കർണാടക സർക്കാരിന്റെ ആരോഗ്യ മേഖലയെക്കുറിച്ചുള്ള സിഎജിയുടെ പെർഫോമൻസ് ഓഡിറ്റ് റിപ്പോർട്ട് ഇപ്പോഴാണ് വായിച്ചത്. അതോടുകൂടി ഒരുകാര്യം തീർച്ചയായി. കേരളത്തെ സംബന്ധിച്ച് സിഎജി പുറത്തിറക്കിയ പെർഫോമൻസ് ഓഡിറ്റ് റിപ്പോർട്ട് കൃത്യമായൊരു ക്വട്ടേഷൻ പണിയാണ്.
2020-ൽ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കിഫ്ബിയെക്കുറിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കി അത് അഡ്വാൻസായി ഇന്നത്തെ പ്രതിപക്ഷ നേതാവിന് ലഭ്യമാക്കി വലിയൊരു വിവാദം സൃഷ്ടിച്ചത് ഓർക്കുന്നത് നന്ന്. ഇത് തിരിച്ചറിഞ്ഞ നമ്മൾ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിനു മുമ്പ് തന്നെ കയറി അടിച്ച് അതിന്റെ ഫ്യൂസ് കളഞ്ഞു.
കേരള നിയമസഭ തള്ളിക്കളഞ്ഞ ഈ സിഎജി റിപ്പോർട്ട് വച്ചുകൊണ്ടാണ് മുൻകാല പ്രാബല്യത്തോടെ കിഫ്ബി എടുത്ത വായ്പകളെല്ലാം ഇന്നത്തെ വായ്പകളിൽ നിന്നും വെട്ടിക്കുറച്ച് സാമ്പത്തിക പ്രതിസന്ധി കേന്ദ്രം സൃഷ്ടിച്ചത്. പെറ്റനാടിന്റെ വികസന മുന്നേറ്റത്തെ തകർക്കുന്നതിന് നേതൃത്വം നൽകിയ അന്നത്തെ സിഎജിയെപ്പോലെ മറ്റൊരു ഉദ്യോഗസ്ഥൻ ചരിത്രത്തിൽ ഉണ്ടാവില്ല. ഈ വില്ലൻ കേരളത്തിൽ വീണ്ടും തിരിച്ചുവന്നൂവെന്ന റിപ്പോർട്ട് എവിടെയോ വായിച്ചിരുന്നു. നിജസ്ഥിതി അറിയില്ല. ഏതായാലും അതുപോലൊരു ക്വട്ടേഷൻ പണിയാണ് പിപിഇ കിറ്റിന്റെ പെർഫോമൻസ് റിപ്പോർട്ടും. കർണാടക റിപ്പോർട്ടുമായി താരതമ്യപ്പെടുത്തിയാൽ ഇതു വ്യക്തമാകും.
“ന്യൂസ് ബുള്ളറ്റ്” ആണ് ഇതിലേക്ക് ആദ്യം വിരൽചൂണ്ടിയത്. കർണാടക സർക്കാർ ചൈനയിലെ ഒരു കമ്പനിയിൽ നിന്ന് 2049.8 രൂപയ്ക്കും, മറ്റൊരു കമ്പനിയിൽ നിന്ന് 2104.5 രൂപയ്ക്കും ഓരോ ലക്ഷം വീതം പിപിഇ കിറ്റുകൾ വാങ്ങി.
അതേസമയം കേരളമോ? 1550 രൂപയ്ക്ക് 30000 പിപിഇ കിറ്റുകൾ വാങ്ങി. 800 രൂപയ്ക്ക് 1.4 ലക്ഷം കിറ്റുകളും വാങ്ങി. പക്ഷേ, കേരളം 10.5 കോടിയുടെ നഷ്ടം അല്ലെങ്കിൽ അധികച്ചെലവ് ഉണ്ടാക്കിയെന്നാണ് സിഎജിയുടെ റിപ്പോർട്ട് 2100 രൂപയ്ക്ക് കിറ്റ് വാങ്ങിയ കർണാടകത്തിന് 1.31 കോടി രൂപ മാത്രമാണ് നഷ്ടം. ഈ മറിമായം എങ്ങനെ?
ഇവിടെയാണ് സിഎജിയുടെ ക്വട്ടേഷൻ പണി വ്യക്തമാകുന്നത്. കോവിഡിനു മുമ്പ് കേരള സർക്കാർ 550 രൂപ വില നിശ്ചയിച്ച് പിപിഇ കിറ്റ് വാങ്ങിയത്രേ. അതിനോടു താരതമ്യപ്പെടുത്തിയാണ് കേരളത്തിന്റെ നഷ്ടം നിശ്ചയിച്ചത്. അതേസമയത്ത് കർണാടകം കോവിഡിനു മുമ്പ് എത്ര രൂപയ്ക്കുള്ള പിപിഇ കിറ്റാണ് വാങ്ങിയത് എന്നൊന്നും തിരയാൻ സിഎജി മെനക്കെടുന്നില്ല. അതിനുപകരം കോവിഡ് കാലത്ത് മറ്റൊരു കമ്പനി 27 ഡോളറേക്കാൾ ചെറിയൊരു തുക താഴ്ത്തി കിറ്റ് ക്വാട്ട് ചെയ്തിരുന്നു. അതുമായി താരതമ്യപ്പെടുത്തിയാണ് അധികച്ചെലവ് നിശ്ചയിച്ചത്.
