Skip to main content

കേന്ദ്ര ബജറ്റ് കോർപ്പറേറ്റ് പ്രീണനം മാത്രമാണ് ഉദ്ദേശം എന്ന് പ്രഖ്യാപിക്കുന്നത്

ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾക്കായി ചെറുവിരലനക്കാൻ തയ്യാറില്ല, കോർപ്പറേറ്റ് പ്രീണനം മാത്രമാണ് ഉദ്ദേശം എന്ന് പ്രഖ്യാപിക്കുന്ന ബജറ്റാണ് യൂണിയൻ ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞവർഷം ചെലവഴിക്കാനായി ബജറ്റിൽ വകയിരുത്തിയതിനെക്കാൾ 1.04 ലക്ഷം കോടി രൂപ കുറവാണ് യൂണിയൻ സർക്കാർ ചെലവഴിച്ചത് എന്ന് ബജറ്റ് രേഖയിലെ പുതുക്കിയ കണക്കുകൾ കാണിക്കുന്നു. താഴ്‌ന്ന വരുമാനക്കാരായ കോടിക്കണക്കിന് പണിയെടുക്കുന്നവരും തൊഴിലില്ലായ്‌മ മൂലം നട്ടം തിരിയുന്നവരും വിദ്യാർത്ഥികളുമെല്ലാം ഉൾപ്പെടെ വിവിധ വിഭാഗം ജനങ്ങളുടെ ഉന്നമനത്തിനായി ചെലവഴിക്കേണ്ട തുക ചെലവാക്കാതെ ധനക്കമ്മി കുറച്ചു എന്ന് മേനി നടിക്കുന്നത് അടിമുടി ജനവിരുദ്ധമായ ഒരു സർക്കാരിനു മാത്രം ചെയ്യാൻ കഴിയുന്നതാണ്. ഭക്ഷ്യ സബ്‌സിഡി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെല്ലാം വകയിരുത്തിയതിനെക്കാൾ വളരെ കുറവാണ് ചെലവിട്ടിരിക്കുന്നത്. അവശ്യസാധനങ്ങളുടെ വിലക്കയറ്റം മൂലം ദരിദ്രരും സാധാരണക്കാരും ബുദ്ധിമുട്ടുകയും മിക്ക സംസ്ഥാനങ്ങളിലും പൊതുവിദ്യാഭ്യാസ, പൊതുജനാരോഗ്യ മേഖലകൾ തീരെ നിലവാരമില്ലാതിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ചെലവ് വെട്ടിക്കുറച്ചിരിക്കുന്നത്.
രാജ്യത്തിന്റെ വളരെപ്രധാനപ്പെട്ട മേഖലയായ റയിൽവേക്കായി ഒരു ചില്ലിക്കാശുപോലും ഈ ബജറ്റ് കൂടുതലായി നീക്കിവച്ചിട്ടില്ല. നാണ്യപ്പെരുപ്പം കൂടി കണക്കാക്കിയാൽ വലിയ വെട്ടിക്കുറയ്ക്കലാണിത്. കഴിഞ്ഞ ബജറ്റിൽ നീക്കിവച്ചതിന്റെ പകുതിപോലും ചെലവാക്കിയിട്ടുമില്ല. ഇന്ത്യൻ റെയിൽവേയെ നശിപ്പിച്ച് സ്വകാര്യവൽക്കരിക്കാനുള്ള ശ്രമമാണിത്.
കൃഷിക്കായി വകയിരുത്തിയിരിക്കുന്നത് കഴിഞ്ഞ വർഷത്തെക്കാൾ കുറഞ്ഞ തുകയാണ്. കാർഷിക വിളകൾക്ക് ആദായകരമായ വില ലഭിക്കാതെ കൃഷിക്കാർ നട്ടം തിരിയുമ്പോൾ ന്യായമായ താങ്ങുവില എന്ന ആവശ്യത്തിനു നേരെ മുഖം തിരിച്ചു നിൽക്കുകയാണ് യൂണിയൻ സർക്കാർ.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായുള്ള വകയിരുത്തലും വലിയ തോതിൽ വെട്ടിക്കുറച്ചിരിക്കുന്നത് അപലപനീയമാണ്.
ആണവ മേഖലയും സ്വകാര്യകുത്തകൾക്ക് കൊടുക്കുവാനുള്ള തീരുമാനം എടുത്തിരിക്കുന്നു. അമേരിക്കൻ കുത്തകകൾക്കായി രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകൾ തുറന്നിടുകയാണ്. മോഡിയുടെ സുഹൃത്തായ ട്രമ്പിനെ സന്തോഷിപ്പിക്കാനാണ് ബജറ്റിൽ ശ്രമം.
