Skip to main content

തുടർച്ചയായി പരസ്യ പ്രസ്താവന നടത്തിയിട്ടും യോജിപ്പിച്ച് നിർത്താൻ നടത്തിയ ശ്രമങ്ങളുമായി സഹകരിക്കാതെ സ്വയം പാർലമെന്ററി പാർടി അംഗത്വം ഉപേക്ഷിക്കുന്ന നിലപാടാണ് പി വി അൻവർ സ്വീകരിച്ചത്

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് തെലുങ്കുദേശംപോലുള്ള വിവിധ പ്രാദേശിക കക്ഷി നേതാക്കളെ കേന്ദ്ര ഏജൻസികളെക്കൊണ്ട് ഭീഷണിപ്പെടുത്തി ബിജെപി തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരികയുണ്ടായി. അവരുടെ ബലത്തിലാണ് ബിജെപിയുടെ കേന്ദ്രഭരണം. വിവിധ കക്ഷികൾ മാത്രമല്ല, പല കക്ഷിനേതാക്കളും ഇത്തരത്തിൽ ബിജെപിയുടെ പാളയത്തിലെത്തി വിശുദ്ധരായി തീരുകയുണ്ടായി. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ മാത്രമല്ല, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമവരെ ഈ ഗണത്തിൽപ്പെട്ടതാണ്.
കേരളത്തിൽ ഇതിനു സമാനമായ മറ്റൊരു പ്രക്രിയ അരങ്ങേറുന്നുണ്ട്. സിപിഐ എമ്മിന്റെ ഭാഗമായി ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവർക്കെതിരെ ആരോപണങ്ങളുടെ ശരശയ്യ തീർത്ത് ജനമനസ്സിൽ സംശയം സൃഷ്ടിക്കുക എന്നതാണത്. അത്തരം ആളുകൾ സിപിഐ എം ഉപേക്ഷിച്ചാൽ വിശുദ്ധരായി പ്രഖ്യാപിക്കുന്ന സ്ഥിതിവിശേഷം ഇവിടെയും അരങ്ങേറുകയാണ്.

കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പി വി അൻവർ എംഎൽഎയുടെ നില പരിശോധിച്ചാൽ ഇത് വ്യക്തമാകും. നേരത്തേ കോൺഗ്രസിൽനിന്ന്‌ ഡിഐസിയിലേക്കും പിന്നീട് ഇടതുപക്ഷ സഹയാത്രികനായി മാറുകയും ചെയ്തുകൊണ്ടാണ് പി വി അൻവർ എംഎൽഎയുടെ രാഷ്ട്രീയ നിലപാടുകൾ രൂപപ്പെടുന്നത്.

ഇടതുപക്ഷ എംഎൽഎ ആയിരിക്കെ പത്രമാധ്യമങ്ങൾ പി വി അൻവറിനെതിരെ നടത്തിയ പ്രചാരണങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. കേരളത്തിലെ ഏറ്റവും വലിയ കൊള്ളക്കാരനും ജനദ്രോഹിയുമായിട്ടായിരുന്നു വലതുപക്ഷ രാഷ്ട്രീയക്കാരും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും അൻവറിനെതിരെ പ്രചരിപ്പിച്ചത്. ഭീഷണിപ്പെടുത്തി സ്ഥലം ഒഴിപ്പിക്കാനുള്ള ശ്രമം, പരിസ്ഥിതിലോല പ്രദേശത്ത് വാട്ടർതീം പാർക്ക്, ആദിവാസികളുടെ കുടിവെള്ളം മുട്ടിക്കൽ, വഞ്ചനക്കുറ്റം അങ്ങനെ പരാതികളുടെ ശരശയ്യയായിരുന്നു ഇടതുപക്ഷ എംഎൽഎ ആയിരുന്നതുകൊണ്ട് അൻവറിന് നേരിടേണ്ടിവന്നത്. ആഫ്രിക്കയിൽ ബിസിനസിന് പോയപ്പോഴും ഇതേ അവസ്ഥതന്നെയാണ് ഉണ്ടായിരുന്നത്.

ഇത്തരം മാധ്യമവേട്ടയാടലുകളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് നവമാധ്യമരംഗത്തും ‘മറുനാടൻ മലയാളി’പോലുള്ള മാധ്യമങ്ങൾക്കെതിരെയും പി വി അൻവർ തിരിഞ്ഞത്. അങ്ങനെ മാധ്യമരംഗത്ത് പോരാട്ടം നയിച്ച അൻവർ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം ‘മറുനാടൻ മലയാളി’യിലൂടെ ഷാജൻ സ്‌കറിയ മുന്നോട്ടുവച്ചതാണെന്നു കാണാം. ചുരുക്കത്തിൽ സാജൻ സ്‌കറിയക്കെതിരായി പടനയിച്ച പി വി അൻവർ അവസാനം അവിടേക്കുതന്നെ എത്തിനിൽക്കുകയാണ്.

