും അവഗണിക്കുന്ന റെയിൽവേ അവരുടെ നിലപാട് തിരുത്താൻ തയ്യാറാകണം.