വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾകൂടി പ്രയോജനപ്പെടുത്താൻ സംസ്ഥാനത്ത് കയറ്റുമതി നയത്തിന് സർക്കാർ രൂപം നൽകും. തുറമുഖ അധിഷ്‌ഠിത വ്യവസായങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കും. വ്യവസായത്തിനാവശ്യമായ ഭൂമിലഭ്യത ഉറപ്പുവരുത്താൻ ലാൻഡ് പൂളിങ് സംവിധാനം നടപ്പാക്കും. സ്വകാര്യഭൂമി ഏറ്റെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് തിരികെ നൽകുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം ഒന്നാമതെത്തിയത്, ഒരുമിച്ചുനീങ്ങിയാൽ അസാധ്യമായതൊന്നുമില്ല എന്നതിന്റെ തെളിവാണ്. 2020ലെ 28-ാം സ്ഥാനത്തുനിന്നാണ് കേരളം ഒന്നാം റാങ്കിലേക്ക് മുന്നേറിയത്. 2022ൽ ആദ്യ പത്ത് റാങ്കിൽ ഉൾപ്പെടുകയായിരുന്നു ലക്ഷ്യം. എന്നാൽ ഒന്നാംറാങ്കിലേക്ക് എത്താനായി. എല്ലാ വകുപ്പുകളും ചേർന്ന് നന്നായി മുന്നോട്ടുപോയതിന്റെ ഫലമാണിത്. ഈ നേട്ടം പ്രയോജനപ്പെടുത്തി പരമാവധി നിക്ഷേപം ആകർഷിക്കാനും തൊഴിലവസരം സൃഷ്ടിക്കാനും ശ്രമിക്കും. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പുറത്തും റോഡ്‌ഷോ അടക്കം സംഘടിപ്പിക്കും. ഫെബ്രുവരിയിൽ നിക്ഷേപ സംഗമവും ഒരുക്കും.