Skip to main content

ശബരിമലയിൽ സുഗമവും സംതൃപ്തവുമായ മണ്ഡല മകരവിളക്ക് തീർഥാടനകാലം ഉറപ്പാക്കും

ശബരിമലയിൽ മറ്റൊരു മണ്ഡല മകരവിളക്ക്‌ തീർഥാടനകാലംകൂടി ആഗതമാകുകയാണ്‌. ഓരോ വർഷവും വർധിക്കുന്ന തിരക്ക്‌ പരിഗണിച്ച്‌ വിപുലമായ സൗകര്യങ്ങളും സേവനങ്ങളുമാണ്‌ സംസ്ഥാനസർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഒരുക്കുന്നത്‌. സുഗമവും സംതൃപ്തവുമായ മണ്ഡല മകരവിളക്ക് തീർഥാടനകാലം ഒരുക്കുന്നതിനായാണ് കൂട്ടായ പരിശ്രമം. അതിനായി വിവിധ ഡിപ്പാർട്ട്‌മെന്റുകളുടെ നേതൃത്വത്തിൽ മാസങ്ങൾക്ക് മുമ്പ്തന്നെ ക്രമീകരണങ്ങൾ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത് പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ മുന്നൊരുക്കം ക്രമീകരിക്കുന്നതിന് വിവിധ അവലോകന യോഗങ്ങൾ നടത്തി.
നവംബർ 15-ന് വൈകിട്ട് ശബരിമല നടതുറക്കുന്നതോടെയാണ് മണ്ഡല- മകരവിളക്ക് മഹോത്സവം ആരംഭിക്കുന്നത്. വൃശ്ചികം ഒന്നിന് പുലർച്ചെ മൂന്നിന്‌ നടതുറക്കും. ഈ മണ്ഡല മകരവിളക്ക് മഹോത്സവകാലത്ത് പുലർച്ചെ മൂന്നുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ചയ്ക്കുശേഷം മൂന്നുമുതൽ രാത്രി 11 വരെയുമാണ് ദർശനസമയം. 18 മണിക്കൂർ. മണ്ഡലപൂജ ഡിസംബർ 26-നും മകരവിളക്ക് ജനുവരി 14-നുമാണ്.

ശബരിമല ക്ഷേത്രം പൂർണമായും പെരിയാർ ടൈഗർ റിസർവിനുള്ളിലാണ്. അതുകൊണ്ട്‌ വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് ഒട്ടേറെ പരിമിതികൾ ഉണ്ട്‌. അതിനെയെല്ലാം തരണം ചെയ്ത് ഏറ്റവും മികച്ച സൗകര്യങ്ങൾ തന്നെ ഒരുക്കാനാണ് സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ശ്രമിക്കുന്നത്. ബേസ് ക്യാമ്പ് ആയ നിലയ്ക്കലിൽ പുതുതായി 2500 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തി. ഇതോടെ നിലയ്ക്കലിൽ മാത്രം 10,000-ൽ അധികം വാഹനങ്ങൾ പാർക്ക് ചെയ്യാം. 17 പാർക്കിങ്‌ ഗ്രൗണ്ടുകളിലായി 8000ലധികം വാഹനങ്ങൾ പാർക്ക്‌ ചെയ്യാം. ഗ്രൗണ്ടുകളുടെ വിപുലീകരണവും നടന്നുവരുന്നു. എരുമേലിയിൽ ഹൗസിങ്‌ ബോർഡിന് കീഴിലുള്ള ആറര ഏക്കർ പാർക്കിങ്ങിനായി ലഭ്യമാക്കാനുള്ള ശ്രമങ്ങളുമുണ്ട്‌. കോടതിയുടെ അനുമതിയോടെ നിലവിൽ പമ്പയിൽ പാർക്കിങ്‌ അനുവദിക്കപ്പെട്ടിരിക്കുന്ന സ്ഥലങ്ങൾ മണ്ഡല മകരവിളക്ക് കാലത്തുകൂടി ഉപയോഗിക്കാനുള്ള ശ്രമം നടത്തും.

ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ്‌ ആരംഭിച്ചു. വെർച്വൽ ക്യൂവിന് പ്രാധാന്യം നൽകി, തിരക്കുകൾ ഒഴിവാക്കി പൂർണമായും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ക്രമീകരണം നടന്നുവരുന്നു. മാലയിട്ട് വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി ശബരിമലയിൽ വരുന്ന എല്ലാ തീർഥാടകർക്കും ദർശനം ഉറപ്പാക്കാനുള്ള നിർദേശം ഗവൺമെന്റ്‌ ദേവസ്വം ബോർഡിന് നൽകി. പൂർണമായും വനത്തിനകത്ത് കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്ന ശബരിമല പൂങ്കാവനത്തിൽ എത്തുന്ന തീർഥാടകരുടെ സുരക്ഷയ്ക്കാണ് സർക്കാരിന്റെ പ്രഥമപരിഗണ. അതു കൊണ്ടുതന്നെ കൃത്യമായ ഒരു ആൾക്കൂട്ടനിയന്ത്രണം ഏർപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ശബരിമലക്ഷേത്രത്തിന്റെ സുരക്ഷയെ മുൻനിർത്തിയുള്ള തീർഥാടകരുടെ വിവരശേഖരണവും ഇതുവഴി സാധ്യമാകും. അതുകൊണ്ട് തീർഥാടകർ ഇക്കാര്യത്തിൽ പരമാവധി സഹകരിക്കണം.

തീർഥാടകരുടെ പരിപൂർണ സഹകരണം ആവശ്യമായ മറ്റൊരു കാര്യമാണ് പമ്പയുടെ സംരക്ഷണം. കഴിഞ്ഞകാലങ്ങളിൽ കണ്ടുവരുന്ന പ്രവണത സ്‌നാനത്തിനുശേഷം ധരിച്ചിരിക്കുന്ന വസ്ത്രം പമ്പയിൽ ഉപേക്ഷിക്കുന്ന രീതിയാണ്‌. ഇത് ആചാരമാണ് എന്ന് തെറ്റിദ്ധരിച്ച് ഒട്ടനവധി പേർ പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നു. ഇത് പമ്പയെ മലിനപ്പെടുത്തും. വസ്ത്രം നദിയിൽ ഉപേക്ഷിക്കുക എന്ന ആചാരം നിലവിലില്ല. പമ്പയിൽനിന്ന് സന്നിധാനത്തേക്കുള്ള തീർഥാടക പാതയിൽ കഴിഞ്ഞ വർഷത്തേക്കാൾ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്താൻ സർക്കാർ പരിശ്രമിക്കുന്നുണ്ട്. മരക്കൂട്ടംമുതൽ സന്നിധാനംവരെ വിശ്രമിക്കുന്നതിനുള്ള ഇരിപ്പിടങ്ങൾ ക്രമീകരിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്. സ്റ്റീൽ കൊണ്ട് നിർമിച്ച ഇരിപ്പിടങ്ങളാണ് ക്രമീകരിക്കുക. ശരംകുത്തിയിൽനിന്ന് സന്നിധാനംവരെ ക്യൂ നിൽക്കുന്ന ബാരിക്കേഡുകളിലൂടെ സ്റ്റീൽ കിയോസ്‌കുകൾ വഴി ചൂടുവെള്ളം എത്തിക്കുന്ന പദ്ധതി ഈ തീർഥാടന കാലത്ത് നടപ്പിലാക്കും. കൂടാതെ പമ്പമുതൽ ശബരിമലവരെയുള്ള പരമ്പരാഗതപാതയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ചുക്കുവെള്ള വിതരണകൗണ്ടറുകൾ 60 എണ്ണംകൂടി സജ്ജീകരിച്ചു. പമ്പ ഗണപതി അമ്പലത്തിന് സമീപം കൗണ്ടറുകളിൽനിന്ന് സ്റ്റീൽകുപ്പികളിൽ ഔഷധജലം നിറച്ചുനൽകും.

ശബരിമലയിൽ വിവിധ ഭാഗങ്ങളിലായി 2.5 കോടി ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ശുചിമുറികൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്. സന്നിധാനത്ത്‌ 1005 ശുചിമുറികൾ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ശരംകുത്തിയിൽ സർക്കാർ നിർമിച്ച് നൽകിയ 18 ഹാളുകളിലായി 3600 പേർക്ക് വിശ്രമിക്കുവാൻ കഴിയും. അവിടെ 164 ശൗചാലയങ്ങൾ സൗജന്യമായി ഉപയോഗിക്കാം. പമ്പയിൽ 540 ടോയ്‌ലറ്റുകളും നിലയ്ക്കലിൽ 1120 ടോയ്‌ലറ്റുകളും ഒരുക്കി.

അപ്പം, അരവണ പ്രസാദങ്ങളുടെ കരുതൽശേഖരം ഉറപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് 15 ലക്ഷം പേർക്കാണ് സന്നിധാനത്ത് അന്നദാനം നൽകിയത്. ഇത്തവണ 20 –--25 ലക്ഷം പേർക്ക് അന്നദാനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മുന്നൊരുക്കങ്ങൾ. വലിയ നടപ്പന്തൽ ഉൾപ്പെടെയുള്ള 12 നടപ്പന്തലുകളിലായി ഏകദേശം 8000 തീർഥാടകർക്ക് വിരിവയ്ക്കാനുള്ള സംവിധാനമുണ്ട്‌. ഒപ്പം 540 മുറികൾ വാടകയ്ക്ക് നൽകാനും സജ്ജമാക്കിയിട്ടുണ്ട്. ശബരി ഗസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ളവയുടെ നവീകരണം അന്തിമഘട്ടത്തിലാണ്. പമ്പ ഗസ്റ്റ് ഹൗസിന്റെ നവീകരണവും നടക്കുകയാണ്. ജീവനക്കാർക്ക് താമസിക്കാനുള്ള സ്റ്റാഫ് ക്വാർട്ടേഴ്‌സിന്റെ നവീകരണം ഉടൻ പൂർത്തിയാകും.

പമ്പ, അപ്പാച്ചിമേട്, സന്നിധാനം എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മികച്ച സംവിധാനം ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത പാതയിലും ചന്ദ്രാനന്ദൻ റോഡിലുമായി 16 എമർജെൻസി മെഡിക്കൽ സെന്ററും ഒരുക്കും. കൂടാതെ, അയ്യപ്പഭക്തന്മാരായ ഡോക്ടർമാരുടെ കൂട്ടായ്മയായ ‘ഡിവോട്ടീസ് ഓഫ് ഡോക്ടേർസ്' എന്ന സംഘടനയുടെ സേവന സന്നദ്ധരായ നൂറോളം ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും പമ്പയിലും സന്നിധാനത്തും പ്രവർത്തിക്കും. അടിസ്ഥാന സൗകര്യം ദേവസ്വം ബോർഡ് ഒരുക്കും.

നിലയ്‌ക്കലിൽ ടാറ്റ നിർമിച്ച് നൽകിയ വലിയ പന്തലുകളിലായി 5000 പേർക്ക് വിരിവയ്ക്കാനും വിശ്രമിക്കാനും സൗകര്യമുണ്ട്. കൂടാതെ 2000 പേർക്കുകൂടി വിശ്രമിക്കുവാൻ പുതിയ സംവിധാനം ഒരുക്കും. ഡ്രൈവർമാർക്ക് വിശ്രമിക്കുവാൻ ദേവസ്വം ക്ലോക്ക് റൂം സൗകര്യവും ബോർഡ് ഒരുക്കും. നിലയ്‌ക്കൽ ബേസ് ക്യാമ്പിലേക്കുള്ള പ്രവേശന റോഡ്, പുറത്തേക്കുള്ള റോഡ്, വിവിധ പാർക്കിങ്‌ ഗ്രൗണ്ടുകളിലേക്കുള്ള റോഡുകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തീകരിക്കും. കൂടാതെ പാർക്കിങ്‌ ഫീസ് പിരിക്കുന്നതിനായി ഫാസ്റ്റാഗ് സംവിധാനം തുടരും. കൂടുതൽ തിരക്കുള്ള ഇടത്താവളങ്ങളായ എരുമേലി, ചെങ്ങന്നൂർ, ഏറ്റുമാനൂർ, കടപ്പാട്ടൂർ, പന്തളം, പുനലൂർ, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിലെ മുന്നൊരുക്കങ്ങൾ അതത് എംഎൽഎമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ കാര്യക്ഷമമായിത്തന്നെ മുന്നോട്ടു പോകുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.