അദാനി വീണ്ടും കുഴിയിൽ. മാർക്കറ്റ് തുറക്കേണ്ട താമസം അദാനിയുടെ സ്റ്റോക്കുകളെല്ലാം താഴേക്ക് കൂപ്പുകുത്തി. ഒരു മണിക്കൂറിനുള്ളിൽ 15 മുതൽ 20 ശതമാനം വരെയാണ് ഓഹരികളിലെ വിലയിടിഞ്ഞത്.
ന്യുയോർക്കിലെ ഒരു കോടതി അദാനിയേയും അടുത്ത ബന്ധുവും അദാനി ഗ്രീൻ എനർജിയുടെ എക്സിക്യുട്ടീവ് ഡയറക്ടറുമായ സാഗർ അദാനിയേയും മറ്റ് ഏഴ് ഉദ്യോഗസ്ഥരെയും ചാർജ്ജ് ഷീറ്റ് ചെയ്തിരിക്കുകയാണ്. ഹാജരായില്ലെങ്കിൽ അറസ്റ്റുമുണ്ടാകും. ലോകത്തെ പതിനെട്ടാമത്തെയും ഇന്ത്യയിലെ രണ്ടാമത്തെയുമായ ശതകോടീശ്വരനെ സംബന്ധിച്ച ഈ വാർത്തയാണ് ഓഹരി കമ്പോളത്തെ പിടിച്ചുകുലുക്കിയത്.
കൗതുകകരമായ കാര്യം അദാനി കമ്പനി ഇന്ത്യയിൽ കൊടുത്ത കൈക്കൂലിക്കാണ് അമേരിക്കയിൽ കേസ് എടുത്തിരിക്കുന്നത്. അദാനി ഗ്രീൻ എനർജി ലിമിറ്റഡ് 12 ജിഗാ വാട്ടിന്റെ സോളാർ വൈദ്യുതി കരാർ ഇന്ത്യാ സർക്കാരിൽ നിന്ന് തട്ടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് 2,200 കോടി രൂപ കൈക്കൂലി നൽകി. ഇതിൽ അമേരിക്കയ്ക്ക് എന്താണ് ചേതം എന്നായിരിക്കും നിങ്ങൾ ചിന്തിക്കുക.
സർക്കാരിന്റെ ഓർഡർ ലഭിച്ചതോടെ അദാനി ഗ്രീൻ എനർജി കമ്പനിയുടെ അടുത്ത രണ്ട് പതിറ്റാണ്ടുകൊണ്ട് 16,000 കോടി രൂപ ലാഭം ഉറപ്പായി. ഇത് പൊലിപ്പിച്ചു കാണിച്ചാണ് ഈ കമ്പനി അമേരിക്കൻ ബോണ്ട് മാർക്കറ്റിൽ നിന്ന് വലിയ തോതിൽ നിക്ഷേപം സ്വീകരിച്ചത്. അങ്ങനെ അദാനി അമേരിക്കൻ നിക്ഷേപകരെ കബളിപ്പിച്ചുവെന്നതാണ് കേസ്.
എന്തൊക്കെയാണ് നാം കേൾക്കുന്നത്? മോദിയുടെ ഏറ്റവും വലിയ സുഹൃത്താണ് അദാനി. അദാനിയുടെ ഉദയവും വളർച്ചയും മോദിയുടെ കൈത്താങ്ങിലായിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ട് സൃഷ്ടിച്ച തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയതും മോദി തന്നെ. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളും അജ്ഞാത സവറിൻ (sovereign) നിക്ഷേപകരും ഇടപെട്ടാണ് തകർച്ചയുടെ നെല്ലിപ്പടിയിലെത്തിയ ഓഹരി വിലകളെ അന്ന് ഉയർത്തിയത്. പക്ഷേ, ഈ അദാനിക്കുപോലും സോളാർ കരാർ കിട്ടാൻ കാണേണ്ടവരെയൊക്കെ കാണേണ്ടതുപോലെ കാണേണ്ടി വന്നു. 2,200 കോടി രൂപയാണ് കൈക്കൂലി നൽകിയത്. ഇതിൽ ഏതൊക്കെ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുമെന്നുള്ളത് കാത്തിരുന്നു കാണാം. മോദി ഭരണം രാജ്യഭരണത്തെ അഴിമതിയുടെ കൂത്തരങ്ങാക്കിയിരിക്കുന്നു.
അമേരിക്കൻ റെഗുലേറ്റർമാരെ മാത്രമല്ല അദാനി കബളിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ സെബിയേയും സ്റ്റോക്ക് എക്സ്ചേഞ്ച് അതോറിറ്റികളോടും ഇതേ കള്ളം പറഞ്ഞു. എന്തെങ്കിലും നടപടി ഈ റെഗുലേറ്റർമാർ എടുക്കുവാൻ തയ്യാറാകുമോ? ഹിൻഡൻബർഗ് ആരോപണങ്ങളുടെമേൽ അടയിരിക്കുന്നത് സെബിയാണ്. അതിന്റെ മേധാവി മാധബി ബുച്ഛിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടും അവരെ മോദി സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ഇപ്പോൾ വീണിരിക്കുന്ന കുഴിയിൽ നിന്ന് അദാനിക്ക് കരകയറുക അത്ര എളുപ്പമല്ല. കാരണം കേസ് ചാർജ്ജ് ചെയ്തിരിക്കുന്നത് അമേരിക്കൻ കോടതിയിലാണ്. ട്രംപിന്റെ ചെല്ലപ്പെട്ടിക്കാർ അല്ലാത്ത ഒട്ടേറെ ജഡ്ജിമാർ അമേരിക്കൻ നീതിന്യായ സ്ഥാപനങ്ങളിലുണ്ട്. അതുകൊണ്ട് ഇന്ത്യയിലെ കോടതികളിൽ ഇടപെട്ട് അദാനിമാരെ സംരക്ഷിക്കുന്നതുപോലെ രാഷ്ട്രീയക്കാർക്ക് അമേരിക്കൻ കോടതികളിൽ ഇടപെടുക അത്ര എളുപ്പമായിരിക്കില്ല.
