സംസ്ഥാനത്ത് അതിദാരിദ്ര്യ നിർമാർജന പ്രവർത്തനം ലക്ഷ്യത്തിലേക്ക്. ജനുവരി 15 വരെയുള്ള കണക്കനുസരിച്ച് 69.59 ശതമാനം കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽനിന്ന് മുക്തമാക്കി.1,032 തദ്ദേശസ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങളിലെ 1,030,99 പേരാണ് അതിദരിദ്രരായി ഉണ്ടായിരുന്നത്. ഇതിൽ 44,539 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചു.
ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് 2021 ജൂലൈയിലെ മാർഗരേഖപ്രകാരം അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയത്. 2025 നവംബർ ഒന്നോടെ സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കും. അതിദരിദ്ര അവസ്ഥയിൽനിന്ന് മോചിപ്പിക്കാനായി മൈക്രോപ്ലാൻ തയ്യാറാക്കിയുള്ള പ്രവർത്തനമാണ് ലക്ഷ്യം വേഗത്തിലാക്കിയത്. അടിസ്ഥാന രേഖകളില്ലാത്തവർക്ക് ‘അവകാശം അതിവേഗം' യഞ്ജത്തിന്റെ ഭാഗമായി റേഷൻ കാർഡ്, ആധാർ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ആരോഗ്യ ഇൻഷുറൻസ്, സാമൂഹ്യ സുരക്ഷ പെൻഷൻ എന്നിവ ലഭ്യമാക്കി. ഇത്തരത്തിൽ 21,263 അടിയന്തര രേഖകളാണ് വിതരണം ചെയ്തത്. ഭക്ഷണം, ആരോഗ്യ സേവനങ്ങൾ, സാമൂഹ്യ സുരക്ഷാ പെൻഷൻ, അതിദരിദ്ര പട്ടികയിൽ വീട് ആവശ്യമുള്ളവർക്ക് ലൈഫ് മിഷനിൽ വീട് തുടങ്ങിയവയും സജ്ജമാക്കി. കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതിയിലൂടെയും വിവിധ വകുപ്പുകൾ വഴിയും 3,155 കുടുംബങ്ങൾക്ക് ഉപജീവന മാർഗം നൽകി.
പത്താം ക്ലാസ് വിജയിച്ച 554 കുട്ടികൾക്ക് വീടിനടുത്ത് തുടർപഠനത്തിന് അവസരം നൽകി. 1,767 കുട്ടികളുടെ പഠനാവശ്യ യാത്ര കെഎസ്‌ആർടിസി, സ്വകാര്യ ബസ്സുകളിൽ സൗജന്യമാക്കി യാത്രാപാസുകൾ നൽകി.
