വെമ്പായം ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ് - എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ട്. 2020ലെ തിരഞ്ഞെടുപ്പിൽ പഞ്ചത്തിൽ എൽഡിഎഫിന് ഭൂരിപക്ഷം ഉണ്ടായിട്ടും എസ്ഡിപിഐയുടെ പിന്തുണയോടു കൂടി കോൺഗ്രസ് വോട്ടിംഗ് നില തുല്യമാക്കി. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. യുഡിഎഫിന്റെ ഭരണകാലത്ത് നടന്ന അഴിമതിയും കെടുകാര്യസ്ഥതക്കും എതിരെ പഞ്ചായത്തിൽ വ്യാപകമായ ബഹുജന പ്രതിഷേധം ഉയർന്നുവന്നിരുന്നു. പഞ്ചായത്തിലെ ഫയലുകൾ നശിപ്പിച്ച് അഴിമതിയുടെ രേഖകൾ നശിപ്പിക്കാനുള്ള യുഡിഎഫിന്റെ ശ്രമത്തിനെതിരെയും വലിയ പ്രതിഷേധമാണ് പഞ്ചായത്തിൽ ഉയർന്നുവന്നത്.
രണ്ടുതവണ എൽഡിഎഫ് നൽകിയ അവിശ്വാസ പ്രമേയം ബിജെപി അംഗങ്ങളുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെയാണ് മറികടക്കാൻ യുഡിഎഫിന് കഴിഞ്ഞത്. പഞ്ചായത്തിൽ യുഡിഎഫ് നേതൃത്വം ബിജെപിയും എസ്ഡിപിഐയുമായുള്ള പരസ്യ ബന്ധമാണ് ഇതിലൂടെ പുറത്തുവരുന്നത്. വർഗീയതയ്ക്കെതിരെ വാതോരാതെ സംസാരിക്കുകയും അവരുമായി പരസ്യ ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്ന യുഡിഎഫിന്റെ നിലപാടിനെതിരെ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികൾ രംഗത്ത് വരേണ്ടതുണ്ട്. വർഗീയശക്തികളുമായുള്ള പരസ്യമായ ബന്ധത്തെക്കുറിച്ച് കോൺഗ്രസ് നേതൃത്വം മറുപടി പറയണം.