2025-26 ലെ കേന്ദ്ര ബജറ്റ് വിദ്യാഭ്യാസ മേഖലയുടെ വിശാലമായ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ബജറ്റ് പരാജയപ്പെട്ടു. സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള നീക്കിവയ്ക്കലുകളെ സംബന്ധിച്ച് കാര്യമായ ആശങ്ക ഉയർത്തിയിട്ടുണ്ട്. സ്‌കൂളുകളുടെ ആകെ വികസനത്തിന് പകരം പരിമിതമായ എണ്ണം സ്കൂളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ബജറ്റ് ചെയ്യുന്നത്. പ്രത്യേകിച്ചും, പിഎം ശ്രീ സംരംഭത്തിനായി 7500 കോടി രൂപ വകയിരുത്തിയത് 14,500 സ്കൂളുകളെ മാത്രമേ ലക്ഷ്യമിടുന്നുള്ളൂ. ഇന്ത്യയിലെ ഏകദേശം 1.4 ദശലക്ഷം സ്കൂളുകളുടെ 1% ൽ താഴെ മാത്രമാണിത്. ഭൂരിപക്ഷം വിദ്യാർഥികൾക്കും പ്രയോജനം ലഭിക്കാതെ ഒറ്റപ്പെട്ട കേന്ദ്രങ്ങൾ സൃഷ്ടിക്കാൻ ആണ് ബജറ്റ് ലക്ഷ്യമിടുന്നത്.
സ്കൂൾ വിദ്യാഭ്യാസത്തിന് ബജറ്റിൽ 2024-25 ൽ 73008.1കോടി രൂപയിൽ നിന്ന് 2025-26 ൽ 78,572 കോടി രൂപയായി നേരിയ വർധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, ഈ വർധനവ് പണപ്പെരുപ്പവുമായി പൊരുത്തപ്പെടുന്നില്ല, മാത്രമല്ല മേഖലയുടെ വിപുലമായ ആവശ്യങ്ങൾ നിറവേറ്റാനും പര്യാപ്തമല്ല. ബിജെപി സർക്കാർ തന്നെ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ട് വെയ്ക്കുന്ന മൊത്തം ബജറ്റ് വിഹിതത്തിൽ ചുരുങ്ങിയത് ആറ് ശതമാനം സ്കൂൾ വിദ്യാഭ്യാസ മേഖലയ്ക്ക് എന്ന ശുപാർശയെ ബജറ്റ് നിരാകരിക്കുന്നു.
ഉച്ചഭക്ഷണ പദ്ധതിയ്ക്ക് 2024-25 ൽ 12,467 കോടി രൂപയാണ് നീക്കിവച്ചിരുന്നത്. 2025-26 ൽ അത് നേരിയ വർധനവോടെ 12,500 കോടി രൂപ ആയിട്ടുണ്ട്. എന്നാൽ രാജ്യം വലിയ വിലക്കയറ്റവും പണപ്പെരുപ്പവും നേരിടുന്ന സാഹചര്യത്തിൽ ഈ തുക ഒട്ടും പര്യാപ്തമല്ല.
നൈപുണ്യ വികസനത്തിന് ബജറ്റ് നൽകുന്ന ഊന്നൽ ദീർഘകാല അടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ളതല്ല. സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളെ ബജറ്റ് അവഗണിക്കുന്നു. ഭാവിയിലെ തൊഴിലവസരങ്ങൾക്കായി ഇന്ത്യയിലെ യുവാക്കളെ മികച്ച രീതിയിൽ സജ്ജമാക്കുന്നതിന് ശക്തമായ വിദ്യാഭ്യാസ അടിത്തറകൾ കെട്ടിപ്പടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കോടിക്കണക്കിന് കുട്ടികൾ സ്കൂളിൽ എത്താത്ത അല്ലെങ്കിൽ കൊഴിഞ്ഞു പോകുന്ന ഒരു രാജ്യത്ത് വിദ്യാഭ്യാസ മേഖലയ്ക്കായി കേന്ദ്ര ബജറ്റ് നീക്കിവച്ചിരിക്കുന്ന തുക തികച്ചും അപര്യാപ്തമാണ്.
