Skip to main content

മലയാള മാധ്യമ പ്രവർത്തനം അധമ പ്രൊപ്പഗണ്ടയായി അധ:പതനത്തിന്റെ നെല്ലിപ്പിടിയിലേക്ക്

മലയാള മാധ്യമ പ്രവർത്തനം അധമ പ്രൊപ്പഗണ്ടയായി അധ:പതനത്തിന്റെ നെല്ലിപ്പിടിയിലേക്ക് എത്തുന്നതിന്റെ പുതിയൊരു താഴ്ചയിലായിരുന്നു ഈ ഓണം. സംഘികളാകെ പ്രതിരോധത്തിലായിരുന്നു. 32 പേർ മരിച്ച ആന്ധ്രാ-തെലങ്കാന വെള്ളപ്പൊക്കത്തിന് 3448 കോടി രൂപ ഉടൻ അനുവദിച്ച സ്ഥാനത്ത് 403 പേർ മരിച്ച വയനാടിന് ഒരു പൈസ പോലും കേന്ദ്ര സർക്കാർ അനുവദിച്ചില്ല. ഇതുസംബന്ധിച്ച് ന്യായമൊന്നും പറയാനില്ലാതെ മാധ്യമ പ്രവർത്തകരോട് കയർക്കുന്നതിനേ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കുപോലും കഴിഞ്ഞിരുന്നുള്ളൂ. ഈ പ്രതിസന്ധിയിൽ നിന്ന് സംഘപരിവാറിനെ രക്ഷിക്കാനുള്ള ക്വട്ടേഷനാണ് ഏഷ്യാനെറ്റ് എടുത്തത്. ജമാഅത്ത് ഇസ്ലാമിയുടെ മീഡിയ വണ്ണും ഇതിനോടൊപ്പം കൂടിയപ്പോൾ ചേരേണ്ടവർ ഒത്തുചേർന്നു.

കേന്ദ്ര ദുരിതാശ്വാസനിധിയിൽ നിന്ന് പ്രത്യേക ധനസഹായം കിട്ടുന്നതിന് സംസ്ഥാനം അപേക്ഷ സമർപ്പിക്കണം. ഓരോ ഇനം നാശത്തിനും എത്ര വീതം തുക സംസ്ഥാന ദുരിതാശ്വാസനിധിയിൽ നിന്നും ചെലവഴിക്കാമെന്നതിന് കേന്ദ്ര സർക്കാരിന്റെ മാനദണ്ഡമുണ്ട്. നമ്മൾ 15 ലക്ഷം രൂപയാണ് ഒരു വീടിന് ചെലവ് പ്രതീക്ഷിക്കുന്നതെങ്കിലും 1.20 ലക്ഷം രൂപയേ ചെലവഴിക്കാനാകൂ. കുടിൽ ആണെങ്കിൽ 5000 രൂപയേ ചെലവഴിക്കാനാകൂ. ഇതു സംബന്ധിച്ച കണക്കുകളാണ് പട്ടികയിലെ ഒന്നാമത്തെ കോളത്തിൽ കൊടുത്തിട്ടുള്ളത്. ഇത് കേന്ദ്ര മാനദണ്ഡപ്രകാരമുള്ള എസ്റ്റിമേറ്റുകളാണ്.

രണ്ടാമത്തെ കോളത്തിൽ കേന്ദ്ര മാനദണ്ഡങ്ങളിൽ നിഷ്കർഷിച്ചിട്ടില്ലാത്ത മറ്റിനം ചെലവുകൾ യഥാർത്ഥത്തിൽ ചെലവാകാവുന്ന തുകയാണ് നൽകിയിട്ടുള്ളത്. ഇവയ്ക്ക് മാനദണ്ഡങ്ങൾ ഇല്ലാത്തതുകൊണ്ട് അത് സൂചിപ്പിക്കുവാൻ യഥാർത്ഥ ചെലവ് അഥവാ actual loss എന്നു വിളിക്കുന്നു. വീട്ടുപകരണങ്ങൾക്കുള്ള ചെലവും തുണിയും വോളണ്ടിയർമാരുടെ ചെലവുമെല്ലാം ഇവിടെയാണ് വരുന്നത്. ഇതും മതിപ്പ് കണക്കാണ്. യഥാർത്ഥത്തിൽ ചെലവായ തുകയാണ് സംസ്ഥാന ദുരിതാശ്വാസനിധിയിൽ നിന്നു പിൻവലിക്കാനാവുക. അല്ലെങ്കിൽ കേന്ദ്രത്തിൽ നിന്ന് അധികമായി അനുവദിക്കുക.

