മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 77-ാം വാർഷികമാണ് ജനുവരി 30. രാഷ്‌ട്ര ഭരണനേതൃത്വത്തിൽ വരാതെതന്നെ രാഷ്ട്രപിതാവായി ഇന്ത്യൻ ജനത ഏക മനസ്സോടെ അംഗീകരിച്ച നേതാവായിരുന്നു അദ്ദേഹം. അപ്പോൾ അദ്ദേഹത്തെ വധിച്ചവരോ. അവർ മറ്റൊരിന്ത്യ ലക്ഷ്യംവച്ചവരാണ്.
‘സനാതന ഹിന്ദു’ എന്ന് സ്വയം വിശേഷിപ്പിച്ച മഹാത്മജിയെ സവർക്കറുടെ പദ്ധതി പ്രകാരം ഗോഡ്സെ എന്തിനു വധിച്ചു. ഗാന്ധിജിയുടെ ‘സനാതന ധർമ സങ്കൽപ്പത്തിൽ’ രാമൻ എന്നാൽ റഹീം എന്നുകൂടി അർഥമുണ്ടായിരുന്നു. ഗാന്ധിജിയുടെ ഘാതകർക്കാകട്ടെ ‘റഹീം’ എന്നാൽ, ‘രാഷ്ട്രശത്രു’വാണ്. രാഷ്ട്ര ശത്രുവിനെ രാമനോട് താരതമ്യപ്പെടുത്തിയാൽ രാഷ്‌ട്രപിതാവായാലും ജീവനോടിരിക്കാൻ അർഹനല്ല. ഹിന്ദുത്വ വർഗീയപദ്ധതിയുടെ പ്രയോക്താക്കളായ ഘാതകസംഘത്തിന് അക്കാര്യം വളരെ വ്യക്തമായിരുന്നു. മൂന്നു രാഷ്‌ട്രശത്രുക്കൾ (മുസ്ലിങ്ങൾ, ക്രൈസ്‌തവർ, കമ്യൂണിസ്‌റ്റുകാർ) മാത്രമല്ല അവരോട് മാനുഷികത കാട്ടുന്നവരും ‘രാഷ്‌ട്രശത്രു’ക്കളാണെന്ന് മഹാത്മാഗാന്ധി വധത്തിലൂടെ ഇക്കൂട്ടർ വ്യക്‌തമാക്കി.
ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന് 77 വർഷമാകുമ്പോൾ എന്താണ് രാജ്യത്തെ അവസ്ഥ. രാഷ്ട്രശത്രുക്കളുടെ പട്ടികയുണ്ടാക്കി അവരെ അടിച്ചമർത്തിയോ, വെടിവച്ചുകൊന്നോ ഹിറ്റ്‌ലർ ജർമനിയുടെ മാതൃകയിൽ ഒരു മതതീവ്രവാദ ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാൻ പദ്ധതിയിട്ട് പ്രവർത്തിക്കുന്ന വിഷലിപ്‌ത സംഘടന, എല്ലാവരും ഉൾക്കൊള്ളുന്ന ഇന്ത്യ എന്ന മനോഹരമായ ആശയത്തിന് കടുത്ത ഭീഷണി ഉയർത്തുകയാണ്. അവരുടെ സംഘടന പിറന്നിട്ട് നൂറ്റാണ്ട് തികയുന്ന വർഷംകൂടിയാണ് 2025. അവർ ഇന്ത്യൻ രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും സർവകോശങ്ങളിലും ആഴ്‌ന്നിറങ്ങുന്നതിൽ സർവശ്രദ്ധയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണ്. അവരുടെ വർഗീയമായ വ്യാജ ന്യായീകരണങ്ങൾ ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടുകൂടി നമ്മുടെ നാട്ടിലെ വ്യത്യസ്‌ത വിഭാഗത്തിൽപ്പെട്ട ഉദാസീന മനസ്സുകളിൽ ഒരു പരിധിവരെ ‘സ്വീകാര്യ’മാകുന്ന സാഹചര്യവുമുണ്ട്. ഇത് അത്യന്തം അപകടകരമായ സ്ഥിതിവിശേഷമാണ്.
അന്യമത വിദ്വേഷം പരത്തി അപരത്വ നിർമിതിയിലൂടെ ആർഎസ്‌എസിന്റെ വ്യാജ ആഖ്യാനങ്ങൾക്കുപിന്നിൽ വർഗീയമായി ഭൂരിപക്ഷം ജനങ്ങളെ അണിനിരത്താനുള്ള തീവ്രദേശീയ-സാംസ്‌കാരിക പ്രചാരണങ്ങൾ ഒരുനൂറ്റാണ്ടുകാലം സംഘപരിവാറിന്റെ അസംഖ്യം ഉപസംഘടനകൾ വഴി സൂക്ഷ്‌മതലത്തിൽ നടത്തുകയായിരുന്നു.
