Skip to main content

സഖാവ് പുഷ്പൻറെ രക്തസാക്ഷിത്വം പാർടിയെ സംബന്ധിച്ചിടത്തോളം ഒരേ സമയം അടങ്ങാത്ത വേദനയും അണയാത്ത ആവേശവുമാണ്

മൂന്നു പതിറ്റാണ്ടു കാലം നീണ്ട തൻ്റെ സഹനങ്ങൾക്ക് അന്ത്യം കുറിച്ച് സഖാവ് പുഷ്പൻ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. ആ പേരു കേട്ടാൽ ആവേശം തുടിച്ചിരുന്ന ഓരോ കമ്മ്യൂണിസ്റ്റുകാരൻ്റെ ഹൃദയവും ഈ നിമിഷം ദു:ഖഭരിതമാണ്. സഖാവിനോടൊപ്പം പാർടിയുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു അധ്യായം കൂടി അഗ്നിയായി നമ്മുടെയുള്ളിൽ ജ്വലിക്കുകയാണ്.

1994, നവംബർ 25 ഈ നാട് ഒരിക്കലും മറക്കില്ല. കെ കെ രാജീവന്‍. കെ വി റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നീ അഞ്ചു ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ജീവനെടുത്ത അന്നത്തെ യുഡിഎഫ് ഭരണകൂട ഭീകരതയെ നെഞ്ചു വിരിച്ചു നേരിട്ട സഖാവ് പുഷ്പനു ജീവൻ ബാക്കിയായെങ്കിലും സ്വന്തം ജീവിതം നഷ്ടപ്പെട്ടു. കൂത്തുപറമ്പ് വെടിവയ്പ്പ് എന്നന്നേയ്ക്കുമായി സഖാവിനെ ശയ്യാവലംബിയാക്കി.

ശിഷ്ടകാലം ദുരന്തം സമ്മാനിച്ച തൻ്റെ അനാരോഗ്യത്തോടു പൊരുതേണ്ടി വന്ന അവസ്ഥയിലും സഖാവ് പുഷ്പനിലെ കമ്മ്യൂണിസ്റ്റ് അണുകിട ഉലഞ്ഞിട്ടില്ല. താൻ നേരിട്ട ദുരന്തത്തിൽ അദ്ദേഹം പശ്ചാത്തപിച്ചിട്ടില്ല. കാരണം, അദ്ദേഹത്തെ നയിച്ചത് സ്വാർത്ഥ മോഹങ്ങളായിരുന്നില്ല, മറിച്ച് നാടിനു വേണ്ടി സ്വയം ത്യജിക്കാനുള്ള ധീരതയും ഉറച്ച കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളുമായിരുന്നു. പാർടിയോടുള്ള അനിതരസാധാരണമായ കൂറായിരുന്നു.

സഖാവിൻ്റെ രക്തസാക്ഷിത്വം പാർടിയെ സംബന്ധിച്ചിടത്തോളം ഒരേ സമയം അടങ്ങാത്ത വേദനയും അണയാത്ത ആവേശവുമാണ്. ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്തെന്ന ചോദ്യത്തിനു ഈ നാട്ടിലെ ഓരോ സഖാവിനും ചൂണ്ടിക്കാണിക്കാനുള്ള ഉത്തരമാണ് സഖാവ് പുഷ്പൻ.
അതുകൊണ്ടുതന്നെ ഓരോരുത്തരിലുമെന്ന പോലെ സഖാവിൻ്റെ വിയോഗം വ്യക്തിപരമായും കടുത്ത ദു:ഖമാണ് സൃഷ്ടിച്ചിട്ടുള്ളത്. വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പൻ്റേത്. മനുഷ്യസ്നേഹത്തിൻ്റേയും ത്യാഗത്തിൻ്റേയും അനശ്വര പ്രതീകമായ സഖാവ് പുഷ്പനു ആദരാഞ്ജലികൾ. സഖാക്കളുടേയും കുടുംബത്തിൻ്റേയും വേദനയിൽ പങ്കു ചേരുന്നു. വിപ്ലവാഭിവാദ്യങ്ങൾ!
 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.