കേരളത്തിന്റെ ഐടി രംഗത്ത് മികച്ച സംഭാവനകൾ നൽകിയ ഇൻഫോപാർക്ക് പ്രവർത്തനമാരംഭിച്ചു 20 വർഷങ്ങൾ പിന്നിടുകയാണ്. ഈ വേളയിൽ പുതിയ നേട്ടങ്ങളുമായി കുതിപ്പ് തുടരുന്ന ഇൻഫോപാർക്കിലെ ഐടി കയറ്റുമതി വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം 11,417 കോടി രൂപയിൽ എത്തി നിൽക്കുന്നു. 2022-23 സാമ്പത്തിക വർഷത്തിലെ കയറ്റുമതി വരുമാനമായ 9186 കോടി രൂപയിൽ നിന്നും 24.28 ശതമാനം വർദ്ധനവാണുണ്ടായിരിക്കുന്നത്.
2004 ൽ 26 കമ്പനികളിൽ 700 ഓളം ജീവനക്കാരുമായി കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ച ഇൻഫോപാർക്ക് ഇന്ന് വിപുലമായ പശ്ചാത്തല സൗകര്യങ്ങളുള്ള വലിയ ഐടി പാർക്കായി മാറിയിരിക്കുകയാണ്. കാക്കനാടുള്ള ഇൻഫോപാർക്ക് ഫേസ് ഒന്ന്, രണ്ട് എന്നിവ കൂടാതെ കൊരട്ടിയിലും ചേർത്തലയിലും ഇൻഫോപാർക്ക് ക്യാമ്പസുകൾ പ്രവർത്തിക്കുന്നുണ്ട്. മൊത്തമായി 582 കമ്പനികളും എഴുപത്തിനായിരത്തിലധികം ജീവനക്കാരുമായി ഇൻഫോപാർക്ക് വളർച്ച തുടരുകയാണ്.
2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം എട്ടുവർഷങ്ങൾക്കിടെ ഐടി മേഖലയിൽ അഭൂതപൂർവമായ വളർച്ചയാണുണ്ടായത്. ഇതുവഴി നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. നേരിട്ടുള്ള തൊഴിലവസരങ്ങൾ 33,100 ത്തോളം അധികമായി സൃഷ്ടിക്കാനായി. ഐടി സ്പേസ് 49.09 ലക്ഷം ചതുരശ്ര അടിയായും കമ്പനികളുടെ എണ്ണത്തിൽ 294 ഉം ഐടി നിക്ഷേപത്തിൽ 2,975.4 കോടി രൂപയുടെയും വർദ്ധിച്ചിട്ടുണ്ട്. കേരളത്തിന്റെ വളർച്ചയിൽ വലിയ കുതിപ്പുണ്ടാക്കാൻ ഈ നേട്ടങ്ങൾക്ക് സാധിക്കും.