ഫാസിസ്റ്റ് സ്വഭാവമുള്ള ആർഎസ്എസ് അതിന്റെ അറിയപ്പെടുന്നതും അല്ലാത്തതുമായ അസംഖ്യം ഉപസംഘടനകളിലൂടെ ഇന്ത്യൻ ഭരണസംവിധാനങ്ങളുടെ ഒട്ടേറെ താക്കോൽസ്ഥാനങ്ങളിൽ കഴിഞ്ഞ ഏതാനും ദശകങ്ങളായി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. 1977ലെ ജനതാ സർക്കാരിന്റെ കാലത്താണ് ഈ ശ്രമങ്ങൾ ഭരണസംവിധാനത്തിന്റെ ഭാഗമായി വ്യാപകമായത്. ജനതാപാർടിയിൽ ദ്വയാംഗത്വം പ്രശ്‌നമായി പിളർപ്പുണ്ടായത് ഇതിനെത്തുടർന്നാണ്. പിന്നീട് വന്ന വാജ്പേയ് സർക്കാരിന്റെയും നരേന്ദ്ര മോദി സർക്കാരുകളുടെയും അവസരങ്ങളും അവർ സമർഥമായി ഉപയോഗിച്ചു. എന്താണിതിന്റെ അർഥം. അന്യമത വിദ്വേഷം പരത്തി അപരത്വ നിർമിതിയിലൂടെ ആർഎസ്‌എസിന്റെ വ്യാജ ആഖ്യാനങ്ങൾക്കുപിന്നിൽ വർഗീയമായി ഭൂരിപക്ഷം ജനങ്ങളെ അണിനിരത്താനുള്ള തീവ്രദേശീയ–സാംസ്‌കാരിക പ്രചാരണങ്ങൾ ഒരുനൂറ്റാണ്ടുകാലം സംഘപരിവാറിന്റെ അസംഖ്യം ഉപസംഘടനകൾ വഴി സൂക്ഷ്‌മതലത്തിൽ നടത്തുകയായിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടായി അതിന് കേന്ദ്രത്തിലെയും ഒട്ടേറെ സംസ്ഥാനങ്ങളിലെയും ഭരണകൂട സംവിധാനങ്ങളുടെ സംരക്ഷണവും സൗകര്യവും ആകർഷണീയതയും ആധികാരികതയുംകൂടി കൈവന്നിരിക്കുന്നു.
മതനിരപേക്ഷ രാഷ്ട്രീയപാർടികൾ മിക്കവയും ഇതൊന്നും സൂക്ഷ്‌മമായി തിരിച്ചറിയാതെ ബിജെപിയെ മറ്റൊരു രാഷ്ട്രീയപാർടിയായി മാത്രം വിലയിരുത്തിപ്പോരുകയാണ് എന്ന അപകടവുമുണ്ട്. ഫാസിസ്റ്റ് സംഘടനാ സ്വഭാവമുള്ള ആർഎസ്എസ് അതിനെ നിയന്ത്രിക്കുന്നു എന്ന അപകടകരമായ വ്യത്യാസം ഇടതുപക്ഷം ഒഴികെയുള്ളവർ ഏറെക്കുറെ അവഗണിച്ചു. വർഗീയതയ്ക്കെതിരായി, വിശേഷിച്ച് ഹിന്ദുത്വ വർഗീയ പദ്ധതികൾക്കെതിരായി അടിയുറച്ച നിലപാട് സ്വീകരിച്ചതിനാലായിരുന്നു മഹാത്മജിയെ അതേ വർഗീയശക്തികൾ വെടിവച്ചു കൊന്നതെന്ന വസ്‌തുത സമൂഹത്തിന്റെ പൊതുബോധമാക്കാൻ മതനിരപേക്ഷ ശക്തികൾ വേണ്ടത്ര ശ്രമിച്ചില്ല എന്നതും വലിയ ബലഹീനതയാണ്.
