Skip to main content

മാധ്യമങ്ങൾ സർക്കാരിന്റെ സുതാര്യവും വ്യക്തവുമായ തീരുമാനങ്ങൾ മറച്ചുവച്ച് കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നു

ഹേമ കമ്മിറ്റി റിപ്പോർട്ടും പി വി അൻവർ ഉന്നയിച്ച പ്രശ്നങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ എൽഡിഎഫ് സർക്കാരിനെതിരെ പൊതുജനവികാരം സൃഷ്ടിക്കാനാകുമോയെന്ന ശ്രമമാണ് നടക്കുന്നത്. മലയാളത്തിലെ ഒരു സിനിമാനടി പീഡിപ്പിക്കപ്പെട്ട പ്രശ്നവുമായി ബന്ധപ്പെട്ട്‌ ഡബ്ല്യുസിസി നൽകിയ പരാതിയിൽ ഉന്നയിച്ച ആവശ്യങ്ങൾ കണക്കിലെടുത്താണ് സർക്കാർ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ഒരു ജുഡീഷ്യൽ കമീഷനാണെങ്കിൽ കമീഷന്റെ ശുപാർശകൾ സർക്കാരിന് കൊള്ളുകയോ തള്ളുകയോ ചെയ്യാം. എന്നാൽ, ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ജുഡീഷ്യൽ കമീഷനായാലും ശുപാർശകൾ നടപ്പാക്കണമെന്ന് നിർബന്ധമില്ലെന്നർഥം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്ന നടപടികൾ സർക്കാർ അപ്പോൾത്തന്നെ ആരംഭിച്ചു. അങ്ങനെ ഇന്റേണൽ കംപ്ലൈയ്ന്റ് കമ്മിറ്റിയും സിനിമാനയം രൂപീകരിക്കുന്നതിനുള്ള സമിതിയും നിലവിൽ വന്നു. നയരൂപീകരണത്തിനുള്ള നിർദേശങ്ങൾ തേടി സിനിമ കോൺക്ലേവും നിശ്ചയിച്ചു.
വനിതകൾക്ക് സിനിമ നിർമിക്കാൻ ഒന്നര കോടി നൽകി മൂന്ന്‌ സിനിമ പുറത്തിറങ്ങി. സാങ്കേതിക മേഖലയിൽ സ്ത്രീകളെ കൊണ്ടുവരികയെന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ ചലച്ചിത്ര അക്കാദമിയിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലും ആവശ്യമായ പരിശീലന സൗകര്യങ്ങൾക്ക് തുടക്കം കുറിച്ചു. വനിതകൾക്ക് പ്രത്യേക അവാർഡ് നൽകണമെന്ന ശുപാർശയും സർക്കാർ നടപ്പാക്കി. ട്രിബ്യൂണൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയമനിർമാണം പരിഗണനയിലാണെന്നും വ്യക്തമാക്കി.
കമ്മിറ്റി ശുപാർശകൾ നടപ്പാക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചെങ്കിലും റിപ്പോർട്ട് പുറത്തുവിടാൻ പാടില്ലെന്ന് റിപ്പോർട്ട് തയ്യാറാക്കിയ ചെയർപേഴ്സൺതന്നെ അന്നത്തെ സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകി. തുടർന്ന് 2020-ൽ ഒരു മാധ്യമപ്രവർത്തകൻ വിവരാവകാശ കമീഷനെ സമീപിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടു. എന്നാൽ, സ്വകാര്യതയുൾക്കൊള്ളുന്ന റിപ്പോർട്ടായതിനാൽ പുറത്തുവിടാൻ പറ്റില്ലെന്ന നിലപാടാണ് യുഡിഎഫ് കാലത്ത് കമീഷൻ ചെയർമാനായി ചുമതലയേറ്റ വിൻസൺ എം പോൾ സ്വീകരിച്ചത്. എൽഡിഎഫ് കാലത്ത് നിയമിക്കപ്പെട്ട വിവരാവകാശ കമീഷൻ 2024 ജൂലൈ ഏഴി-ന് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താൻ തീരുമാനിച്ചു. എന്നാൽ, സ്വകാര്യതാലംഘനമുള്ള ഭാഗം പരസ്യപ്പെടുത്തരുതെന്ന സമീപനവും സ്വീകരിച്ചു. ഈ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്റ്റേ ചെയ്തു. പിന്നീട് ഹൈക്കോടതിതന്നെ റിപ്പോർട്ട് പുറത്തുവിടാൻ നിർദേശിക്കുകയായിരുന്നു. അവിടെയും സ്വകാര്യതാലംഘനമുണ്ടാകരുതെന്നും നിർദേശിച്ചു.

ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചുമതലപ്പെട്ട വിവരാവകാശ കമീഷൻ ചില ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ഇത് സർക്കാർ ഇടപെട്ടാണെന്ന പ്രചാരണവും ഈ ഘട്ടത്തിലുയർന്നു. ഉദ്യോഗസ്ഥന്റെ വിവേചനാധികാരത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ഇതിലെന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അപ്പീൽ മുഖാന്തരം എടുക്കാവുന്നതേയുള്ളൂ എന്ന കാര്യവും മറച്ചുവച്ചാണ് ഇത് പ്രചരിപ്പിച്ചത്. ഇപ്പോൾ മുഴുവൻ റിപ്പോർട്ടും കോടതി നിർദേശപ്രകാരം കോടതിക്ക് കൈമാറുകയാണ്.

പൊലീസ് ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചില്ലെന്ന വാദവും മാധ്യമങ്ങൾ പ്രചരിപ്പിച്ചു. വനിതാ കമീഷന്റെ കത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സാംസ്കാരികവകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെടുകയും അത് ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, അത് രഹസ്യമാക്കി വയ്ക്കണമെന്ന് ജസ്റ്റിസ് ഹേമയുടെ നിർദേശം ഉൾക്കൊള്ളുന്ന കത്തിനോടൊപ്പമാണ് പൊലീസിന് ലഭിച്ചത്. അതുകൊണ്ടുതന്നെ തുടർനടപടികളിലേക്ക് കടക്കാനായില്ല.

റിപ്പോർട്ട് പുറത്തുവന്നതോടെ നിയമ നടപടികൾക്കുള്ള സാഹചര്യം സർക്കാർ ഒരുക്കി. സർക്കാരിന് സ്വയമേവ കേസെടുക്കാൻ അവകാശമില്ല. പൊലീസ് സംവിധാനം രൂപപ്പെടുത്തി അവരോട് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശിക്കുകയാണ് ചെയ്യാനാകുക. അതുപ്രകാരം അന്വേഷകസംഘത്തെ നിയോഗിച്ച് പരാതികൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശിച്ചു. ലഭിച്ച പരാതികളിൽ 21 കേസുകൾ രജിസ്റ്റർ ചെയ്തു. സിനിമാരംഗത്തെ പ്രമുഖർ മുൻകൂർ ജാമ്യംതേടി നെട്ടോട്ടമോടുന്ന സാഹചര്യം ഇത് സൃഷ്ടിച്ചു. മുഖം നോക്കാതെയുള്ള കർശനമായ ഇടപെടലിൽ ഭരണകക്ഷി എംഎൽഎക്കെതിരെയും കേസെടുത്തു. ഇപ്പോൾ വനിതാ ജഡ്ജിയെക്കൂടി ഉൾപ്പെടുത്തി പ്രത്യേകബെഞ്ച് രൂപീകരിക്കുമെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. മറ്റൊരു മേഖലയിൽക്കൂടി സംസ്ഥാന സർക്കാർ സ്ത്രീകൾക്ക് നീതി ഉറപ്പുവരുത്തുകയാണ്.

