Skip to main content

മോദിയുടെ പെട്രോൾ കൊള്ള തുടർക്കഥയാകുന്നു; പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ ശക്തമായ ജനകീയ പ്രതിഷേധം അനിവാര്യമായിരിക്കുന്നു

മോദിയുടെ പെട്രോൾ കൊള്ള തുടർക്കഥ ആയിക്കൊണ്ടിരിക്കുകയാണ്. ഏപ്രിൽ മാസം തുടക്കത്തിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 89.4 ഡോളർ ആയിരുന്നു. ഇന്ന് അത് 73.6 ഡോളറായി കുറഞ്ഞിരിക്കുകയാണ്. 18 ശതമാനമാണ് ക്രൂഡ് ഓയിലിന്റെ വില ഇടിഞ്ഞത്. പക്ഷേ, ഇന്ത്യയിലെ പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. ഏപ്രിൽ മാസത്തെ പെട്രോൾ വിലയായ 94.72 രൂപ തന്നെയാണ് ഇപ്പോഴും പെട്രോളിന്റെ വില.
സർക്കാർ അല്ല എണ്ണക്കമ്പനികളാണ് വില നിശ്ചയിക്കുന്നത് എന്നാണ് മോദിയുടെ തൊടുന്യായം. ഇതല്ല പെട്രോൾ വില ഡീറെഗുലേറ്റ് ചെയ്തപ്പോൾ പറഞ്ഞത്. അന്തർദേശീയ മാർക്കറ്റിൽ വില ഉയരുമ്പോൾ നാട്ടിലെ പെട്രോൾ വിലയും ഉയരും. അന്തർദേശീയ മാർക്കറ്റിൽ വില താഴുമ്പോൾ മറിച്ചും. മോദി ഭരണകാലത്ത് പ്രത്യേകിച്ച് കോവിഡ് കാലത്ത് അന്തർദേശീയ ക്രൂഡ് ഓയിൽ വിലകൾ തകർന്നടിഞ്ഞു. പക്ഷേ, അതിന്റെ ഗുണം ഇന്ത്യയിലെ ജനങ്ങൾക്ക് ലഭിച്ചില്ല. കാരണം ക്രൂഡ് ഓയിൽ വില താഴുന്ന മുറയ്ക്ക് മോദി സർക്കാർ പെട്രോളിനു മേലുള്ള നികുതി കൂട്ടിക്കൊണ്ടിരുന്നു.
ബിജെപി അധികാരത്തിൽ വരുമ്പോൾ പെട്രോൾ ലിറ്റർ ഒന്നിനു 9.48 രൂപയായിരുന്നു നികുതി. 2020-ൽ 32.98 രൂപയായി നികുതി. കേന്ദ്രം 3.5 മടങ്ങ് പെട്രോൾ നികുതി വർദ്ധിപ്പിച്ചു. ഡീസലിന് ലിറ്ററിന് 3.56 രൂപയായിരുന്നു നികുതി. 2020-ൽ അത് 31.83 രൂപയായി. കേന്ദ്രം 9 മടങ്ങാണ് ഡീസൽ നികുതി വർദ്ധിപ്പിച്ചത്.
ബിജെപി അധികാരത്തിൽ വരുമ്പോൾ 78000 കോടി രൂപയായിരുന്നു ഈയിനത്തിലുള്ള നികുതി വരുമാനം. 2020-21-ൽ 2.23 ലക്ഷം കോടി രൂപയാണ് നികുതി വരുമാനം. 2014 മുതൽ 2021 വരെ ബിജെപി സർക്കാർ 15 ലക്ഷം കോടി രൂപയാണ് പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിലൂടെ ജനങ്ങളെ പിഴിഞ്ഞ് ഉണ്ടാക്കിയിട്ടുള്ളത്. ഇതിന്റെ വിഹിതം സംസ്ഥാനങ്ങൾക്ക് നിഷേധിക്കുന്നതിനു വേണ്ടി സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടുന്ന എക്സൈസ് നികുതിക്കു പകരം സെസും സർചാർജ്ജുമാണ് വർദ്ധിപ്പിച്ചത്.
ഇന്ധനവിലകൾ ഉയർന്ന നിലയിൽ തുടർന്നത് വിലക്കയറ്റത്തിന് ആക്കംകൂട്ടി. വലിയ ജനകീയ പ്രതിഷേധം ഉയർന്നു. അങ്ങനെയാണ് വർദ്ധിപ്പിച്ച നികുതി ഏതാണ്ട് പകുതി വേണ്ടെന്നുവയ്ക്കാൻ ബിജെപി സർക്കാർ നിർബന്ധിതരായത്. വർദ്ധിച്ചത് സെസും സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടിയുമാണെന്ന് പറഞ്ഞല്ലോ. പക്ഷേ, വെട്ടിക്കുറച്ചത് സംസ്ഥാനങ്ങളുമായി പങ്കിടാൻ ബാധ്യതയുള്ള അടിസ്ഥാന എക്സൈസ് ഡ്യൂട്ടിയാണ്. അങ്ങനെ സംസ്ഥാനങ്ങൾക്ക് കിട്ടേണ്ട നികുതി വിഹിതം അങ്ങനെ കേന്ദ്ര സർക്കാരിനുണ്ടായ വരുമാന നഷ്ടത്തിന്റെ 42 ശതമാനം സംസ്ഥാനത്തിന്റെ ചെലവിലായി.
ഏറ്റവും അവസാനം നികുതി കുറച്ചത് ലോകസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മാർച്ച് മാസത്തിലാണ്. രണ്ട് രൂപ പെട്രോളിന് നികുതി കുറച്ചു. ഇപ്പോൾ ഏപ്രിലിനു ശേഷം 18 ശതമാനം ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടുണ്ട്. എണ്ണക്കമ്പനികൾ പെട്രോൾ വില കുറയ്ക്കുന്നില്ല. കൊള്ളലാഭം അടിച്ചെടുക്കുകയാണ്. ഇത് ലാഭവിഹിതമായി മോദിയുടെ ഖജനാവിലേക്ക് എത്തിച്ചേരുന്നു. പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ ശക്തമായ ജനകീയ പ്രതിഷേധം അനിവാര്യമായിരിക്കുന്നു. എണ്ണക്കമ്പനികളെ ചാരി കേന്ദ്ര സർക്കാർ രക്ഷപ്പെടാൻ നോക്കണ്ട. സർക്കാരാണ് എണ്ണക്കമ്പനികളുടെ ഉടമസ്ഥൻ. അതുകൊണ്ട് പൊതുമേഖലാ എണ്ണക്കമ്പനികൾ വില കുറയ്ക്കാൻ നിർദ്ദേശം നൽകുക. റിലയൻസും കുറച്ചോളും.
 

കൂടുതൽ ലേഖനങ്ങൾ

വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌

നൂറ്റിയൊന്ന് വയസ് തികഞ്ഞ വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌. ദരിദ്ര ചുറ്റുപാടിൽ ജനിച്ച്‌, ചെറുപ്പത്തിൽതന്നെ അച്ഛനമ്മാമാരെ നഷ്ടപ്പെട്ട്‌ പ്രൈമറി ക്ലാസിൽ വിദ്യാഭ്യാസം മുടങ്ങി.

സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

ഒക്ടോബർ 20 സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി.

സഖാവ് സി എച്ച് കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 52 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20ന്‌ ആണ് അദ്ദേഹം വേർപിരിഞ്ഞത്.