എങ്ങനെയാണ് ഒരേ സിഎജി രണ്ട് വ്യത്യസ്ത മാനദണ്ഡങ്ങൾ സ്വീകരിക്കുന്നത്? രണ്ട് ടീമുകളാണ് ഓഡിറ്റ് നടത്തിയത് എന്നതു ശരി. പക്ഷേ, രണ്ട് റിപ്പോർട്ടുകളും ഒപ്പ് വച്ചിരിക്കുന്നത് ഡൽഹിയിലെ മൂത്ത സിഎജി തന്നെയല്ലേ? അതോ അദ്ദേഹം ഇതൊന്നും വായിക്കാറില്ലേ?
കഥ തീർന്നില്ല കേട്ടോ. ഇതിനൊക്കെ പുറമേ വിമാനക്കൂലിയും ഡെമറേജും ഒഴിവാക്കാമായിരുന്ന കയറ്റിയിറക്കും ഒക്കെമൂലം 4.68 കോടി രൂപ അധികച്ചെലവ് കർണാടകത്തിനു വന്നു. ഇതൊക്കെ റിപ്പോർട്ടിലുണ്ട്. ഇവയെല്ലാം കർണാടക സർക്കാരിന്റെ അധികച്ചെലവിൽ കൂട്ടി സ്തോഭജനകമായ വാർത്തയൊന്നും സൃഷ്ടിച്ചില്ല. ഹോ.. എന്തൊരു കരുതൽ? എന്തിന് കിറ്റുകൾ സപ്ലൈ ചെയ്ത കമ്പനികളുടെ പേരുകൾപോലും X, Y എന്നൊക്കെ പറഞ്ഞ് അവസാനിപ്പിച്ചിരിക്കുകയാണ്.
സിഎജി കണക്കപ്പിള്ളമാരുടെ ഈ ഗഹനമായ കണക്ക് കൂട്ടലുകളിൽ യാതൊരു സാംഗത്യവുമില്ല. കേരളം ഇന്ത്യയിൽ ആദ്യമായി (ഏതാണ്ട് രണ്ട് മാസം മുമ്പ്) കോവിഡിനെ ദുരന്തമായി പ്രഖ്യാപിക്കുകയും ആ ദുരന്ത നിയമത്തിനു കീഴിൽ നടപടികൾ സ്വീകരിക്കുകയും ചെയ്ത സംസ്ഥാനമാണ്. സിഎജി Section 50 of Disaster Management Act 2005 ഒന്നു വായിച്ചു നോക്കട്ടെ.
സാധാരണഗതിയിലുള്ള ടെണ്ടർ നടപടി ക്രമങ്ങളും മറ്റും മാറ്റിവയ്ക്കാൻ ദുരന്തവേളയിൽ അധികാരം നൽകുന്നതാണ് ഈ വകുപ്പ്. ആരോഗ്യ പ്രവർത്തകരുടെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടി കിട്ടുന്നിടത്തുനിന്നെല്ലാം എന്തു വിലകൊടുത്തും കിറ്റും ഓക്സിജനുമെല്ലാം വാങ്ങി സൂക്ഷിക്കുന്നതിന് ഇതിന് അധികാരപ്പെട്ടവർ തീരുമാനമെടുത്തു. അങ്ങനെ വാങ്ങിയിട്ടുപോലും കർണാടകത്തിനു നൽകേണ്ടി വന്ന വിലയുടെ പകുതിയിൽ താഴെ വിലയ്ക്ക് (ശരാശരി 932 രൂപയ്ക്ക്) കിറ്റുകൾ വാങ്ങാൻ കഴിഞ്ഞു. എന്നിട്ട് സിഎജിയുടെ ഭാഷ്യം എന്താണ്? കേരളം 10.5 കോടി രൂപയുടെ നഷ്ടമുണ്ടാക്കി.
ഇങ്ങനെയുള്ള വാറോല എഴുത്തുകളെ ക്വട്ടേഷൻ പണി എന്നല്ലാതെ എന്താണു വിശേഷിപ്പിക്കേണ്ടത്? കൺട്രോളർ ആന്റ് ആഡിറ്റർ ജനറൽ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങൾ എത്ര വേഗത്തിലാണ് ബിജെപിയുടെ രാഷ്ട്രീയ ഉപകരണങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്? ഇതിനൊക്കെ താളമിടാൻ കേരളത്തിൽ കോൺഗ്രസും.