മാധ്യമരംഗത്തെ ശരിയായ പ്രതിരോധം കേവലമായ വൈകാരിക സമീപനംകൊണ്ടുമാത്രം സാധ്യമല്ലെന്ന കാര്യവും ഇവിടെ ഉയർന്നുവരുന്നുണ്ട്. ഇക്കാര്യത്തിൽ പാർടി സ്വീകരിച്ച സമീപനത്തിൽ ഉറച്ചുനിന്ന്‌ പ്രതിരോധം തീർക്കേണ്ടതിന്റെ പ്രാധാന്യവും ഇത് ഓർമപ്പെടുത്തുന്നുണ്ട്. മൂന്നു കാര്യം ഇതിന്റെ ഭാഗമായി ചെയ്യേണ്ടതുണ്ട്. ഒന്നാമതായി വലതുപക്ഷ മാധ്യമങ്ങൾ സ്വീകരിക്കുന്ന തെറ്റായ സമീപനങ്ങളെ തുറന്നുകാട്ടണം. രണ്ടാമതായി ബദൽ മാധ്യമങ്ങളെ വികസിപ്പിക്കുന്നതിനുള്ള സമീപനം സ്വീകരിക്കണം, ദൃശ്യ–- മാധ്യമ രംഗത്തും അച്ചടിരംഗത്തും നവമാധ്യമരംഗത്തും ഇത്തരം സമീപനം സ്വീകരിക്കേണ്ടതുണ്ട്. മൂന്നാമതായി ഇടതുപക്ഷ മാധ്യമങ്ങൾ പ്രചരിപ്പിക്കാനും പ്രത്യേക ശ്രദ്ധയുണ്ടാക്കി എടുക്കണം. തികഞ്ഞ രാഷ്ട്രീയ ബോധത്തോടെ ഈ രംഗത്ത് പ്രവർത്തിക്കുന്ന സഖാക്കളുടെ കൂട്ടായ്മ വികസിപ്പിക്കുക എന്നത് പ്രധാനമാണെന്ന് ഇത് ഓർമപ്പെടുത്തുന്നു.

അൻവർ എംഎൽഎ രാഷ്ട്രീയമായി ഉന്നയിച്ച ആരോപണങ്ങൾ പാർടിയുടെ പ്രവർത്തനത്തെയോ അതിന്റെ രീതികളെയോ കുറിച്ച് അറിയാത്തതിന്റെ ഭാഗമായി രൂപപ്പെട്ടതാണെന്നു കാണാം. കമ്യൂണിസ്റ്റ് പാർടിയിൽ അഭിപ്രായംപോലും പറയാൻ പറ്റാത്ത സാഹചര്യമാണ് നിലനിൽക്കുന്നത് എന്നാണ് അൻവർ ആരോപിക്കുന്നത്. ജനാധിപത്യ കേന്ദ്രീകരണ തത്വത്തിന്റെ അടിസ്ഥാനത്തിൽ ഉൾപ്പാർടി ജനാധിപത്യത്തോടെയാണ് പാർടി പ്രവർത്തിക്കുന്നത്. അത്തരം രീതിയിൽ ഏറ്റവും സജീവമായി പ്രവർത്തിച്ച്‌ അവ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകണം എന്ന നിലപാടാണ് സിപിഐ എമ്മിനുള്ളത്. അത് പ്രായോഗികമാക്കാനുള്ള ഇടപെടലാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് റിവ്യൂവിൽ ഉണ്ടായത്.

