2014-ൽ മറുകുമ്പി ഗ്രാമത്തിൽ ദളിതർക്കെതിരെ നടന്ന അതിക്രമങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 98 പ്രതികൾക്ക് ജീവപര്യന്തം തടവ്. കർണാടകയിലെ കൊപ്പൽ ജില്ലയിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. വർഷങ്ങളോളം കോടതികളിലും ജനങ്ങൾക്കിടയിലും സിപിഐ എമ്മും കർണാടക പ്രാന്ത റൈത സംഘം ഉൾപ്പെടെയുള്ള സംഘടനകളും നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് വിധി.
പത്ത് വർഷം മുൻപ് മറുകുമ്പിയിൽ മുന്നോക്ക ജാതിക്കാരുടെ ഒരു സംഘം ദളിതരെ ആക്രമിക്കുകയും കല്ലെറിയുകയും സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ വടിയും ആയുധങ്ങളുമായി മൃഗീയമായി ഉപദ്രവിക്കുകയും രണ്ട് വീടുകൾക്ക് തീയിടുകയും ചെയ്തിരുന്നു. ഗ്രാമത്തിലെ തൊട്ടുകൂടായ്മയ്‌ക്കെതിരെ സിപിഐ എമ്മും ബഹുജന സംഘടനകളും തുടർച്ചയായി നടത്തിയ സമരങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഏകപക്ഷീയമായ ഈ ആക്രമണം.
മുന്നോക്ക ജാതിക്കാർ പ്രദേശത്തെ ബാർബർ ഷോപ്പിലും ചായക്കടയിലും ദളിതർക്ക് വിലക്ക് പ്രഖ്യാപിച്ചു. തുടർന്ന് സിനിമ തിയേറ്ററിൽ ദളിതർക്ക് നേരെ ആക്രമണം ഉണ്ടാവുകയും മുന്നോക്ക വിഭാഗക്കാർ ഗ്രാമത്തിൽ വലിയ അക്രമം അഴിച്ചുവിടുകയും ചെയ്തു.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സിപിഐ എം വീണ്ടും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് മുന്നിട്ടിറങ്ങി. ഈ ആൾക്കൂട്ട ആക്രമണത്തിന് നേതൃത്വം കൊടുത്ത ക്രിമിനലുകൾക്ക് എതിരെ കോടതിയിൽ മൊഴികൊടുക്കാൻ തയ്യാറായ സിപിഐ എം പ്രവർത്തകൻ സ. വീരേഷ് കൊല്ലപ്പെട്ടു. സഖാവ് വീരേഷിൻ്റെയും അദ്ദേഹത്തെപ്പോലുള്ള നിരവധി സഖാക്കളുടെയും ത്യാഗത്തിന്റെയും പോരാട്ടങ്ങളുടെയും വിജയമാണ് ആക്രമികൾക്ക് എതിരായ കോടതി വിധി.