ഇന്ത്യയിലെ തൊഴിലാളികളുടെ വേതനം കോവിഡിനു മുമ്പുണ്ടായിരുന്നതിനെക്കാൾ താഴ്‌ന്ന നിലയിലാണെന്ന് സാമ്പത്തിക അവലോകനം വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ അവരുടെ വരുമാനം വർദ്ധിപ്പിക്കണമെങ്കിൽ സർക്കാർ കൂടുതൽ ചെലവ് ചെയ്യേണ്ടതുണ്ട്. സാമ്പത്തിക വളർച്ച മെച്ചപ്പെടണമെങ്കിലും സാധാരണക്കാരുടെ വാങ്ങൽ ശേഷി വർദ്ധിപ്പിക്കേണ്ടതുണ്ട്. എന്നാൽ അതിനൊന്നും ഉതകുന്ന നയങ്ങളല്ല കേന്ദ്ര ബജറ്റ് മുന്നോട്ടു വയ്‌ക്കുന്നത്.
യൂണിയൻ ബജറ്റിൽ കേരളം നേരിട്ടിരിക്കുന്നത് കൊടിയ അവഗണനയാണ്. വയനാട് പുനരധിവാസത്തിനായി യൂണിയൻ സർക്കാർ ചില്ലിക്കാശുപോലും ഇതുവരെ തന്നിട്ടില്ല. സംസ്ഥാനങ്ങൾക്ക് കഴിഞ്ഞ വർഷത്തെ ബജറ്റിൽ വകയിരുത്തിയ തുകയെക്കാൾ 73,469 കോടി രൂപ കുറവാണ് യഥാർത്ഥത്തിൽ കൊടുത്തത് എന്ന് പുതുക്കിയ കണക്കുകൾ വെളിവാക്കുന്നു. സംസ്ഥാനങ്ങൾക്കുള്ള ഗ്രാന്റ്-ഇൻ-എയ്‌ഡ് ആയി കൊടുക്കാൻ വകയിരുത്തിയ തുകയെക്കാൾ 46,822 കോടി രൂപ കുറവാണ് കൊടുത്തിരിക്കുന്നത്. അതിന് ന്യായീകരണമായി, അങ്ങനെ കൊടുക്കേണ്ട ആവശ്യം ഉണ്ടായില്ല എന്ന് ബജറ്റ് രേഖയിൽ എഴുതിവയ്‌ക്കാനുള്ള ഉളുപ്പില്ലായ്‌മയും യൂണിയൻ സർക്കാർ കാണിച്ചു എന്നത് ശ്രദ്ധേയമാണ്. റബറിന് വിലസ്ഥിരതാ ഫണ്ട് പ്രഖ്യാപിക്കാനോ വന്യജീവി ആക്രമണങ്ങളെ നേരിടാൻ ആവശ്യമായ നടപടികൾ പ്രഖ്യാപിക്കാനോ ബിജെപി സർക്കാർ തയ്യാറായിട്ടില്ല. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 24000 കോടിയുടെ പ്രത്യേക സഹായം അനുവദിച്ചില്ല. എയിംസ് പോലെയുള്ള കാലങ്ങളായുള്ള ആവശ്യങ്ങളോട് പ്രതികരിച്ചിട്ടില്ല. കടമെടുപ്പ് പരിധിയുടെ കാര്യത്തിലും അനുകൂലമായ തീരുമാനമില്ല.
രാജ്യത്തെ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുന്നതും കേരളത്തെ ക്രൂരമായി അവഗണിക്കുന്നതുമാണ് ഈ ബജറ്റ്.
 

കൂടുതൽ ലേഖനങ്ങൾ

കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരം സ. പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരം പൊളിറ്റ്‌ ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. പോരാട്ടങ്ങളുടെ നാൾവഴികളിൽ കരുത്തായ അഴീക്കോടൻ സ്‌മാരക മന്ദിരത്തിന്റെ പുതിയ കെട്ടിടം പാർടി പ്രവർത്തനങ്ങൾക്ക്‌ കൂടുതൽ കരുത്തേകും.

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തൃശൂർ ജില്ലയിൽ പാർടിയുടെ കരുത്തുറ്റ മുഖമായിരുന്നു.

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും കുന്നംകുളം ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച സ. ബാബു എം പാലിശ്ശേരി തൃശ്ശൂർ ജില്ലയിലെ പാർടിയുടെ വളർച്ചയിൽ നൽകിയ സംഭാവന വിലപ്പെട്ടതാണ്.

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.