മാധ്യമങ്ങൾ ആദ്യം ഭൂകമ്പം സൃഷ്ടിച്ചത് മതിപ്പ് ചെലവിനെ യഥാർത്ഥ ചെലവായി വ്യാഖ്യാനിച്ചുകൊണ്ടാണ്. ഇത്രയും പണം ചെലവായത് എങ്ങനെ എന്നതായിരുന്നു ചോദ്യം.

ഇവയെല്ലാം പ്രൊജക്ട്ഡ് മതിപ്പ് കണക്കാണ് എന്ന് പറഞ്ഞപ്പോൾ പിന്നെ എന്തിനാണ് actuals എന്ന് എഴുതിയിരിക്കുന്നത് എന്നായി ചോദ്യം. മാനദണ്ഡങ്ങൾ ബാധകമല്ലാത്തതുകൊണ്ട് യഥാർത്ഥത്തിൽ ചെലവാകുമെന്ന് പ്രതീക്ഷിക്കുന്ന തുകയാണ് ഇവയെന്നാണ് ഉത്തരം. എത്രയാണോ ചെലവ് അത്രയും തുക എന്നതാണ് അതിനർത്ഥം.

അപ്പോൾ പിന്നെ പുതിയ ചോദ്യമായി. വോളണ്ടിയർമാർക്ക് എങ്ങനെയാണ് 47 കോടി രൂപ ചെലവാകുക? അവർക്ക് കൂലി കൊടുക്കണ്ടല്ലോ. ലീഗാണെങ്കിൽ അവരുടെ വൈറ്റ് ഗാർഡ് സന്നദ്ധപ്രവർത്തകർക്ക് ചെലവായ തുകയും ഉയർത്തിപ്പിടിച്ചായിരുന്നു ചോദ്യം. ലീഗിന്റെ മാത്രമല്ല, സിപിഐ(എം)ന്റെ ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരുടെ ചെലവും ഇതിൽ ഉൾപ്പെടില്ല.

പിന്നെ ആരുടെ ചെലവ്? അവിടെ മൊബിലൈസ് ചെയ്ത പ്രവർത്തകരിൽ മേൽപ്പറഞ്ഞ സന്നദ്ധപ്രവർത്തകർക്കു പുറമേ ആപതമിത്രയും സിവിൽ ഡിഫൻസും പൊലീസും സേനയും ഉൾപ്പെടും. കേരളത്തിൽ 4500 ആപതമിത്രകളും 10,000 സെൽഫ് ഡിഫൻസ് വോളണ്ടിയർമാരും ഉണ്ട്. അവരിൽ വയനാടിലേക്ക് നിയോഗിക്കുന്നവരുടെ യാത്രാ ചെലവും താമസവും ഭക്ഷണവും എല്ലാം ഉൾപ്പെട്ട തുകയാണ്. ഓറഞ്ച് ബുക്ക് പ്രകാരം സർക്കറിന് ഉത്തരവാദിത്തതോടെ ഉപയോഗിക്കാവുന്നത് ഔദ്യോഗികമായി പരിശീലനം ലഭിച്ച ആപതമിത്രകളും സിവിൽ ഡിഫൻസ് വോളണ്ടിയർമാരും മാത്രം ആണ്. ഇവർക്ക് അഗ്നി രക്ഷാസേന, ദുരന്ത നിവാരണ അതോറിറ്റി എന്നിവർ പരിശീലനം നല്കിയിട്ടുണ്ട്. ആപതമിത്രകൾക്ക് പ്രത്യേകം പ്രതികരണ കിറ്റുകളും ഉണ്ട്.

ഇത് ഇത്രയും വലിയ തുക വരുമോ? യഥാർത്ഥത്തിൽ ചെലവായി കഴിഞ്ഞേ പറയാനാകൂ. കാരണം ഇപ്പോഴും സെർച്ച് ഓപ്പറേഷൻസ് തുടരുകയാണ്. മണ്ണിടിച്ചിലിൽ നികന്നുപോയ തോടുകളും നദികളും പുനരുദ്ധരിക്കാനുള്ള പ്രവർത്തനം നടക്കേണ്ടിയിരിക്കുന്നു. അതിന് ഇനിയും മാസങ്ങളെടുക്കും. ഇതിനെല്ലാം വേണ്ടിവരുന്ന പ്രതീക്ഷിത ആക്ച്വൽ ചെലവാണ്.