ലോകസിനിമയ്‌ക്ക് നിരവധി മഹത്തായ ചിത്രങ്ങളും പ്രതിഭാശാലികളെയും മലയാള സിനിമ സംഭാവന ചെയ്തിട്ടുണ്ട്. സിനിമയെ ശക്തിപ്പെടുത്തുന്നതിനായി വൈഡ് റിലീസിങ് പോലുള്ള സംവിധാനങ്ങളേർപ്പെടുത്തി സംരക്ഷിച്ചത് ഇടതുപക്ഷ സർക്കാരാണ്. 2023-ൽ 200 സിനിമ മലയാളത്തിലുണ്ടായി. ഇത് ഏകദേശം ഹോളിവുഡ് സിനിമകളുടെ എണ്ണത്തിന് തുല്യമാണ്. 2024 ജൂൺ 28-ലെ ‘ഇക്കണോമിസ്റ്റ്’ വാരിക ഇന്ത്യയിലെ സിനിമയുടെ ഹബ്ബായി മലയാള സിനിമ മാറുന്നതിനെപ്പറ്റി എടുത്തുപറഞ്ഞു. മലയാളസിനിമയെ പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം തെറ്റായ പ്രവണതകളെ പിഴുതെറിഞ്ഞ് സ്ത്രീസൗഹാർദപരമായി മാറ്റിയെടുക്കാനുമുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്. ഇതിന്റെ അലകൾ മറ്റ് സംസ്ഥാനങ്ങളിലേക്കും എത്തി. ഈ കേരളമാതൃകയിൽ നമുക്ക് തീർച്ചയായും അഭിമാനിക്കാം.
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ നടത്തിയ പ്രചാരവേലകൾ തകർന്നുവീണതോടെയാണ് പി വി അൻവറിന്റെ പരാതി ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെതിരെ രംഗത്തിറങ്ങാമോയെന്ന് ചിലർ പരിശ്രമം നടത്തുന്നത്. അതിന്റെ ഭാഗമായി സർക്കാരിലെ ഇടപെടലിനെ സംബന്ധിച്ച് പാർടി കാഴ്ചപ്പാടുകളും ചർച്ചാവിഷയമായി. പാർടിയും ഭരണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വ്യക്തമായ നിലപാട് നേരത്തേതന്നെ പാർടി സ്വീകരിച്ചിട്ടുണ്ട്.

കേരളത്തിലെ ഒന്നാമത്തെ മന്ത്രിസഭയുടെ കാലത്ത് 1957 ജൂലൈ 12ന്‌ അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൽ ഇങ്ങനെ പറയുന്നു–-"ഭരണകക്ഷിയായതോടുകൂടി ഈ രാജ്യത്തുള്ള എല്ലാവരുടെയും ന്യായമായ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ചുമതല പാർടിക്കുണ്ട്. ഈ ഉത്തരവാദിത്വത്തിൽ അഹങ്കരിക്കുകയോ ഈ തക്കം മറ്റുള്ളവരോട് പ്രതികാരം ചെയ്യാൻ ഉപയോഗിക്കുകയും ചെയ്യരുത്. നമ്മുടെ ചുമതലയുടെ ഭാരംകൊണ്ട് തല കുനിയുകയാണ് വേണ്ടത്’. എല്ലാവർക്കും നീതി ഉറപ്പുവരുത്തുകയെന്നതാണ് ഭരണത്തിലെ ഇടപെടലിലൂടെ പാർടി ലക്ഷ്യംവയ്‌ക്കുന്നതെന്നർഥം. അതോടൊപ്പം ഉദ്യോഗസ്ഥരെ സംബന്ധിച്ചും ചില കാര്യങ്ങൾ വ്യക്തമാക്കുകയുണ്ടായി–- "ഉദ്യോഗസ്ഥരുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനോ സ്വാർഥ താൽപ്പര്യങ്ങൾക്കുവേണ്ടി അവരെ ഉപയോഗപ്പെടുത്താനോ ഒരിക്കലും തുനിയരുത്. കഴിഞ്ഞകാലത്തെ അനുഭവങ്ങളുടെപേരിൽ ശുപാർശയ്‌ക്കും സേവയ്ക്കും പലരും സമീപിച്ചെന്ന് വരും. അതിനെ ചെറുത്തുനിൽക്കാൻ നമുക്ക് കഴിയണം. ആർക്കായാലും നീതി ഒരു ശുപാർശയും കൂടാതെ ലഭ്യമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നതാണ് നമ്മുടെ ഉന്നം’. 1957-ലെ ഈ പ്രമേയത്തിലുന്നയിച്ച കാര്യങ്ങൾ എടുത്തുപറഞ്ഞ്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി ‘സംസ്ഥാന സർക്കാരും പാർടിയും' എന്ന രേഖ അംഗീകരിക്കുകയും ചെയ്തു.

