സർക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർധിപ്പിക്കാനാവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. പല വികസിത രാജ്യങ്ങളിലുമില്ലാത്ത ഡിജിറ്റൽ സംവിധാനം യാഥാർഥ്യമാക്കുന്നതിലേക്ക് കേരളം നീങ്ങുകയാണ്. എന്റെ ഭൂമി പോർട്ടൽ പൂർത്തീകരിക്കുന്നതോടെ കൈവശാവകാശ തർക്കം, അതിർത്തി തർക്കം തുടങ്ങി ഭൂമി സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. ഓരോ സർക്കാർ വകുപ്പും ജനങ്ങളുടെ പ്രശ്നങ്ങളാണ് കൈാര്യം ചെയ്യുന്നത്. അത് നീതിപൂർവവും പക്ഷപാതിത്വ രഹിതമായും പരിഹരിച്ചുകൊടുക്കുകയാണ് ചുമതല. ഉദ്യോഗസ്ഥർ തങ്ങളുടെ ചുമതല ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടപെട്ട് തീരുമാനമെടുക്കാൻ ഉപയോഗപ്പെടുത്തണം. എല്ലാവർക്കും ഭൂമി, രേഖ, സ്മാർട്ട് സേവനം എന്നിവ ലക്ഷ്യമിട്ടാണ് സർക്കാർ ഡിജിറ്റൽ സർവേ പദ്ധതിക്ക് തുടക്കമിട്ടത്. 212 വില്ലേജിലായി 480000 ഹെക്ടർ ഭൂമിയുടെ സർവേ ഇതിനകം പൂർത്തിയാക്കി. രാജ്യത്ത് ഈ രംഗത്ത് ഇത്രയധികം പുരോഗതി കൈവരിച്ച ഏക സംസ്ഥാനമാണ് കേരളം. ലോകമെങ്ങുമുള്ള കേരളീയർക്ക് പ്രയോജനപ്പെടും വിധത്തിൽ റവന്യൂ സേവനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്. റവന്യൂവകുപ്പിന്റെ വെബ്‌പോർട്ടൽ സേവനം പത്ത് രാജ്യങ്ങളിൽ ഇതിനകം ലഭ്യമാണ്. വൈകാതെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.