ദയനീയവും അപമാനകരവും അത്യന്തം ആപൽക്കരവുമായ ഈ അവസ്ഥാവിശേഷത്തിൽനിന്ന് ഇന്ത്യയെ രക്ഷപ്പെടുത്താനുള്ള മാർഗങ്ങൾ അതീവഗൗരവമായി നാം ചർച്ച ചെയ്യണം. അതിൽ മഹാത്മജിയുടെ വിചാരസമര മാതൃകകളിൽനിന്ന് നാം സ്വീകരിക്കേണ്ടതെന്ത് എന്നും ചർച്ച ചെയ്യാനാണ് മുതിരേണ്ടത്
ഗാന്ധിജിയുടെ ഘാതകരുടെ പിന്മുറക്കാരെന്ന് ചൂണ്ടിക്കാട്ടി അകറ്റി നിർത്തപ്പെടേണ്ടിയിരുന്ന വർഗീയ സംഘാംഗങ്ങൾ ഇന്ന് ഇന്ത്യൻ സമൂഹത്തിന്റെ നടുമുറ്റത്ത് ബഹുമാന്യരായി അംഗീകരിക്കപ്പെടുന്ന അവസ്ഥ ‘ജനാധിപത്യ’ രാഷ്ട്രീയ പ്രക്രിയയിലൂടെത്തന്നെയാണ് സംജാതമായിരിക്കുന്നത്. കുത്തകകളുടെ പിന്തുണ വഴിയുള്ള ഭീമമായ ഫണ്ടുകളും മാധ്യമപിന്തുണയും ജാതി–ഉപജാതി ബലാബലം വച്ചുള്ള വോട്ട് രാഷ്‌ട്രീയ ആസൂത്രണവും വർഗീയ വിഭജനവും ഉപയോഗിച്ചാണ് സംഘപരിവാർ നിയന്ത്രിത ഭരണം ഇന്ത്യയിൽ തുടർച്ചയായി രണ്ടാം പതിറ്റാണ്ടിലേക്ക് നീങ്ങുന്നത്. ദയനീയവും അപമാനകരവും അത്യന്തം ആപൽക്കരവുമായ ഈ അവസ്ഥാവിശേഷത്തിൽനിന്ന് ഇന്ത്യയെ രക്ഷപ്പെടുത്താനുള്ള മാർഗങ്ങൾ അതീവഗൗരവമായി നാം ചർച്ച ചെയ്യണം. അതിൽ മഹാത്മജിയുടെ വിചാരസമര മാതൃകകളിൽനിന്ന് നാം സ്വീകരിക്കേണ്ടതെന്ത് എന്നും ചർച്ച ചെയ്യാനാണ് മുതിരേണ്ടത്. അത് ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിലോ, ജന്മദിനത്തിലോ മാത്രം ചെയ്യേണ്ടതല്ല; നമ്മുടെ ദൈനംദിന രാഷ്ട്രീയ–സാമൂഹ്യ–സാംസ്‌കാരിക പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റെടുക്കേണ്ട കർത്തവ്യമാണ്.
ബ്രിട്ടീഷ് സാമ്രാജ്യാധിപത്യത്തിന്റെ കാലഘട്ടത്തിൽ ക്ഷമാപൂർവം വിപുലമായ ബഹുജന രാഷ്ട്രീയ സമരപ്രസ്ഥാനം വളർത്തിയെടുക്കുന്നതിൽ ദേശീയ നേതൃത്വത്തിന്റെ ഭാഗമായി മഹാത്മജി വഹിച്ച പ്രത്യേക പങ്ക് പ്രസിദ്ധമാണ്. വ്യക്തിസത്യഗ്രഹത്തിന് ഊന്നൽ നൽകുമ്പോൾത്തന്നെ ദണ്ഡിമാർച്ചും ഉപ്പുസത്യഗ്രഹവുംപോലുള്ള ചരിത്രം സൃഷ്‌ടിച്ച വമ്പൻ ബഹുജനസമരങ്ങളും അദ്ദേഹം ആവിഷ്‌കരിച്ചു. ത്യാഗപൂർവം സമരത്തിൽ പങ്കെടുക്കാനുള്ള അച്ചടക്കവും സന്നദ്ധതയുമുള്ള വളന്റിയർമാരെ ഇതിന്റെ ഭാഗമായി അക്കാലത്ത് പരിശീലിപ്പിച്ചു. യാഥാസ്ഥിതികരും തീവ്രവാദികളും സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകാരുമൊക്കെ അത്തരം സമരങ്ങളിൽ പലപ്പോഴും പങ്കാളികളായി. ആ മാതൃക കണക്കിലെടുത്ത് മതവിശ്വാസികളെക്കൂടി അണിനിരത്തിക്കൊണ്ടുള്ള വിശാലമായ വർഗീയ വിരുദ്ധ സമരപ്രസ്ഥാനം വളർത്തിയെടുക്കുകയെന്നതാണ് ഇന്നത്തെ ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയകർത്തവ്യങ്ങളിലൊന്ന്. അതോടൊപ്പം വിവിധ വിഭാഗം ജനങ്ങളുടെ നിത്യജീവിത പ്രശ്നങ്ങളെ ആസ്‌പദമാക്കിയുള്ള സംയുക്ത സമരങ്ങൾ വളർത്തിയെടുക്കുന്നതും പ്രധാനമാണ്. തെറ്റായ കാഴ്‌ചപ്പാടോടെ വഴിതെറ്റി വർഗീയതയിലേക്ക് സാമാന്യ ജനത ആകർഷിക്കപ്പെടുന്നത് തടയാനും ഇത് സഹായിക്കും.