പാർടി മുന്നോട്ടുവച്ച ഈ സമീപനത്തിന്റെ അടിസ്ഥാനത്തിൽത്തന്നെ പി വി അൻവർ എംഎൽഎയുടെ പരാതികളെയും മുഖ്യമന്ത്രി സമീപിച്ചു. ഇതുമായി ബന്ധപ്പെട്ട പരാതി ലഭിച്ച സിപിഐ എം സംസ്ഥാന സെക്രട്ടറിയും സമീപനം വ്യക്തമാക്കി. 50,000ത്തോളം അംഗസംഖ്യയുള്ള പൊലീസ് സേനയിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരായാണ് പ്രധാനമായും പരാതി ഉന്നയിച്ചിട്ടുള്ളത്. ഈ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിലെ ജാഗ്രതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദ്യങ്ങൾക്ക് മറുപടിയെന്ന നിലയിൽ മാധ്യമങ്ങളുടെ മുന്നിൽവരികയും ചെയ്തു.

ഒരു പരാതി മുഖ്യമന്ത്രിക്ക് ലഭിച്ചാൽ സ്വാഭാവികമായും ചെയ്യുന്ന കാര്യം അത് പരിശോധിച്ച് നടപടിയെടുക്കുകയെന്നതാണ്. അതിന്റെ ഭാഗമായി ഒരു പ്രത്യേകസംഘത്തെതന്നെ നിയോഗിച്ചു. പൊലീസ് സേനയുടെ മേധാവിയെത്തന്നെ അതിന്റെ തലവനായി നിശ്ചയിച്ചു. പരാതിയിൽ പരാമർശിക്കപ്പെട്ട എസ്‌പിയെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്തു. വന്ന പരാതിയിൽ ശക്തമായി സർക്കാർ ഇടപെട്ടുവെന്നതിന്റെ ദൃഷ്ടാന്തമാണിതെല്ലാം. കേരളത്തിലെ പൊലീസ് ഇന്ത്യയിലെതന്നെ ഏറ്റവും മികവുറ്റ സേനയാണ്. അതിനെ കൂടുതൽ ഫലപ്രദമാക്കുന്നതിനാണ് സർക്കാർ ഇടപെടുന്നത്. അതിന്റെ ഭാഗമായാണ് ഗുരുതരമായ തെറ്റുകൾ കാണിച്ച 108 പൊലീസുദ്യോഗസ്ഥരെ ഈ സർക്കാർ പിരിച്ചുവിട്ടത്. സിനിമയിലെ സ്ത്രീകളുടെ ജനാധിപത്യപരമായ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും പൊലീസ് സേനയിൽ രൂപപ്പെടുന്ന തെറ്റായ പ്രവണതകളെ തിരുത്തുന്നതിനുമുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തം.