പാർടി സംസ്ഥാന കമ്മിറ്റി ചേർന്ന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റതിന്റെ കാരണങ്ങൾ പരിശോധിക്കുകയുണ്ടായി. അത് ഒരു രേഖയാക്കി പാർടി ഘടകങ്ങളിൽ ചർച്ച ചെയ്തു. ആ ചർച്ചകളിൽനിന്ന് ഉരുത്തിരിയുന്ന കാര്യങ്ങൾകൂടി ഉൾക്കൊണ്ടാണ് ഭാവിപരിപാടികൾ ആവിഷ്കരിച്ചത്. ചർച്ചകളുടെ അടിസ്ഥാനത്തിൽ സംഘടനാ നടപടികളും നിശ്ചയിക്കുകയുണ്ടായി. ഇത്തരത്തിൽ ചർച്ചകളെയും വിമർശങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നയമാണ് സിപിഐ എം സ്വീകരിക്കുന്നത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് റിവ്യൂവിനെ സംബന്ധിച്ച് പത്രങ്ങൾ നൽകിയ വാർത്തതന്നെ പലവിധ വിമർശങ്ങൾ ഉയർന്നുവന്നു എന്നതായിരുന്നു. പാർടിയിലെ വിവിധ ഘടകങ്ങളിൽ പങ്കെടുത്ത സഖാക്കളുടെ അനുഭവങ്ങളെ തെറ്റായ പ്രചാരണംകൊണ്ട് മറച്ചുവയ്ക്കാനാകില്ല. ശരിയായ ചർച്ചയും അതിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളുമെടുത്താണ് ഓരോ ഘടകങ്ങളും മുന്നോട്ട് പോകുന്നത്.

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിലും ഇത്തരമൊരു സമീപനം ഉള്ളതായി കാണാം. പ്രകടനപത്രിക തയ്യാറാക്കിയത് എല്ലാ മേഖലകളിൽനിന്നും അഭിപ്രായങ്ങൾ ആരാഞ്ഞുകൊണ്ടാണ്. പ്രകടനപത്രികയിലെ നിർദേശങ്ങൾ ഓരോ വർഷവും എത്രത്തോളം നടപ്പാക്കിയെന്നത് സംബന്ധിച്ച് പ്രോഗ്രസ്‌ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിലൂടെ ജനാധിപത്യപരമായ മുന്നേറ്റത്തിന് പുതിയ ചുവടുവയ്‌പ്‌ നടത്തുകയും ചെയ്തു. പ്രധാന പ്രശ്നങ്ങളിൽ സർവകക്ഷി യോഗം വിളിച്ചുചേർത്തു. പൗരത്വഭേദഗതി നിയമംപോലുള്ള മതനിരപേക്ഷത തകർക്കുന്ന നിയമങ്ങൾക്കെതിരെ നിയമസഭയെ ഒന്നാകെ അണിനിരത്താനും ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധ്യമായി. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുകയും പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കേരള ജനതയെ സംരക്ഷിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്ത പിണറായി വിജയൻ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണെന്നാണ് അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

കമ്യൂണിസത്തെ ഓരോ മേഖലയിൽനിന്നും മാറ്റിനിർത്തുന്നതിനായി നടത്തിയ ഇടപെടൽ ചരിത്രത്തിന്റെ ഭാഗമാണ്. അതിനെയെല്ലാം മറികടന്നാണ് പാർടി മുന്നോട്ടുപോയത്. കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ വിഷം കുടിച്ച് മരിക്കുമെന്നു പറഞ്ഞ മാമ്മൻ മാപ്പിള കാലയവനികയിൽ മറഞ്ഞു. 100 കൊല്ലം കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വരില്ലെന്നു പ്രഖ്യാപിച്ച എ കെ ആന്റണി സജീവ രാഷ്ട്രീയം അവസാനിപ്പിച്ച് വിശ്രമജീവിതത്തിലാണ്. അദ്ദേഹം ജീവിക്കുന്ന കേരളം കഴിഞ്ഞ എട്ടു വർഷമായി തുടർച്ചയായി കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ ഭരിക്കുകയാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം കമ്യൂണിസം ഭൂമുഖത്തുനിന്ന്‌ തുടച്ച് മാറ്റപ്പെടുമെന്നായിരുന്നു പലരും സ്വപ്നംകണ്ടിരുന്നത്. എന്നാൽ, ഇന്നും ലോകത്തിന്റെ അഞ്ചിലൊന്ന് ജനത കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിലുള്ള സർക്കാരുകളുടെ ഭരണത്തിൻകീഴിലാണ്. നേപ്പാളിൽ കമ്യൂണിസ്റ്റ് പാർടിയും ഇപ്പോൾ ശ്രീലങ്കയിൽ മാർക്സിസം–-ലെനിനിസം അംഗീകരിക്കുന്ന പാർടിയുടെ നേതാവും അധികാരത്തിൽ എത്തിയിരിക്കുകയാണ്.

സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ ജനാധിപത്യം ലോകത്ത് കുതിച്ച് മുന്നേറുമെന്ന് പറഞ്ഞവർക്ക് അമേരിക്കയുടെ ഏകലോക ക്രമത്തിനു കീഴിൽ ഞെരിഞ്ഞടങ്ങാനുള്ള വഴിയാണ് തുറന്നുകിട്ടിയത്. ലോകത്തെ ജനാധിപത്യ സംവിധാനത്തെ നിലനിർത്തുന്നതിനുള്ള പോരാട്ടം നയിച്ചത് കമ്യൂണിസ്റ്റുകാരാണ്. റഷ്യയിലെ രണ്ടു കോടി കമ്യൂണിസ്റ്റുകാരുടെ രക്തസാക്ഷിത്വമാണ് ഹിറ്റ്‌ലറുടെ ഫാസിസത്തെ തടയുകയും ലോകത്തിലെ ജനാധിപത്യത്തെ സംരക്ഷിക്കുകയും ചെയ്തത്. ഫ്രാൻസിലും ബ്രിട്ടനിലും തീവ്ര വലതുപക്ഷത്തെ പ്രതിരോധിച്ച് നിർത്തിയത് അവിടത്തെ ഇടതുപക്ഷത്തിന്റെ നിലപാടാണ്. ഇടതുപക്ഷം ഉയർത്തിയ രാഷ്ട്രീയ മുദ്രാവാക്യങ്ങളാണ് ഇന്ത്യയിലും മതരാഷ്ട്രവാദത്തെ പ്രതിരോധിച്ചത്. അതുകൊണ്ട് ഇടതുപക്ഷത്തിന്റെ കരുത്ത് ലോകത്തിലെ ജനാധിപത്യ സംരക്ഷണത്തിന്റെ ഗ്യാരന്റികൂടിയാണ്. പശ്ചിമ ബംഗാളിലെ ഇടതുപക്ഷത്തിനേറ്റ തിരിച്ചടി വർഗീയ കലാപത്തിലേക്കാണ് ബംഗാളിനെ നയിച്ചതെന്ന് കമ്യൂണിസ്റ്റ് വിരോധം പ്രചരിപ്പിക്കുമ്പോൾ ഓർക്കേണ്ടതുണ്ട്. കമ്യൂണിസ്റ്റ് പാർടിയുടെ കരുത്താണ് ജനകീയരാഷ്ട്രീയത്തിന്റെ അടിസ്ഥാനമെന്ന് തിരിച്ചറിയേണ്ടതുണ്ട്. കമ്യൂണിസ്റ്റ് പാർടിയെ ദുർബലപ്പെടുത്തുന്നതിന് വിവിധ രീതിയിലുള്ള ഇടപെടലുകൾ ലോകത്ത് നടന്നുവരുന്നുണ്ട്. ആശയപരമായ തലത്തിൽ പോസ്റ്റ്മോഡേണിസവും സ്വത്വരാഷ്ട്രീയവുമെല്ലാം അതിന്റെ ഭാഗമായി രൂപപ്പെട്ടുവന്നതാണ്. ഇതിൽനിന്ന്‌ ഊർജം സ്വീകരിച്ചാണ് വർഗീയവും ജാതീയവുമായ രാഷ്ട്രീയശക്തികൾ വളർന്നുവരുന്നത്. കേരളത്തിൽ ഇത്തരത്തിലുള്ള ആശയങ്ങളും അതിന്റെ പ്രവർത്തനങ്ങളും സജീവമായിട്ടുണ്ട്. വർഗീയചിന്തകളെ ജ്വലിപ്പിച്ചെടുത്ത് വർഗരാഷ്ട്രീയത്തെ ദുർബലപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങളാണ് അതിലൊന്ന്. കേരളത്തിൽ ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങൾ അത്തരത്തിലുള്ളതാണ്.

പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ പാർടിക്കെതിരായുള്ള പ്രധാന പ്രചാരവേല മുസ്ലിം പ്രീണന നയം നടപ്പാക്കി എന്നതായിരുന്നു. ഇപ്പോൾ ഹിന്ദുത്വ രാഷ്ട്രീയവുമായി സന്ധിചെയ്യുന്നെന്ന പ്രചാരവേല ഉയർത്തിക്കൊണ്ടുവരികയാണ്. ജമാ-അത്തെ ഇസ്ലാമി, എസ്ഡിപിഐ പോലുള്ള സംഘടനകൾ മുന്നോട്ടുവയ്ക്കുന്ന ആശയം വിവിധ തലത്തിൽ പ്രചരിപ്പിക്കപ്പെടുകയാണ്. ഇത്തരത്തിൽ പാർടിയുടെ മതനിരപേക്ഷ നയങ്ങളിൽ സംശയം സൃഷ്ടിച്ച് ജനങ്ങളെ പാർടിയിൽനിന്ന് അകറ്റുന്നതിനുള്ള ബോധപൂർവമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇവയ്ക്കെതിരെ ശരിയായ ആശയസമരം വികസിപ്പിക്കണം.

