വെനസ്വേല പാർലമെന്റ് കരാക്കസിൽ നവംബർ 4 മുതൽ 6 വരെ സംഘടിപ്പിക്കുന്ന ഫാസിസ്‌റ്റ് വിരുദ്ധ സമ്മേളനത്തിൽ പങ്കെടുക്കാൻ യാത്രാ അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ സ. വി ശിവദാസൻ എംപി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്‌ശങ്കറിന് കത്ത് നൽകി. എന്നാൽ പരാതി നൽകിയിട്ടും കേന്ദ്രനിലപാടിൽ മാറ്റമുണ്ടായിട്ടില്ല.
ഫാസിസവും നവഫാസിസവും ഇതിന്റെ സമാനരൂപങ്ങളും ലോകത്തെ പല ഭാഗങ്ങളിലും വളർന്നുവരുന്ന സാഹചര്യത്തിൽ നടത്തുന്ന സമ്മേളനത്തിലേക്ക് സിപിഐ എം പ്രതിനിധി എന്ന നിലയിലാണ് സ. വി ശിവദാസൻ എംപിയെ വെനസ്വേല പാർലമെന്റ് വൈസ് പ്രസിഡന്റ് പെഡ്രോ ഇൻഫന്റ് ക്ഷണിച്ചത്. വെനസ്വേല അധികൃതർ വിദേശ മന്ത്രാലയത്തിന് നേരിട്ടും കത്തും നൽകി.
ഇന്ത്യ മുൻകൈയെടുത്ത് രൂപീകരിച്ച സോളാർ സഖ്യത്തിലും ചേരിചേരാ പ്രസ്ഥാനത്തിലും ഇരുരാജ്യവും അംഗങ്ങളാണ്. എന്നിട്ടും വെനസ്വേല സംഘടിപ്പിക്കുന്ന സമ്മേളനത്തിലേക്ക് പാർലമെന്റ് അംഗമായ സ. വി ശിവദാസന് കേന്ദ്ര സർക്കാർ യാത്രാനുമതി നിഷേധിക്കുകയായിരുന്നു. പാർലമെന്റ് അംഗം എന്ന നിലയിലുള്ള തന്റെ അവകാശം ഹനിക്കപ്പെട്ടതായും വിദേശകാര്യ മന്ത്രിക്ക് നൽകിയ കത്തിൽ സ. വി ശിവദാസൻ എംപി ചൂണ്ടിക്കാട്ടി.