എത്രയോ നാളായി തുടർന്നുവരുന്ന ഒരു രീതിസമ്പ്രദായമാണ്. 2018-ൽ 30,000-ത്തിൽപ്പരം കോടിയുടെ നഷ്ടമാണ് കണക്കാക്കിയത്. 6000 കോടിയുടെ ധനസഹായം കേന്ദ്രത്തോട് അഭ്യർത്ഥിച്ചു (മാനദണ്ഡങ്ങൾ പ്രകാരവും അല്ലാതെ ആക്ച്വൽസ് പ്രകാരവും). 2914 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഇതിൽ നിന്നും കേന്ദ്ര വ്യോമസേനയുടെ ചെലവും അരിയുടെ വിലയും മറ്റും തട്ടിക്കിഴിച്ച കാര്യവും നമുക്കെല്ലാവർക്കും അറിയാം.

2019-ൽ 2101 കോടി രൂപയാണ് കേന്ദ്രത്തോട് ദുരിതാശ്വാസനിധിയിൽ നിന്നും അധിക ധനസഹായമായി ആവശ്യപ്പെട്ടത്. നമുക്ക് ലഭിച്ചത് വട്ടപൂജ്യം ആയിരുന്നു. നമുക്ക് അതിനകം ലഭിച്ചിരുന്ന സംസ്ഥാന ദുരിതാശ്വാസനിധിയിൽ നിന്നും മാനദണ്ഡപ്രകാരം ചെലവഴിക്കാനാണ് കേന്ദ്രം നിർദ്ദേശിച്ചത്.

ഇത്തവണത്തെ കേന്ദ്ര നിരീക്ഷക സംഘത്തിനു മുന്നിൽ നമ്മൾ മുൻകാലങ്ങളിലെന്നപോലെ നിവേദനം സമർപ്പിച്ചു. ഒന്നും തരാതിരിക്കാനുള്ള പണികളാണ് അണിയറയിൽ നടക്കുന്നത്. അതിനു മുൻകൂർ ജാമ്യമെടുത്ത് കൊടുക്കാനുള്ള ക്വട്ടേഷനുകളാണ് കേരളത്തിലെ ചില മാധ്യമങ്ങൾ നടത്തിയിരിക്കുന്നത്.

ദുരന്ത ബാധിതരുടെ എല്ലാ ലോണും ബാങ്കുകൾ എഴുതി തളാൻ ദുരന്ത നിവാരണ നിയമത്തിന്റെ സെക്ഷൻ 13 ദേശീയ ദുരന്ത നിവാരണ അതോറിറ്റി വിനിയോഗിക്കണം എന്ന് ഇതേ നിവേദനം അഭ്യർഥിക്കുന്നുണ്ട്. ഇതിൽ എന്താണ് തീരുമാനം എന്നതും കേന്ദ്രത്തോട് ചോദിക്കാൻ മാധ്യമങ്ങൾ തയ്യാറല്ല.

ഞെട്ടിച്ചതും അത്ഭുതപ്പെടുത്തിയതും ഇതൊന്നുമല്ല. ഇന്നലെ മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നതോടുകൂടി വിവരമുള്ളവർക്കെല്ലാം കാര്യങ്ങൾ മനസിലായി. ഒട്ടെല്ലാ പത്രങ്ങളുടെയും ഉൾപ്പേജിലായി വാർത്ത. കേരളകൗമുദി അങ്ങനെയങ്ങ് സമ്മതിച്ചുതരാൻ തയ്യാറല്ല. മുൻപേജിൽ ചെലവിന്റെ കണക്കിൽ മറിയുന്ന കോടികൾ എന്നു പറഞ്ഞ് ദൂർത്തിന്റെ വലിയൊരു കഥ അവർ മെനഞ്ഞിരിക്കുകയാണ്. അങ്ങനെയങ്ങ് കേരളം നന്നാവണ്ട എന്നാണ് ചിലരുടെ ചിന്ത.
 

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.