പാർടിയെ സംബന്ധിച്ചിടത്തോളം വരുന്ന പരാതികൾ പരിശോധിച്ച് ശരിയായ കാര്യങ്ങൾ ഉൾക്കൊണ്ട് തിരുത്തുമെന്ന നയമാണ് പാർടിയും സർക്കാരും സ്വീകരിച്ചത്. തുടർച്ചയായി പരസ്യ പ്രസ്താവന നടത്തിയിട്ടും യോജിപ്പിച്ച് നിർത്താൻ നടത്തിയ ശ്രമങ്ങളുമായി സഹകരിക്കാതെ സ്വയം പാർലമെന്ററി പാർടി അംഗത്വം ഉപേക്ഷിക്കുന്ന നിലപാടാണ് പി വി അൻവർ സ്വീകരിച്ചത്. പാർടി ഇത്രയേറെ സുതാര്യമായ നിലപാട് സ്വീകരിച്ചിട്ടും സഹകരിക്കാതെ പോയത് വിസ്‌മയകരമാണ്‌.
 

കൂടുതൽ ലേഖനങ്ങൾ

പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും ഇസ്രയേൽ തുടരുന്ന വംശഹത്യയിൽ പ്രതിഷേധിച്ചും പലസ്തീൻ ഐക്യദാര്‍ഢ്യ കൂട്ടായ്മയും യുദ്ധവിരുദ്ധ റാലിയും കോഴിക്കോട് സ. എളമരം കരീം ഉദ്ഘാടനം ചെയ്തു

പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും ഇസ്രയേൽ തുടരുന്ന വംശഹത്യയിൽ പ്രതിഷേധിച്ചും പലസ്തീൻ ഐക്യദാര്‍ഢ്യ കൂട്ടായ്മയും യുദ്ധവിരുദ്ധ റാലിയും കോഴിക്കോട് സ. എളമരം കരീം ഉദ്ഘാടനം ചെയ്തു.

പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും ഇസ്രയേൽ തുടരുന്ന വംശഹത്യയിൽ പ്രതിഷേധിച്ചും പലസ്തീൻ ഐക്യദാര്‍ഢ്യ കൂട്ടായ്മയും യുദ്ധവിരുദ്ധ റാലിയും പത്തനംതിട്ടയിൽ സ. രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു

പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും ഇസ്രയേൽ തുടരുന്ന വംശഹത്യയിൽ പ്രതിഷേധിച്ചും പലസ്തീൻ ഐക്യദാര്‍ഢ്യ കൂട്ടായ്മയും യുദ്ധവിരുദ്ധ റാലിയും പത്തനംതിട്ടയിൽ സ. രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു.

പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും ഇസ്രയേൽ തുടരുന്ന വംശഹത്യയിൽ പ്രതിഷേധിച്ചും പലസ്തീൻ ഐക്യദാര്‍ഢ്യ കൂട്ടായ്മയും യുദ്ധ വിരുദ്ധ റാലിയും ഇടുക്കിയിൽ സ. കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു

പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും ഇസ്രയേൽ തുടരുന്ന വംശഹത്യയിൽ പ്രതിഷേധിച്ചും പലസ്തീൻ ഐക്യദാര്‍ഢ്യ കൂട്ടായ്മയും യുദ്ധ വിരുദ്ധ റാലിയും ഇടുക്കിയിൽ സ. കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

മലപ്പുറം ബഹുസ്വരതയുടെ മണ്ണ്

സ. പുത്തലത്ത് ദിനേശൻ

മുസ്ലിങ്ങൾ ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ ദേശീയ ഭദ്രതയ്ക്ക് ഭീഷണിയാണെന്ന് വിചാരധാരയിൽ ഗോൾവാൾക്കർ പറയുന്നുണ്ട്. മലപ്പുറം ജില്ലയുടെ രൂപീകരണത്തെക്കുറിച്ചുള്ള ചർച്ചകളെ പരാമർശിച്ച് ‘‘ഇന്ന് കേരളത്തിൽ അവർ സ്വതന്ത്ര മാപ്പിള നാടിനുവേണ്ടി പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്'' എന്നും അതിൽ രേഖപ്പെടുത്തുന്നുണ്ട്.