കേരളം ഇതുവരെ നേരിടാത്ത അത്ര വ്യാപ്തിയുള്ള പ്രകൃതിദുരന്തമാണ് വയനാട്ടിലുണ്ടായത്. രണ്ട് ഉരുൾപൊട്ടലുകളിലായി ചൂരൽമലയിലെയും മുണ്ടക്കൈയിലെയും അട്ടമലയിലെയും പുഞ്ചിരിമട്ടത്തെയും ജനവാസകേന്ദ്രങ്ങൾ ചരിത്രത്തിന്റെ ഭാഗമായി. ഇവിടെയുണ്ടായ ദുരന്ത ദുരിതാശ്വാസ പ്രവർത്തങ്ങൾക്കായി സിപിഐ എം എംപിമാരായ സഖാക്കൾ കെ രാധാകൃഷ്ണൻ, ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, എ എ റഹീം എന്നിവർ 25 ലക്ഷം രൂപ വീതം നൽകി. എന്നാൽ ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു ദുരന്തമുഖത്ത്, അതിൽ പെട്ടവർക്ക് ആശ്വാസം നൽകാത്ത കേന്ദ്രസർക്കാരിനെയാണ് ഇവിടെ കാണുന്നത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം പോലും കേന്ദ്രസർക്കാർ പരിഗണിച്ചിട്ടില്ല. വയനാട് ദുരന്തത്തെ കേന്ദ്രം ലെവൽ 3 ദുരന്തമായി പ്രഖ്യാപിച്ചാൽ രാജ്യത്തെ എല്ലാ എംപിമാർക്കും വയനാടിനായി ഒരു കോടി രൂപ വരെ നൽകാൻ കഴിയും. എന്നാൽ ഈ ദുരന്തമുഖത്തും കേന്ദ്രം കേരളത്തോടുള്ള അനീതി തുടരുകയാണ്.