Skip to main content

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് ഇൻ്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന് അനുമതി ലഭിച്ചു

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് ഇൻ്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന് കേന്ദ്ര സർക്കാറിൻ്റെ അനുമതി ലഭിച്ചു. സാമ്പത്തിക കാര്യങ്ങൾക്കായുള്ള കാബിനറ്റ് ഉപസമിതിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. പദ്ധതിക്കാവശ്യമായ 1710 ഏക്കർ ഭൂമിയും സംസ്ഥാനം റെക്കോഡ് വേഗതയിൽ ഏറ്റെടുത്തിരുന്നു. 1790 കോടി രൂപ സംസ്ഥാന സർക്കാർ ചിലവഴിച്ച് പ്രാരംഭ നടപടികളെല്ലാം പൂർത്തിയാക്കിയതിനെത്തുടർന്നാണ് കേന്ദ്ര കാബിനറ്റിൻ്റെ അംഗീകാരം ലഭിച്ചത്. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വ്യവസായമന്ത്രിയെന്ന നിലയിൽ ഞാൻ കഴിഞ്ഞ ജൂൺ 28 ന് കേന്ദ്ര വ്യവസായമന്ത്രി പിയൂഷ് ഗോയലിനേയും സന്ദർശിച്ച് പദ്ധതിക്ക് അംഗീകാരം നൽകണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.

കൊച്ചി - ബാംഗ്ളൂർ വ്യവസായ ഇടനാഴിയുടെ ഭാഗമായ ഏറ്റവും പ്രധാന ഭാഗമാണ് പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി. 1710 ഏക്കറിലാണ് ഇൻ്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ നിലവിൽ വരിക. പുതുശേരി സെൻട്രലിൽ1137 ഏക്കറും പുതുശേരി വെസ്റ്റിൽ 240 ഏക്കറും കണ്ണമ്പ്ര യിൽ 313 ഏക്കറും പദ്ധതിക്കായി ഏറ്റെടുത്തു. കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുന്ന കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 82% സ്ഥലവും 2022 ൽ തന്നെ സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. 2022 ഡിസംബർ 14 ന് നാഷണൽ ഇൻ്റസ്ട്രിയൽ കോറിഡോർ ഡെവലപ്മെൻ്റ് ആൻ്റ് ഇമ്പ്ലിമെൻ്റേഷൻ ട്രസ്റ്റ് ബോർഡ് പദ്ധതിക്ക് അംഗീകാരം നൽകി. 2024 ഫെബ്രുവരി 15 ന് കേന്ദ്ര പരിസ്ഥിതി മന്ത്രായലത്തിൽ നിന്ന് പാരിസ്ഥിതികാനുമതിയും ലഭിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപ്പറേഷൻ എന്ന എസ്.പി.വി മുഖേനയാണ് വ്യവസായ ഇടനാഴി പ്രോജക്ട് നടപ്പാക്കുന്നത്. മാസ്റ്റർ പ്ളാനും ഡി.പി. ആറും പൂർത്തിയായതിനാൽ ഉടൻ തന്നെ ടെണ്ടർ നടപടികൾ ആരംഭിക്കാനാകും. വ്യവസായ ഇടനാഴിയുടെ ഭാഗമായ കൊച്ചി ഗിഫ്റ്റ് സിറ്റിക്ക് സംസ്ഥാനം അനുമതി കാക്കുകയാണ്.

ഭക്ഷ്യ സംസ്കരണം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, എയ്റോസ്പേസ് തുടങ്ങിയ മേഖലകളിൽ വ്യവസായ സംരംഭങ്ങൾ പാലക്കാട് ഉയർന്നു വരും. ഇവിടെ ആരംഭിക്കുന്ന വ്യവസായങ്ങള്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നല്‍കുന്നതിനൊപ്പം നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്യും. ഉത്തരവാദ വ്യവസായം, ഉത്തരവാദ നിക്ഷേപം എന്ന നയത്തിലൂന്നിക്കൊണ്ട് പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങള്‍ സ്ഥാപിച്ച് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കും. കേരളത്തിൻ്റെ വ്യവസായ മേഖലയ്ക്ക് പുത്തനുണർവ്വ് നൽകുന്ന കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴി യാഥാർഥ്യമാകുമ്പോൾ 55000 പേർക്കെങ്കിലും നേരിട്ട് തൊഴിൽ ലഭിക്കുകയും ചെയ്യും. ഭക്ഷ്യ സംസ്‌കരണം, ലൈറ്റ് എഞ്ചിനീയറിംഗ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങളും മറ്റ് ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ-വാതക ഇന്ധനങ്ങള്‍, ഇലക്ട്രോണിക്‌സ്, ഐ.ടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിൽ ക്ലസ്റ്ററുകൾ വികസിപ്പിക്കാനാണ് ഇടനാഴിയുടെ ഭാഗമായി ലക്ഷ്യമിടുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.