സർക്കാരിന്റെ സുതാര്യവും വ്യക്തവുമായ തീരുമാനങ്ങൾ മറച്ചുവച്ച് കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങൾ സംഘടിപ്പിക്കുന്നതിനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള പ്രശ്നങ്ങളിലെല്ലാം സർക്കാരും പാർടിയും ഒരു തെറ്റിനും കൂട്ടുനിന്നിട്ടില്ലെന്ന് വ്യക്തം. എന്നാൽ, വലിയ തലക്കെട്ടുകളും കാർട്ടൂണുകളുമെല്ലാം സൃഷ്ടിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പതിവുപോലെ ഇക്കാര്യത്തിലും നടക്കുകയാണ്. വലതുപക്ഷ മാധ്യമങ്ങളുടെ സ്ഥാപിതതാൽപ്പര്യങ്ങളാണ് വ്യാജ വാർത്തകളായി നിറഞ്ഞുനിൽക്കുന്നത്. പാർടി സമ്മേളനം നടക്കുന്ന ഘട്ടത്തിൽ പുതിയ അജൻഡകൾ രൂപപ്പെടുത്താനുള്ള മാധ്യമശ്രമങ്ങളാണ് ഇതിനു പിന്നിലുള്ളത്. ഇത്തരം താൽപ്പര്യങ്ങളെ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാനാകണം.
 

കൂടുതൽ ലേഖനങ്ങൾ

കേരളം വീണ്ടും രാജ്യത്തിന്‌ മാതൃക

സ. സജി ചെറിയാൻ

കേരളം വീണ്ടും രാജ്യത്തിന്‌ മാതൃകയാവുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഫിഷറീസ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തെ മികച്ച മറൈന്‍ സംസ്ഥാനമായി കേരളവും മികച്ച മറൈന്‍ ജില്ലയായി കൊല്ലവും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

സർക്കാരും മത്സ്യത്തൊഴിലാളികളും ഒത്തുചേർന്ന് മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി നടത്തിയ പ്രയത്നങ്ങൾക്ക് ദേശീയതലത്തിൽ അംഗീകാരം

സ. പിണറായി വിജയൻ

മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും പുരോഗതിയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രധാന പരിഗണനാ വിഷയങ്ങളിൽ ഒന്നാണ്. 2016 മുതൽ നൽകിയ ഓരോ വാഗ്ദാനങ്ങൾ പൂർത്തീകരിച്ചും പ്രതിസന്ധിഘട്ടങ്ങളിൽ ചേർത്തുപിടിച്ചും മത്സ്യത്തൊഴിലാളികൾക്കൊപ്പം ഈ സർക്കാരുണ്ട്.

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ വ്യാജ വോട്ടുകൾ ചേർത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെയും കോൺഗ്രസിന്റെയും ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ്പാലക്കാട്‌ കളക്ട്രേറ്റിലേക്ക് മാർച്ച് ചെയ്യും

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ ആയിരക്കണിക്കിന് വ്യാജ വോട്ടുകൾ ചേർത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെയും കോൺഗ്രസിന്റെയും ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 18ന് എൽഡിഎഫ് പാലക്കാട്‌ കളക്ട്രേറ്റിലേക്ക് മാർച്ച് ചെയ്യും.

നുണപ്രചരണത്തിലൂടെ വിജയം നേടാനുള്ള യുഡിഎഫിന്റെ നിന്ദ്യമായ നീക്കങ്ങളെയും വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള പ്രതിലോമ ശക്തികളുടെ ശ്രമങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ട് ഡോ. പി സരിൻ വിജയം നേടും

സ. പിണറായി വിജയൻ

ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾക്ക് നേരെ വലിയ വെല്ലുവിളികൾ ഉയരുന്ന ഇക്കാലത്ത് പുരോഗമനാശയങ്ങളിൽ അടിയുറച്ചു നിൽക്കുന്ന ജനകീയ ശബ്ദമാവാൻ ഡോ. സരിന് സാധിക്കുമെന്നതിൽ സംശയമേതുമില്ല. പാലക്കാട് നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ.