Skip to main content

പ്രിയ സഖാവ് എ വി റസലിന് രക്താഭിവാദ്യങ്ങൾ

തീക്ഷ്‌ണമായ സമരപോരാട്ടങ്ങൾ നയിച്ച ജനകീയ നേതാവിനെയാണ്‌ സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്‌. സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും നാടിനാകെയും നികത്താനാകാത്ത വിടവാണ്‌ റസലിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത്‌.

കൊല്ലം എസ്‌ എൻ കോളേജിൽ എസ്‌എഫ്‌ഐ പ്രവർത്തകനായും തുടർന്ന്‌ യുവജന പ്രവർത്തകനായും പൊതുരംഗത്തേയ്ക്ക്‌ കടന്നുവന്ന റസൽ അതിതീക്ഷ്‌ണ പോരാട്ടങ്ങൾക്കാണ്‌ നേതൃത്വം നൽകിയത്‌. കൂത്തുപറമ്പിലും മുത്തങ്ങയിലും യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ പൊലീസ്‌ നടത്തിയ നരവേട്ടയ്ക്കെതിരെ അതിശക്ത സമരങ്ങൾ നയിച്ച റസൽ ക്രൂരമായ പൊലീസ്‌ മർദനത്തിനും ഇരയായി. കള്ളക്കേസുകൾ ചുമത്തി ജയിലിലടച്ചിട്ടും റസൽ നിസ്വാർഥരായ മനുഷ്യർക്കായുള്ള പോരാട്ടം തുടർന്നു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയായിരിക്കെ ടി വി പുരം സെമിത്തേരി വിഷയത്തിൽ നടത്തിയ അത്യുജ്ജ്വല ഇടപെടലുകൾ നാട്‌ മറക്കില്ല. ഗ്രഹാം സ്റ്റെയിൻസിനെയും കുടുംബത്തെയും സംഘപരിവാറുകാർ ചുട്ടുകൊന്നപ്പോൾ യുവജനങ്ങളെ അണിനിരത്തി മതനിരപേക്ഷതയുടെ മുദ്രാവാക്യം ജനങ്ങളിലെത്തിക്കാനും നേതൃത്വം നൽകി.

സിപിഐ എം ജില്ലാ സെക്രട്ടറി, സിഐടിയു ജില്ലാ സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ്‌പ്രസിഡന്റ്‌, ജില്ലാ പഞ്ചായത്തംഗം എന്നീ നിലകളിലെല്ലാം നാടിന്റെ വികസനത്തിനും മുന്നേറ്റത്തിനുമായ ഇടപെടലുകൾ നടത്തി. സഹകാരിയെന്ന നിലയിൽ സഹകരണ മേഖലയിലും പ്രാവീണ്യം തെളിയിക്കാനായി. യുവജന സമരമുഖത്തെ അനുഭവങ്ങളുമായി പൊതുപ്രസ്ഥാനത്തിന്റെ ഭാഗമായ റസൽ കോട്ടയത്ത്‌ സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയാകെയും സുശക്തമായി നയിച്ചുവരികയായിരുന്നു. സിഐടിയു പ്രവർത്തകനും നേതാവുമായി തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളുടെ മുന്നണിയിലും റസൽ നിറഞ്ഞു നിന്നിരുന്നു.

സംഘടിതരും അസംഘടിതരുമായ മനുഷ്യരെ ചേർത്ത്‌ അവരുടെ അവകാശപോരാട്ടങ്ങളുടെ നേതൃത്വമായി മാറിയ സഖാവിന്റെ ആകസ്‌മിക വിയോഗം അതീവ ദുഃഖകരവും വേദനിപ്പിക്കുന്നതുമാണ്‌. അർബുദരോഗത്തെ ചെറുത്തും പൊതുപ്രവർത്തന രംഗത്ത്‌ സജീവമായി നിൽക്കവെയാണ്‌ അപ്രതീക്ഷിതമായി മരണം കടന്നുവന്നത്‌. ചികിത്സയിലായിരുന്ന റസലുമായി ഇന്നലെയും ആരോഗ്യ വിവരങ്ങൾ തിരക്കിയിരുന്നു. ആരോഗ്യം മെച്ചപ്പെടുന്നുവെന്നും ഉടൻ തിരിച്ചെത്തുമെന്നുമുള്ള ആത്മവിശ്വാസമായിരുന്നു അപ്പോൾ പങ്കുവെച്ചത്‌. ആശുപത്രിയിൽ പരിശോധന കഴിഞ്ഞ്‌ തിരിച്ചെത്തിയപ്പോഴുണ്ടായ ഹൃദയാഘാതമാണ്‌ അപ്രതീക്ഷിത വിയോഗത്തിന്‌ കാരണമായത്‌.

സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയെന്ന ചുമതലയിൽ സജീവമായിരിക്കുമ്പോഴുള്ള വിയോഗം പാർടിക്ക്‌ അപരിഹാര്യമായ നഷ്ടമാണ്‌. പാർടി സഖാക്കളുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും വേദനയിൽ ഒപ്പംചേരുന്നു.

പ്രിയ സഖാവിന്‌ രക്താഭിവാദ്യങ്ങൾ...

 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.